
രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം, പശ്ചാത്തലത്തിൽ ഹരിയാണയിലെ വോട്ട് അട്ടിമറിക്ക് ഉപയോഗിച്ച ബ്രസീലിയൻ മോഡൽ ലാറിസയുടെ ചിത്രം, ബ്രസീലിയൻ മോഡലും നടിയുമായ ലാറിസ ബൊണേസി | Photos: ANI, instagram.com/larissabonesi
കഴിഞ്ഞദിവസമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകള്‍ തെളിവ് സഹിതം പുറത്തുവിട്ടത്. രാഹുല്‍ പറഞ്ഞ കാര്യങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ബ്രസീലിയന്‍ മോഡലായ യുവതി 'വോട്ട് ചെയ്ത' സംഭവം. ഇവരുടെ ചിത്രം ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ 22 പേരുകള്‍ ചേര്‍ക്കുകയും പത്ത് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
മാത്യൂസ് ഫെററോ എന്ന ഫോട്ടോഗ്രാഫര്‍ ഒരു വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വോട്ട് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും പ്രതിപക്ഷനേതാവ് തെളിവ് സഹിതം പറഞ്ഞിരുന്നു. ലാറിസ എന്ന മോഡലിന്റെ ചിത്രമാണ് ഇത്. തന്റെ ചിത്രം തിരഞ്ഞെടുപ്പ് അട്ടിമറിക്കായി ദുരുപയോഗിച്ചതറിഞ്ഞ് ലാറിസ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ബ്രസീലിയന്‍ മോഡലായ ലാറിസ ബൊണേസിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറയ്ക്കുകയാണ് ഇന്ത്യക്കാര്‍. രാഹുല്‍ കഴിഞ്ഞദിവസം പങ്കുവെച്ചത് ഇവരുടെ ചിത്രം തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രസകരമായ നിരവധി കമന്റുകളാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
'നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രശസ്തയാണ്' എന്നാണ് ഒരാള്‍ കുറിച്ചത്. 'നിങ്ങളുടെ വോട്ട് പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ അത് 22 മടങ്ങ് ഗൗരവത്തിലെടുത്തു' എന്ന് മറ്റൊരാള്‍. ഇന്ത്യയിലെ പല സര്‍ക്കാരുകള്‍ക്കും പിന്നില്‍ നിങ്ങളാണ് എന്ന് മറ്റൊരു രസികന്‍ പറഞ്ഞു. ഇതിന് പുറമെ നിരവധി പേര് രാഹുല്‍ ഗാന്ധിയുടെ ജിഫ് ചിത്രങ്ങളും കമന്റിട്ടിട്ടുണ്ട്.
മലയാളികളും ലാറിസയുടെ പോസ്റ്റില്‍ കമന്റുകളിടുന്നുണ്ട്. 'കമന്റുകള്‍ വന്നു തുടങ്ങിയോന്നറിയാന് വന്നതാണ്' എന്നാണ് ഒരു കമന്റ്. 'വാര്‍ത്ത കണ്ട് തപ്പി വന്നതാണ്', 'ഞാന്‍ പോയി മലയാളികളെ വിളിച്ചു വരാം', 'ആരും തിരക്ക് കൂട്ടണ്ട കമന്റുകള്‍ വന്നു തുടങ്ങിയെ ഉള്ളു', 'മലയാളീസ് ഒരു ❤️ തരുമോ?' എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകള്‍.
ആരാണ് ലാറിസ?
ബ്രസീലില്‍ ജനിച്ച ലറീസ, ചെറുപ്പത്തില്‍ തന്നെ മോഡലിങ് തുടങ്ങി. 2011-ഓടെയാണ് കൂടുതല്‍ മോഡലിങ് അവസരങ്ങള്‍ക്കായി അവര്‍ മുംബൈയിലെത്തുന്നത്. അതേവര്‍ഷം തന്നെ 'ദേസീ ബോയ്സ്' എന്ന അക്ഷയ്കുമാര്‍ ചിത്രത്തിലെ 'സുബഹ് ഹോനെ നാ ദേ' എന്ന പാട്ടില്‍ ഐറ്റംഗേളായെത്തി.
രണ്ടുവര്‍ഷം കഴിഞ്ഞ് സെയ്ഫ് അലി ഖാന്റെ 'ഗോ ഗോവ ഗോണ്' എന്ന സിനിമയില്‍ വളരെ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതുകഴിഞ്ഞ് രണ്ട് തെലുഗുസിനിമകളില് അഭിനയിച്ചു. 'തിക്ക' എന്ന സിനിമയില്‍ സായ് ധരം തേജിന്റെ നായികയായിട്ടാണ് ലറീസ എത്തിയത്. അതുകഴിഞ്ഞ് 'നെക്സ്റ്റ് എന്റി' എന്ന സിനിമയിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. യോ യോ ഹണി സിങ്, ടെറന്‍സ് ലൂവിസ് തുടങ്ങിയവരുടെ മ്യൂസിക് വീഡിയോകളിലാണ് ലറീസ പ്രത്യക്ഷപ്പെട്ടത്.
ആര്യന് ഖാനുമായുള്ള ബന്ധം
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനുമായി ചേര്‍ത്ത് ലാറിസയുടെ പേര് പലതവണ തലക്കെട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് ആര്യന്-ലാറിസ ഡേറ്റിങ് വാര്‍ത്തകളുടെ ആധാരം. ആര്യന് ഖാനേക്കാള്‍ ഏഴ് വയസിന് മൂത്തയാളാണ് ലാറിസ. ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കുന്ന വീഡിയോയായിരുന്നു ഇത്.
കൂടാതെ ലാറിസയുടെ മുഴുവന്‍ കുടുംബാംഗങ്ങളേയും ആര്യന് ഖാന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി. ലാറിസയാകട്ടെ ഷാരൂഖ് ഖാനേയും ഭാര്യ ഗൗരി ഖാനേയും പിന്തുടരുന്നുണ്ട്. ലാറിസയുടെ അമ്മയുടെ പിറന്നാളിന് ആര്യന് ഖാന് സമ്മാനം അയക്കുകയും ചെയ്തിരുന്നു. ലാറിസയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
അടുത്തിടെ നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ ആര്യന് ഖാന്റെ ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരീസ് മുംബൈയില്‍ പ്രീമിയര്‍ ചെയ്തപ്പോള്‍ ലാറിസയും കാണാനെത്തിയിരുന്നു. നേരത്തേ സീരീസിന്റെ ടീസര്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആര്‍ക്കും പിടിച്ചുകെട്ടാന്‍ കഴിയാത്തയാള്‍, ലോകത്തെ നമ്പര്‍ വണ്‍ എന്നൊക്കെയാണ് ലാറിസ പോസ്റ്റില്‍ ആര്യനെ വിശേഷിപ്പിച്ചത്. ഈ പോസ്റ്റ് ആര്യന് റീഷെയര്‍ ചെയ്തതും വാര്‍ത്തയായിരുന്നു.
Published: 06 Nov 2025, 11:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented