രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് നടിയും അവതാരകയുമായ ആര്യയും കൊറിയോഗ്രാഫറും ഡിജെയുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായത്. വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ആര്യ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ഇരുവരുടേയും സംഗീത് പരിപാടിക്കിടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

To advertise here,

ആര്യയുടെ മകള്‍ ഖുഷിയും നടി ദിവ്യപ്രഭയും നൃത്തം ചെയ്യുന്ന വീഡിയോയാണിത്. ചിത്ത എന്ന സിനിമയിലെ 'ഉനക്ക് താന്‍' എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്. സിബിനുവേണ്ടി നൃത്തം ചെയ്യുന്ന ഖുഷി ഇതിനിടയില്‍ വേദിയില്‍ നിന്നിറങ്ങി സിബിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് ആര്യ കരയുന്നതും ആര്യയെ നടി ശില്‍പ ബാല ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. 

ആര്യയുടെ സുഹൃത്ത് കൂടിയായ ശില്‍പ ബാലയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 'നിങ്ങള്‍ക്ക് പറയാന്‍ കഴിയാത്ത, എന്നാല്‍ സാക്ഷിയാകാന്‍ കഴിയുന്ന ചില കഥകളുണ്ട്. എന്തൊരു മനോഹരമായ രാത്രിയായിരുന്നു അത്. ഹൃദയത്തെ സന്തോഷിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിക്കുകയും മനസ് നിറയ്ക്കുകയും ചെയ്യുന്ന ഓര്‍മകള്‍ നിറഞ്ഞൊരു രാത്രി. ആര്യയുടേയും സിബിന്റേയും ഖുഷിയുടേയും ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും നിറയട്ടെ'- വീഡിയോയ്‌ക്കൊപ്പം ശില്‍പ ബാല കുറിച്ചു.

ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നിലവില്‍ 28 ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഒട്ടേറെപ്പേര്‍ ആര്യയ്ക്കും സിബിനും ഖുഷിക്കും ആശംസ നേര്‍ന്ന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.