കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലഴിക്കാനായി കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവ് ഇപ്പോള്‍ ഓരോ മാസവും സമ്പാദിക്കുന്നത് 56,000 രൂപ. ബെംഗളൂരു സ്വദേശിയായ ദീപേഷ് എന്ന യുവാവാണ് 40000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഡ്രൈവറായി മാറിയത്. വരുണ്‍ അഗര്‍വാള്‍ എന്ന സംരഭകനാണ് ദീപേഷിനെ കുറിച്ച് ലിങ്ക്ഡ്ഇന്നില്‍ കുറിപ്പ് പങ്കുവെച്ചത്.
എല്ലാ മാസവും ശമ്പളം ലഭിക്കുമായിരുന്നെങ്കിലും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതോടെ ദീപേഷ് ഊബര്‍ ഡ്രൈവറാകുകയായിരുന്നു. കുടുംബത്തിനും മനസമാധാനത്തിനും മുന്‍ഗണന നല്കാന് ആഗ്രഹിച്ചതിനാലാണ് അദ്ദേഹം മുഴുവന്‍ സമയ ക്യാബ് ഡ്രൈവറായതെന്ന് വരുണ്‍ അഗര്‍വാള്‍ പറയുന്നു.
സഹപ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തെ എതിര്‍ത്തെങ്കിലും ദീപേഷ് മുന്നോട്ടുപോകുകയായിരുന്നു. ഇപ്പോള്‍ ഒരു മാസം 21 ദിവസം ജോലി ചെയ്താല്‍ മതി. 56000 രൂപയോളം സമ്പാദിക്കാനും കഴിയും. ഇതിനിടയില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങാനുള്ള പണം ദീപേഷ് സ്വരൂപിക്കുകയും ചെയ്തു. ഇനി ഒരു ഡ്രൈവറെ നിയമിച്ച് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് ദീപേഷിന്റെ പദ്ധതി.
ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് ദീപേഷിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. സ്ഥിരമായ കോര്‍പറ്റേറ്റ് ജോലിയേക്കാള്‍ കുടുംബത്തിന് പ്രാധാന്യം നല്കിയ ദീപേഷിന്റെ ധൈര്യത്തെ സമ്മതിക്കണമെന്നായിരുന്നു ഒരു കമന്റ്. 'പലപ്പോഴും എല്ലാം മാറ്റിമറിക്കുന്നത് തിരിച്ചറിവിന്റെ നിമിഷമാണ്. ആ തിരിച്ചറിവ് എത്ര നേരത്തെ ഉണ്ടാകുന്നോ, അത്രയും എളുപ്പത്തില്‍ സമാധാനം കണ്ടെത്താനും നമ്മള് സ്നേഹിക്കുന്നവരുമായി കൂടുതല്‍ സന്തോഷകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിയും'.- മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Content Highlights: bengaluru man quits corporate job for balanced life ends up earning more as uber driver
Published: 17 Oct 2025, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented