
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram video screen grabs
നിരവധി വിദേശികളാണ് ഓരോ വര്‍ഷവും വിനോദസഞ്ചാരത്തിനായി കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇവരില്‍ പലരും ഇന്‍ഫ്ളുവന്‍സര്‍മാരാണ്. ഇത്തരം വിദേശ ഇന്‍ഫ്ളുവന്‍സര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
എമ്മ എന്ന ബ്രിട്ടീഷ് യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുനിന്നാണ് വീഡിയോ ചിത്രീകരിച്ചത്. റോഡരികിലിരിക്കുകയായിരുന്ന ഏതാനും മലയാളി സ്ത്രീകളാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലെ ഒരു സ്ത്രീ അപ്രതീക്ഷിതമായി ഒരു കാര്യം എമ്മയോടും ഒപ്പമുള്ള അലക്സ് എന്നയാളോടും ചോദിച്ചതാണ് വീഡിയോയെ രസകരമാക്കി മാറ്റിയത്.
മലയാളി സ്ത്രീകള്‍ ഇവരോട് എവിടെനിന്നാണ് എന്ന് ചോദിച്ചു. ഇംഗ്ലണ്ടില്‍ നിന്നാണെന്ന് പറഞ്ഞതോടെ കളി മാറുകയായിരുന്നു. 'ഇംഗ്ലീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചു. നിധി, കുരുമുളക്... അങ്ങനെ എല്ലാം' എന്ന് മലയാളി വനിത പറഞ്ഞു. 'പക്ഷേ അവര്‍ ഇവിടെ നല്ല റെയില്‍വേ സംവിധാനം ഉണ്ടാക്കിയില്ലേ' എന്നും 'നിങ്ങള്‍ ഞങ്ങളുടെ പൂര്‍വികരോട് സംസാരിക്കൂ' എന്നും അലക്സ് ഇടയില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
എന്നാല്‍ മലയാളി വനിത വിടാന്‍ ഭാവമുണ്ടായിരുന്നില്ല. 'വിലമതിക്കാനാകാത്തതും അപൂര്‍വവുമായ രത്നമാണ് കോഹിനൂര്‍. നിങ്ങള്‍ ഇവിടെ നിന്ന് കൊള്ളയടിച്ചു. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കൂ.' എന്നാണ് തുടര്‍ന്ന് അവര്‍ പറഞ്ഞത്. 'ന്യായമായ ആവശ്യ'ത്തോട് അനുഭാവപൂര്ണമാണ് ഇത്തവണ എമ്മ പ്രതികരിച്ചത്. ഇക്കാര്യം താന്‍ ചാള്‍സ് രാജാവിനോട് പറയുകയും വിവരം അറിയിക്കുകയും ചെയ്യാമെന്ന് എമ്മ സ്ത്രീകളോട് പറഞ്ഞു. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടത്.
രസകരമായ ഈ സംഭാഷണത്തിനുശേഷം എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. താന്‍ ഇത് പ്രതീക്ഷിച്ചില്ല എന്ന് പിന്നീട് എമ്മ പറഞ്ഞു. ഈ രോഷം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്ന് എമ്മ വീഡിയോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൊളോണിയല്‍ കാലത്ത് സംഭവിച്ച കാര്യങ്ങള്‍ ഭയാനകമാണ്. കൂടുതല്‍ യാത്ര ചെയ്യുന്നതിനനുസരിച്ച് കൊളോണിയലിസത്തിന്റെ നിഴലുകള്‍ എത്ര വലുതാണെന്ന് മനസിലാകുന്നുവെന്നും ഈ സംഭവം തങ്ങളെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും എമ്മ കുറിച്ചു.
Content Highlights: Viral Video: British influencer Emma meets a Malayali woman in Thiruvananthapuram who demands the return of the Kohinoor diamond and other treasures
Published: 03 Nov 2025, 11:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented