ഹോളിവുഡിലെ താരദമ്പതിമാരായിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹബന്ധം പൂര്‍ണമായി വേര്‍പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. എട്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് താരങ്ങള്‍ വിവാഹമോചനം സംബന്ധിച്ച് ധാരണയിലെത്തിയത്. ആകെ എട്ട് കോടി ഡോളറിന്റെ (ഏകദേശം 682.5 കോടി ഇന്ത്യന്‍ രൂപ) ഇടപാടാണ് ബ്രാഡ് പിറ്റ്-ആഞ്ജലീന ജോളി വിവാഹമോചനത്തില്‍ നടന്നത്.

To advertise here,

എട്ടുവര്‍ഷത്തിനിടെ ഇപ്പോള്‍ തന്റെ വിവാഹമോചനം സംബന്ധിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബ്രാഡ് പിറ്റ്. ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ആഞ്ജലീനയുമായുള്ള വിവാഹമോചനം തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നാണ് ബ്രാഡ് പറഞ്ഞത്. എട്ടുവര്‍ഷം നീണ്ട വിവാഹമോചനത്തിന് ശേഷം ആശ്വാസം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. 

Also Read: രവി മോഹന്‍-ആരതി വിവാഹമോചനം: ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി ആരതിയുടെ പിതാവ്

'ഇല്ല, ഇതൊരു വലിയ കാര്യമായി ഞാന്‍ കരുതുന്നില്ല. ഒരു കാര്യം നിയമപരമായി ഫലം കാണുകയാണുണ്ടായത്. എന്റെ വ്യക്തിജീവിതം, അല്ലെങ്കില്‍ അതിന്റെ കുറച്ചുഭാഗം എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. കഴിഞ്ഞ 30 വര്‍ഷമായി അങ്ങനെയാണ്.' -ബ്രാഡ് പിറ്റ് പറഞ്ഞു. 

2004-ല്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് സ്മിത്ത് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. അന്ന് ബ്രാഡ് പിറ്റ് വിവാഹിതനായിരുന്നു. 2005-ല്‍ ബ്രാഡ് പിറ്റും ഭാര്യ ജെനിഫര്‍ അനിസ്റ്റണും വേര്‍പിരിഞ്ഞു. 2012-ല്‍ താരങ്ങളുടെ വിവാഹനിശ്ചയവും 2014-ല്‍ സ്വകാര്യ ചടങ്ങില്‍ വിവാഹവും നടന്നു. രണ്ടുവര്‍ഷത്തിനുശേഷം 2016-ലാണ് ആഞ്ജലീന വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

നിലവിൽ ലോസ് ആഞ്ജലസിലെ ജ്വല്ലറി എക്സിക്യുട്ടീവായ ഐനെസ് ദെ റമോണുമായി 2022 മുതൽ പ്രണയത്തിലാണ് ബ്രാഡ് പിറ്റ്.