കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസെടുത്തതിൽ വിശദീകരണ വീഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറായ ധന്യ. സോഷ്യൽ മീഡിയയിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യക്കെതിരെ കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസെടുത്തത്. ഈ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധന്യ.

To advertise here,

മദ്യപിച്ചിരുന്നോയെന്ന പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഉൾപ്പെടെ പരസ്യപ്പെടുത്തിയാണ് ധന്യ വിശദീകരണ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരു ബീയർ കഴിച്ചിരുന്നുവെന്നത് ഞാൻ നിഷേധിക്കുന്നില്ലെന്നും, അത് തെറ്റാണെന്നും സമ്മതിക്കുന്നുവെന്നും ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്നും ധന്യ വീഡിയോയിൽ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളെ പൂർണമായും തള്ളിക്കളയുകയാണിവർ.

മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു സാധാരണ വ്യക്തിക്ക് എങ്ങനെയാണോ പെറ്റി വരുന്നത് ആ പെറ്റി മാത്രമാണ് എനിക്കും വന്നിട്ടുള്ളത്. ജിവിതത്തിൽ ആരെയും മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. പോലീസ് പരിശോധനയ്ക്കിടെ വാഹനം പിടിച്ചെടുത്തു, വാഹനത്തിൽ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകൾ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതെന്നാണ് ധന്യ പറയുന്നത്.

‘പിടിച്ചതിലും വലുതാണ് മാളത്തിൽ എന്നുപറയുന്നത് പോലെയായിരുന്നു കാര്യങ്ങൾ. ഞാൻ ഒളിവിലാണെന്നും എന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെന്നും വാർത്ത കണ്ടു. വണ്ടിയിൽനിന്ന് എംഡിഎംഎ പിടിച്ചെന്നും ചിലർ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടെ ഒരു ബിയർ കഴിച്ചിരുന്നു. വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിർത്തിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പോലീസ് ചോദിച്ചു. ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോൾ അത് തെളിയുകയും ചെയ്തു.’ കോടതിയിൽ പെറ്റിയടച്ചാൽ മതിയെന്നു വളരെ വ്യക്തമായി പറഞ്ഞുവെന്നും ധന്യ വീഡിയോയിൽ പറയുന്നു.

‘ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പിന്നെ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പോലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെ ഉണ്ടായിരുന്നു. അയ്യപ്പ ബൈജുവൊന്നുമല്ല ഞാൻ. ഇനി ആവർത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്.’ അയാം വെരി വെരി സോറി എന്ന് പറഞ്ഞാണ് ധന്യ തന്റെ വിശദീകരണ വീഡിയോ അവസാനിപ്പിക്കുന്നത്.