വാടകയ്ക്ക് താമസിക്കാന്‍ വീട് കണ്ടെത്തുന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ഇഷ്ടപ്പെട്ട വീട് കിട്ടിയാല്‍ വാടകയും സെക്യൂരിറ്റി ഡെപോസിറ്റും നമുക്ക് ചിലപ്പോള്‍ താങ്ങാന്‍ പറ്റുന്നതായിരിക്കില്ല. ഇത്തരത്തില്‍ പല കാരണങ്ങള്‍കൊണ്ട് വാടക വീട് അന്വേഷണം നീണ്ടുപോകാറുണ്ട്. അതുപോലെ ബെംഗളൂര് നഗരത്തില്‍ വാടക വീട് അന്വേഷിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു കനേഡിയന്‍ യുവാവ്.
ബെംഗളൂരിലെ വാടക നിയമങ്ങളെ കുറിച്ചും ഉയര്‍ന്ന സെക്യൂരിറ്റി ഡെപ്പോസിനെ കുറിച്ചുമാണ് കലേബ് ഫ്രിയേഴ്സണ് എന്ന യുവാവ് എക്സില്‍ കുറിപ്പ് പങ്കുവെച്ചത്. ദോല്മൂരിലെ ഡയമണ്ട് ഡിസ്ട്രിക്സിലെ ഒരു 3BHK അപാര്‍ട്മെന്റിന് വാടക പ്രതിമാസം 1.75 ലക്ഷം രൂപയാണെന്നും ഇതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 19.25 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഈ സെക്യൂരിറ്റി ഡെപ്പോസിറ്റാണ് തന്നെ അമ്പരപ്പിച്ചതെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
'സെക്യൂരിറ്റി ഡെപ്പോസിറ്റായി 19 ലക്ഷം രൂപ! ഈ അപാര്ട്മെന്റിന്റെ ഉടമകള്‍ എന്താണ് വിചാരിക്കുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ പൈസയ്ക്ക് എനിക്ക് ഒരു പുതിയ മഹീന്ദ്ര ഥാര്‍ വാങ്ങാന്‍ കഴിയും. ഇന്ദിരാ നഗറിലോ പരിസരത്തോ വാടക 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വരുന്ന വാടക വീട് ആര്‍ക്കെങ്കിലും അറിയുമോ? 2-3 മാസത്തെ വാടക മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റായി വരുന്ന സ്ഥലമുണ്ടെങ്കില്‍ അറിയിക്കുക.'-പ്രോപ്പര്‍ട്ടി ലിസ്റ്റിങ്ങിന്റെ ചിത്രം പങ്കുവെച്ച് യുവാവ് കുറിച്ചു.
നിമിഷനേരത്തിനുള്ളില്‍ ഈ പോസ്റ്റ് എക്സില്‍ വൈറലായി. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ കുറിപ്പ് കണ്ടത്. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റിനെ കുറിച്ചും വാടക നിരക്കുകളെ കുറിച്ചും ഒട്ടേറെപ്പേര്‍ പ്രതികരണവുമായെത്തി. 'നിങ്ങളുടെ ആവശ്യകതകള്‍ നിറവേറാന്‍ സാധ്യതയില്ലെന്ന് കരുതി തയ്യാറെടുക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയും. ഈ നഗരത്തില്‍ വീട് വാടകയ്ക്കെടുക്കുന്നത് ഒരു മാഫിയയാണ്.' ഒരു ഉപയോക്താവ് എഴുതി.
വീട് വാങ്ങുന്നത് പണത്തിന്റെ ദുരുപയോഗമാണെന്ന് ചില ഇന്‍ഫ്ളുവന്‍സര്‍മാര്‍ പറയുന്നത് ഇതുകൊണ്ടാണെന്നും പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി ഉയര്‍ന്ന തുക നല്‍കുന്നത് EMIകള്‍ നല്കുന്നതിനേക്കാള് നല്ലതാണെന്ന് അവര്‍ കരുതുന്നുവെന്നും ഒരാള്‍ കുറിച്ചു. 'ചെന്നൈ വിട്ട ശേഷം ബെംഗ്ലൂരിലേക്ക് മാറുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. എന്നാല്‍ ബെംഗളൂരിലുള്ള ആ ഓഫീസിലെ ആദ്യ റൗണ്ട് അഭിമുഖത്തിന് ശേഷം ഞാന്‍ പരിസരത്തുള്ള പ്രോപ്പര്‍ട്ടികള്‍ പരിശോധിച്ചു. അവയ്ക്കെല്ലാം എന്റെ ശമ്പളത്തേക്കാള്‍ കൂടുതല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ അവിടേക്ക്് മാറാനുള്ള ആശയം ഞാന്‍ ഉപേക്ഷിച്ചു.' ഒരു ഉപയോക്താവ് കുറിച്ചു. ഇതെല്ലാം ചെറുതാണെന്നും വാടകയുടെ 10 മടങ്ങാണ് ബെംഗളൂരുവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടതെന്നും ഒരാള്‍ കമന്റ് ചെയ്തു.
Content Highlights: canadian man stunned by bengalurus rental norms
Published: 29 Jun 2025, 02:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented