സാമൂഹികമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട് നടിയും നർത്തകിയുമായ ആര്യ പാർവതിക്ക്. വീട്ടുകാര്യങ്ങളും അനുജത്തി പാലുവെന്ന ആദ്യ പാർവതിയുടെ വിശേഷങ്ങളും ആര്യ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കാറുണ്ട്. ആര്യ പാര്‍വതിയുടെ 24-ാമത്തെ വയസ്സിലാണ് പാലുവുണ്ടാവുന്നത്. തൻ്റെ ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് പാലുവെന്ന് ആര്യ പറയുന്നു. എന്നാൽ പലപ്പോഴും നെഗറ്റീവ് കമൻ്റുകൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ടെന്ന് ആര്യ പറയുന്നു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ വി.ആർ.രജനീഷിനു നൽകിയ അഭിമുഖത്തിലാണ് പാലുവിനെ കുറിച്ചും നെഗറ്റീവ് കമൻ്റുകളെ കുറിച്ചും ആര്യയും അമ്മ ദീപ്തിയും മനസ്സുതുറന്നത്. 

To advertise here,

ഗർഭിണിയാണെന്നറിയുമ്പോൾ അമ്മയ്ക്ക് 46 വയസ്സായിരുന്നു. എന്നോടാദ്യം മറച്ചു വെച്ചു ഈ വാര്‍ത്ത. കോളേജില്‍ പഠിക്കുന്ന സമയത്ത് ഡാന്‍സ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു ഞാന്‍. ഇടയ്ക്ക് വന്ന് പോകുമ്പോള്‍ അമ്മയ്ക്ക് ചെറിയ വയറുണ്ട്. അന്ന് ഞാന്‍ കളിയാക്കിയപ്പോള്‍ അമ്മ ദേഷ്യപ്പെട്ടു. പിന്നീട് അച്ഛൻ ഫോണിലൂടെയാണ് എന്നോട് വിവരം പറയുന്നത്. ഇത്രയും വര്‍ഷം ഒറ്റ മോളായിരുന്നിട്ട് ഞാനെങ്ങനെ പ്രതികരിക്കുമെന്നോർത്തായിരുന്നു അമ്മയ്ക്ക് പേടി, ആര്യ പറയുന്നു.

ആര്യയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് മറച്ചുവെച്ചതെന്ന് അമ്മ ദീപ്തി പറയുന്നു 23 വര്‍ഷം ഒറ്റയ്ക്ക് ജീവിച്ച ഒരു കുഞ്ഞിനോട് പെട്ടെന്ന് വീട്ടിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന് പറയുമ്പോള്‍ എല്ലാ കുട്ടികളും ഉള്‍കൊള്ളണമെന്നില്ല. പൊസസീവ്‌നെസ് ഒക്കെയുണ്ടാവും. അപ്പോള്‍ കുട്ടി എങ്ങനെ റിയാക്ട് ചെയ്യുമെന്ന് എനിക്ക് ഭയമായിരുന്നു. ഒന്നാമത് എന്റെ കൂടെയില്ല, വീട്ടില്‍ നിന്ന് ദൂരെയാണ്. ബന്ധുക്കളെന്ത് പറയും,സമൂഹം എന്ത് പറയുന്നു എന്നൊന്നും എനിക്ക് വിഷയമല്ല. അവള്‍ അതിനെ പോസീറ്റീവായി എടുത്തതില്‍ സന്തോഷം. ഇതുപോലെ ഗർഭിണിയാണ് എന്ന് പറഞ്ഞതിന് മോന്‍ ഉപദ്രവിക്കാന്‍ വന്നു എന്നൊക്കെ എന്നോട്  പറഞ്ഞ മാതാപിതാക്കളുണ്ട്,ദീപ്തി പറയുന്നു.

ഹാപ്പി ആണോ അതോ അഡ്ജസ്റ്റ് ചെയ്യുകയാണോ എന്നൊക്കെ ചോദിച്ച് ഒരുപാട് മെസേജുകള്‍ വന്നു. എനിക്ക് എന്റെ അമ്മയുടെ ഡെലിവറി കണ്ട ശേഷം അമ്മയോട് തര്‍ക്കുത്തരം പറയാന്‍ മടിയാണെന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. എല്ലാ മക്കള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല അമ്മയുടെ ഡെലിവറി നേരിട്ട് കാണാന്‍ പറ്റുകയെന്നത്. അവിടെ കണ്ട കാഴ്ചകളെല്ലാം നേരിട്ട് കണ്ടാല്‍ ഒരു മക്കളും അമ്മയോട് കയര്‍ത്ത് ഒരു വാക്ക് പോലും പറയില്ല. പാലു എനിക്ക് വൈകി വന്ന സന്തോഷമാണ്. അവളെ മിസ് ചെയ്യുമ്പോൾ വിഷമം വരും. ഒരു സ്പർശനത്തിന് വരെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞത് അവൾ വന്നതിനു ശേഷമാണ്. എനിക്ക് ലഭിച്ച അനുഗ്രഹമാണവൾ.

അച്ഛനേയും അമ്മയേയും ചേര്‍ത്ത് മോശം കമന്റുകള്‍ വന്നിരുന്നു. പാലു വന്നതിനു ശേഷം അതേ ആളുകള്‍ തന്നെയാവും നല്ല കമന്റുകളിട്ടു. കിളവിക്ക് കുറേ വര്‍ഷം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായി പിന്നെ ഈ പെണ്ണിന് ഈ കൊച്ച് ഒരു ഭാരമല്ലേ എന്നൊക്കെ കമന്റിടുന്നവരുണ്ട്. ഇവള്‍ കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ ഈ കുട്ടി അനാഥയാവില്ലേ എന്നൊക്കെയാണ് കമന്റ്. കുറെയൊക്കെ അമ്മ കാണണ്ട കരുതി ഞാന്‍ ഡിലീറ്റ് ചെയ്യും. റിപ്ലൈ കൊടുക്കാന്‍ നിന്നാല്‍ അതിനേ നേരം കാണൂ, ആര്യ പറഞ്ഞു.

കണ്ട് വിഷമിച്ചോ എന്ന് പറഞ്ഞ് ആ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് തനിക്ക് അയക്കുന്നവരുണ്ടെന്ന് ദീപ്തി പറയുന്നു. കുഞ്ഞുങ്ങളുണ്ടാകുന്നത് നമ്മുടെ കൈയിലല്ല. അതൊക്കെ ദൈവനിശ്ചയമാണ്. എത്രയോ പേര് കുഞ്ഞുങ്ങളില്ലാത്തവരുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയ അനുഗ്രഹമല്ലേ ഇത്. 19 വയസ്സില്‍ ഒന്നും അറിയാത്ത പ്രായത്തില്‍ ആര്യ വന്നു, 46 വയസ്സില്‍ ജീവിതയാത്രയുടെ അനുഭവങ്ങളും പാഠങ്ങളെല്ലാം അറിഞ്ഞ ശേഷം പാലു വന്നു. അതല്ലാതെ ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല,ദീപ്തി പറഞ്ഞു.