മുൻ ഇംഗ്ലീഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ കുടുംബത്തിൽ പൊട്ടിത്തെറി. വീടിനുള്ളിലെ കലഹം പരസ്യമായതോടെ സാമൂഹികമാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. ഡേവിഡ് ബെക്കാമിനേയും ഭാര്യ വിക്‌ടോറിയാ ബെക്കാമിനേയും മകൻ ബ്രൂക്ക്‌ലിൻ ബെക്കാം ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തുവെന്നാണ് പുതിയ റിപ്പോർട്ട്. നേരത്തേ ഇരുവരും മകനെ അൺഫോളോ ചെയ്തുവെന്ന് പ്രചരിച്ചിരുന്നു.

To advertise here,

ഡേവിഡ് ബെക്കാമിന്റെ മറ്റൊരു മകനായ ക്രൂസ് ബെക്കാമാണ് ബ്രൂക്ക്‌ലിൻ മാതാപിതാക്കളെ ബ്ലോക്ക് ചെയ്ത കാര്യം സ്ഥിരീകരിച്ചത്. അൺഫോളോ ചെയ്ത വാർത്ത പങ്കുവെച്ചുകാണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇത് സത്യമല്ല. എന്റെ അമ്മയും അച്ഛനും ഒരിക്കലും അവരുടെ മകനെ അൺഫോളോ ചെയ്തിട്ടില്ല. വസ്തുതകൾ ശരിയായി പറയാം. എന്നെ ബ്ലോക്ക് ചെയ്തപോലെ അവരേയും ബ്ലോക്ക് ചെയ്തതാണ്.' -ഇതാണ് ക്രൂസ് കുറിച്ചത്.

നേരത്തേ ഫോട്ടോഗ്രാഫറും ഇപ്പോൾ സംരംഭകനുമായ 26-കാരൻ ബ്രൂക്ക്‌ലിൻ ഇത്തവണത്തെ ക്രിസ്മസ് ഭാര്യ നിക്കോളാ പെൽറ്റ്‌സിന്റെ ശതകോടീശ്വരന്മാരായ മാതാപിതാക്കൾക്കൊപ്പമാണ് ആഘോഷിക്കുന്നത് എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബ്രൂക്ക്‌ലിനും നടിയായ നിക്കോളയും 2022-ലാണ് വിവാഹിതരായത്. ഫ്‌ളോറിഡയിലെ പാം ബീച്ചിൽ നടന്ന ആ വിവാഹം മുതലാണ് കുടുംബത്തിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്.

വിവാഹത്തിന് വിക്ടോറിയ ഡിസൈൻ ചെയ്ത വസ്ത്രം ധരിക്കാൻ നിക്കോള വിസമ്മതിച്ചതാണ് ഭിന്നതയ്ക്ക് കാരണമായതെന്നാണ് അഭ്യൂഹം. കൂടാതെ വിവാഹ ചടങ്ങിലെ നൃത്തം വിക്ടോറിയ 'ഹൈജാക്ക്' ചെയ്തുവെന്നതും ഇതിന് കാരണമായി പറയുന്നു. ഗായകൻ മാർക്ക് ആന്റണിയുടെ ഗാനത്തിന് ഒന്നിച്ച് നൃത്തം ചെയ്യാനായിരുന്നു നവദമ്പതിമാരുടെ പദ്ധതി. എന്നാൽ നിക്കോളയെ മാറ്റിനിർത്തി വിക്ടോറിയാ ബെക്കാം മകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

കഴിഞ്ഞ മേയ് മാസത്തിൽ ഡേവിഡ് ബെക്കാമിന്റെ 50-ാം പിറന്നാളാഘോഷത്തിലും കുടുംബത്തിലെ ഭിന്നത പ്രകടമായിരുന്നു. ലണ്ടനിൽ നടന്ന താരനിബിഡമായ ആഘോഷത്തിൽ ഡേവിഡിന്റെ ഭാര്യ വിക്ടോറിയയും മക്കളായ ക്രൂസും റോമിയോയും ഹാർപ്പറുമെല്ലാമുണ്ടായിരുന്നു. എന്നാൽ ക്ഷണമുണ്ടായിട്ടുപോലും ബെക്കാമിന്റെ മകൻ ബ്രൂക്ക്‌ലിനും ഭാര്യ നിക്കോളയും ചടങ്ങിനെത്താതിരുന്നത് ഏവരും ശ്രദ്ധിച്ചിരുന്നു.

എന്നാൽ സഹോദരൻ റോമിയോയുടെ കാമുകി കിം ടേൺബുൾ മുമ്പ് ബ്രൂക്ക്‌ലിന്റെ കാമുകിയായിരുന്നു എന്നൊരു കിംവദന്തി പ്രചാരത്തിലുണ്ട്. ഇതാണ് ബ്രൂക്ക്‌ലിനും കുടുംബവും പിറന്നാളാഘോഷത്തിന് വരാത്തതിന് പിന്നിലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കിം ടേൺബുൾ ഇത് നിഷേധിച്ചിട്ടുണ്ട്.