ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാരംഗത്തെ മിന്നും താരമായിരുന്നു അരവിന്ദ് സാമി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയപ്പോഴും അരവിന്ദ് സാമിക്ക് അതേ സ്വീകരണം പ്രേക്ഷകര്‍ നല്‍കി. തന്റെ ജീവിതത്തില്‍ ആരോ​ഗ്യപ്രശ്നത്തിലൂടെ കടന്നുപോയ കാലത്തേക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അരവിന്ദ് സാമി ഇപ്പോൾ. പുതിയ സിനിമയായ മെയ്യഴകന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് അദ്ദേഹം ഒരു മാധ്യമത്തോട് ഇതേക്കുറിച്ച് മനസ് തുറന്നത്. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായതിനേക്കുറിച്ചും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനായി ബുദ്ധിമുട്ടിയതിനേക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു

To advertise here,

കിടപ്പിലായിരുന്ന ദുരിതകാലത്തെ കുറിച്ച് വേദനയോടെയാണ് അദ്ദേഹം ഓര്‍ക്കുന്നത്. എനിക്ക് നട്ടെല്ലിന് ഒരു പരിക്ക് പറ്റിയിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ കിടപ്പിലായിരുന്നു. കാലുകള്‍ പാതി തളര്‍ന്ന അവസ്ഥയിലായില്‍ വളരെയധികം ദുരിതം നേരിട്ടു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കഠിനമായ വേദന സഹിച്ചുകൊണ്ടായിരുന്നു. കുളിക്കാനായി നില്‍ക്കുക എന്നതുപോലും ഓര്‍ക്കാനാവില്ല. കുളിക്കുന്നതിനിടെ രണ്ട് മൂന്ന് വട്ടം ഇരുന്ന് വിശ്രമിച്ചാണ് കുളി പൂര്‍ത്തിയാക്കിയിരുന്നത്. കൈകാലുകള്‍ക്ക് ചലനശേഷി നഷ്ടമാവുമ്പോള്‍ ആ അവസ്ഥ നിങ്ങള്‍ക്ക് വേറിട്ട കാഴ്ച്ചപാടുകളാണ് നല്‍കുക. ഓടാനും ചാടാനും കഴിയുന്നത് വലിയൊരു കാര്യമായി നമുക്ക് തോന്നും- അരവിന്ദ് സാമി പറയുന്നു

സംവിധായകന്‍ മണിരത്‌നമാണ് തന്നെ സിനിമയിലേക്ക് വീണ്ടും കൊണ്ടു വന്നതെന്ന് അരവിന്ദ് സാമി പറഞ്ഞു. പതിമൂന്ന് വര്‍ഷത്തോളം ഞാന്‍ സിനിമ മേഖലയില്‍ നിന്ന് വിട്ടുനിന്നു. ഒരു തിരിച്ചുവരവിന് ആഗ്രഹിച്ചതുമില്ല. മണിരത്‌നം സാറാണ് വീണ്ടും ഒരവസരം നല്‍കിയത്. അലൈയ്പായുതേ, കടല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം നിരവധി കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചു. നിങ്ങള്‍ ഇത് ചെയ്യാന്‍ പറ്റില്ലെന്ന് ആളുകള്‍ പറയുമ്പോള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്ത് കാണിക്കണം. - അരവിന്ദ് സാമി വ്യക്തമാക്കി.

കടല്‍ എന്ന ചിത്രത്തിലേക്ക് അവസരം വന്നപ്പോള്‍ അതിനെ വെല്ലുവിളിയായി കണ്ട് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റെല്ലാ ഹിറ്റ് ചിത്രങ്ങളെക്കാളും ഇക്കാരണങ്ങളാല്‍ കടല്‍ എനിക്ക് പ്രിയപ്പെട്ട ചിത്രമാണ്. വ്യക്തിപരമായി എന്നെ ഉയര്‍ത്തി കൊണ്ടുവന്നത് കടല്‍ എന്ന ചിത്രമാണ്. അതിന് ശേഷം രണ്ട് ഹാഫ് മാരത്തോണില്‍ ഞാന്‍ പങ്കെടുത്തു. കിടപ്പിലായിരുന്ന ഞാന്‍ മാരത്തോണ്‍ ഓടുക എന്നത് എന്നെ സംബന്ധിച്ച് മാനസികമായ പുനരുജ്ജീവന പ്രവര്‍ത്തനമായിരുന്നു- അദ്ദേഹം കൂട്ടിചേര്‍ത്തു.