വിവാഹവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കല്യാണത്തിന് ശേഷം കുടുംബക്കാര്‍ക്കിടയില്‍ ഇരുന്ന് ഗിറ്റാര്‍ വായിക്കുന്ന നവവധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. വീഡിയോ വൈറലായതോടെ പരമ്പരാഗത രീതിയില്‍ ഘൂംഘട്ട് (ഉത്തരേന്ത്യയില്‍ തുണി ഉപയോഗിച്ച് മുഖം മറയ്ക്കുന്നതിനെ വിളിക്കുന്നത്) ധരിച്ച് ഗിറ്റാര്‍ വായിക്കുന്നതിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

To advertise here,

വീഡിയോ കണ്ട ചിലര്‍ യുവതിയുടെ പ്രകടനത്തെ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ ആചാരത്തിന്റെ ഭാഗമായി മുഖം മറച്ചിരിക്കേണ്ട അവസ്ഥയെക്കുറിച്ചാണ് പ്രതികരിച്ചത്. 1997-ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റെ യെസ് ബോസ് എന്ന സിനിമയിലെ ഏക് ദിന്‍ ആപ് എന്ന ഗാനമാണ് യുവതി അവതരിപ്പിക്കുന്നത്. എന്നാല്‍ പാടുന്നതിനിടയില്‍ മുഖം കാണാതിരിക്കാന്‍ വേണ്ടി തലയിലൂടെ ധരിച്ച തുണി ശരിയാക്കുന്നതും ഗിറ്റാര്‍ സൗകര്യപൂര്‍വ്വം പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ യുവതിയുടെ മുഖത്തുള്ള തുണി മാറുന്നില്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടി അടുത്തിരിക്കുന്ന ഒരു സ്ത്രീ അവളെ സഹായിക്കുന്നുമുണ്ട്.

മുഖം മറയ്ക്കാന്‍ ബുദ്ധിമുട്ടിനിടയിലും യുവതി മനോഹരമായ പാട്ട് പാടി അവസാനിപ്പിക്കുന്നു. 13.5 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ആളുകള്‍ പല തരത്തിലാണ് പ്രതികരിക്കുന്നത്. യുവതിയുടെ ശബ്ദത്തേയും ആലാപനരീതിയേയും പുകഴ്ത്തിയ ചിലര്‍ അവള്‍ക്ക് ഗായികയാകാന്‍ ശ്രമിക്കാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിവുണ്ടായിട്ടും ചുറ്റുമിരിക്കുന്ന സ്ത്രീകള്‍ അവളുടെ മുഖം മറയ്ക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നാണ് വീഡിയോ കണ്ട മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഇവിടെ യുവതിയുടെ കഴിവുകള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കില്ല എന്നും അഭിപ്രായപ്പെട്ടവരുണ്ട്.