ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടെ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിയുടെ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളെ ബഹിഷ്‌കരിച്ച് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയും അജിയോയും. തുര്‍ക്കിയിലെ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ഈ രണ്ട് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമുകളും നീക്കം ചെയ്തു. 

To advertise here,

തുര്‍ക്കി ബ്രാന്‍ഡായ ട്രെന്‍ഡിയോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏക കമ്പനിയാണ് മിന്ത്ര. സ്ത്രീകളുടെ വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്ക് പ്രശസ്തമായ ബ്രാന്‍ഡാണ് ട്രെന്‍ഡിയോള്‍. ചൈനീസ് കമ്പനിയായ ആലിബാബയാണ് ഇതിന്റെ മാതൃകമ്പനി. 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍തന്നെ മിന്ത്ര അതിന്റെ വെബ്‌സൈറ്റില്‍ നിന്ന് തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയോടെ എല്ലാ ഉത്പന്നങ്ങളും നീക്കം ചെയ്തതായി മിന്ത്രിയുടേയും അജിയോയുടേയും എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു. 

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള അജിയോ കോട്ടോണ്‍, എല്‍സി വൈകികി, മാവി തുടങ്ങിയ ഫാഷന്‍ ലേബലുകളുടെ വില്‍പന നിര്‍ത്തിവെച്ചു. ഇവയെല്ലാം സ്റ്റോക്കില്ല എന്നാണ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റിലയന്‍സ് തുര്‍ക്കിയിലെ ഓഫീസ് അടച്ചുപൂട്ടുകയും അജിയോയില്‍നിന്ന് എല്ലാ ടര്‍ക്കിഷ് ബ്രാന്റുകളും നീക്കം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയിലെ ടെക്‌സ്‌റ്റൈല്‍ കമ്പനിയായ ക്വാന്‍ച് ടെക്‌സ്‌റ്റൈലുമായുള്ള മുന്‍കാല പങ്കാളിത്തം ഇപ്പോഴത്തെ പ്രശ്‌നത്തിന് വളരെ മുന്‍പേ അവസാനിച്ചതായും കമ്പനി വ്യക്തമാക്കി.