വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ നടന്ന അസാധാരണമായ ഒരു വിവാഹമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർമാരായ രണ്ട് സഹോദരിമാരും അവരുടെ കസിനായ പെൺകുട്ടിയും തങ്ങളുടെ റീലുകൾ ചിത്രീകരിക്കുന്ന ക്യാമറാമാനായ യുവാവിനെ വിവാഹം ചെയ്തുകൊണ്ട് വാർത്തകളിൽ നിറയുകയാണ്. ഉത്തർപ്രദേശിലെ അംറോഹാ ജില്ലയിലാണ് സംഭവം. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഹസൻപുരിലെ ധൗരിയാ ഗ്രാമത്തിൽ നിന്നുള്ള സരോജ് (20), സവിതാ റാണി (19), സന്തോഷ് ഖദക്‌വംശി (18) എന്നിവരാണ് അടുത്ത ഗ്രാമമായ ശ്യാംപുരിയിൽ നിന്നുള്ള തങ്ങളുടെ ക്യാമറാമാനായ വികാസ് ഖദക്‌വംശിയെ വിവാഹം ചെയ്തത്. ഇതിൽ സരോജ് രണ്ടാം വർഷ ബി.ടെക് വിദ്യാർഥിനിയാണ്. ആറുമാസമായി വികാസ് ഇവരുടെ ക്യാമറാമാനാണ്. കൂടാതെ പലപ്പോഴും പെൺകുട്ടികളുടെ റീലുകളിൽ വികാസ് അവരുടെ ഭർത്താവായി അഭിനയിക്കാറുമുണ്ട്.
വിവാഹത്തിന്റെ വീഡിയോകൾ പെൺകുട്ടികൾ തന്നെയാണ് പുറത്തുവിട്ടത്. ചാമുണ്ഡമാതാ ക്ഷേത്രത്തിൽ നിന്നുള്ള വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് വൈറലായത്. പെൺകുട്ടികളുടെ നെറുകയിൽ വികാസ് സിന്ദൂരം അണിയിക്കുന്നത് ഉൾപ്പെടെ ദൃശ്യങ്ങളിൽ കാണാം. അതേസമയം ഇവരുടെ കുടുംബാംഗങ്ങൾ ആരും ചടങ്ങിൽ ഉണ്ടായിരുന്നില്ല.
എന്തുകൊണ്ടാണ് തങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പെൺകുട്ടികൾ വിശദീകരിച്ചു. വീട്ടുകാർ തങ്ങൾ മൂന്നുപേർക്കും വേറെ വിവാഹമാലോചിച്ചുവെന്നും എന്നാൽ തങ്ങൾക്ക് തമ്മിൽ പിരിയാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് പെൺകുട്ടികൾ പറയുന്നത്.
'ഞങ്ങൾ കുട്ടിക്കാലം മുതൽ ഒന്നിച്ചാണ് ജീവിച്ചത്. പിരിയുകയെന്നത് ഞങ്ങൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. വിവാഹം ഞങ്ങളെ തമ്മിൽ വേർപിരിക്കുമെന്ന് മനസിലായപ്പോൾ ജീവിതം അവസാനിപ്പിക്കാൻ പോലും ഒരുഘട്ടത്തിൽ ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട്, മരിക്കുന്നതിന് പകരം ഒരാളെ തന്നെ വിവാഹം ചെയ്ത് ഒന്നിച്ച് ജീവിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ എല്ലാവരും പ്രായപൂർത്തിയായവരാണ്. സ്വമേധയാ എടുത്ത തീരുമാനമാണ് ഇത്.' -സരോജ് പറഞ്ഞു.
മൂവരും തമ്മിലുള്ള വൈകാരികമായ അടുപ്പത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നതിനാലാണ് താൻ വിവാഹത്തിന് സമ്മതം മൂളിയതെന്ന് വികാസ് പറയുന്നു.
'ഈ മൂന്ന് സഹോദരിമാരും തമ്മിൽ എത്രത്തോളം ആഴത്തിലുള്ള അടുപ്പമാണുള്ളതെന്ന് എനിക്ക് അറിയാം. വിവാഹശേഷം വെവ്വേറെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അവർ എന്നോട് പലതവണ പറഞ്ഞിരുന്നു. അവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്. അവർ ഒന്നിച്ച് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. പരസ്പരസമ്മതത്തോടെയാണ് ഞങ്ങൾ നാലുപേരും ഈ തീരുമാനമെടുത്തത്. എല്ലാവരും ഞങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.' -വികാസ് പറഞ്ഞു
അതേസമയം വിവാഹത്തിന്റെ നിയമസാധുതയിൽ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദു വിവാഹനിയമപ്രകാരം ഈ വിവാഹത്തിന് സാധുതയില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. വിവാഹം നടന്ന ക്ഷേത്രത്തിന്റെ അധികൃതരും പൂജാരിയും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. വീഡിയോ വൈറലായതിന് പിന്നാലെ നാലുപേരുമായും അവരുടെ കുടുംബവുമായും സംസാരിച്ചുവെന്ന് ഹസൻപുർ സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിക്കുകയോ ഏതെങ്കിലും കുറ്റകൃത്യം നടന്നതായി കണ്ടെത്തുകയോ ചെയ്താൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Two sisters and their female cousin from Amroha, Uttar Pradesh, married their reel cameraman Vikas Khadagvanshi at a temple, stating they chose to marry the same person so they wouldn't have to separate, though legal experts point out the marriage lacks validity under the Hindu Marriage Act.
Published: 24 Jul 2026, 02:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented