ഓഗസ്റ്റ് 20-ന് ആയിരുന്നു നടിയും അവതാരകയുമായ ആര്യയുടേയും ഡിജെയായ സിബിന്‍ ബെഞ്ചമിന്റേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടത്തിയത്. വിവാഹത്തിന് മുമ്പ് മെഹന്ദി ചടങ്ങും സംഗീത് നൈറ്റുമുണ്ടായിരുന്നു. സംഗീത് നൈറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

To advertise here,

ഏഴ് വര്‍ഷം മുമ്പ് മരിച്ച അച്ഛന്‍ സതീഷ് ബാബുവിന്റെ എഐ വീഡിയോ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി കാണിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ ആര്യ കരയുന്നതാണ് വീഡിയോയിലുള്ളത്. അച്ഛന്‍ ആര്യയ്ക്ക് വിവാഹാശംസ നേരുന്നതാണ് എഐ വീഡിയോയിലുണ്ടായിരുന്നത്. ഇത് കണ്ട് ആര്യ കരയുന്നതും സിബിന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 2018 നവംബര്‍ 14-നാണ് ആര്യയുടെ അച്ഛന്‍ വിട്ടുപിരിഞ്ഞത്.

നേരത്തെ മകള്‍ ഖുഷിയുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക് വരുന്ന ആര്യയുടെ ചിത്രങ്ങളും വീഡിയോയും ചര്‍ച്ചയായിരുന്നു. ആര്യയ്ക്ക് സിബിന്‍ താലി ചാര്‍ത്തിയപ്പോഴും വേദിയില്‍ ചിരിയോടെ ഖുഷിയുണ്ടായിരുന്നു. ആര്യയുടെ ആദ്യവിവാഹത്തിലെ മകളാണ് 12 വയസുകാരിയായ ഖുഷി. സിബിന്റേയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തില്‍ സിബിനും ഒരു ആണ്‍കുഞ്ഞുണ്ട്. 

കഴിഞ്ഞ മെയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആര്യയും സിബിനും തങ്ങള്‍ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു എന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.