കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ആര്യയുടേയും ഡിജെ സിബിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. ഈ സന്തോഷവാര്‍ത്ത ആര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ആര്യക്കും സിബിനും ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരി അഞ്ജന സതീഷ്.

To advertise here,

തനിക്ക് അമ്മയോളം പ്രിയപ്പെട്ടവളാണ് ആര്യയെന്നും കുറേ വര്‍ഷങ്ങളായുള്ള തന്റെ തീവ്രമായ ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും അഞ്ജന കുറിച്ചു. അച്ഛനും ഈ ദിവസത്തിനായി കാത്തിരുന്നിരുന്നുവെന്നും അദ്ദേഹം ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും അഞ്ജന പറയുന്നു.

അഞ്ജനയുടെ കുറിപ്പ്

'ഒരുപക്ഷേ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തെ വ്യക്തിയായിരിക്കും ഞാന്‍. എനിക്ക് ഇത് വളരേയധികം പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരുന്നു. എന്റെ 'കോര്‍ മെമ്മറി' എന്നു തന്നെ പറയാം. അതുകൊണ്ടാണ് ഇത്രയും സമയമെടുത്തത്. നിങ്ങള്‍ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടക്കുമെന്ന് പറയാറില്ലേ. അതുപോലെ ഞാന്‍ വര്‍ഷങ്ങളായി തീവ്രമായി ആഗ്രഹിച്ച കാര്യമാണിത്. അവളുടെ വിവാഹദിനം. ഒടുവില്‍ അത് സംഭവിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസമാണ്. 

ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി കാത്തിരുന്ന മറ്റൊരാളുണ്ടായിരുന്നു. അച്ഛന്‍. ഇപ്പോള്‍ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാകും. നീയെനിക്ക് നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ലെന്ന് അറിയുമ്പോള്‍, അച്ഛന്‍ പറയുന്നതുപോലെ നീയൊരു കുടുംബജീവിതം തുടങ്ങുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഒരു കാര്യം പറയാം. എന്തൊക്കെ സംഭവിച്ചാലും എപ്പോഴും നിന്റെ കൂടെ ഞാനുണ്ടാകും.'