ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകനും ഐപിഎൽ താരവുമായ അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കുമായുള്ള വിവാഹത്തിന്റെ് തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. മാർച്ച് അഞ്ചിനാണ് വിവാഹം. ഇതിന് മുന്നോടിയായി നടന്ന മെഹന്തി ചടങ്ങിന്റെ ദൃശ്യങ്ങൾ അതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

To advertise here,

തെണ്ടുൽക്കർ - ചന്ദ്‌ഹോക് കുടുംബങ്ങൾ ചേർന്നാണ് വിപുലമായ മെഹന്ദി ചടങ്ങ് നടത്തിയത്. യുവരാജ് സിങ്ങും ഭാര്യ ഹാസലും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് വിവരം. വിവാഹ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയ പ്രമുഖരെ സച്ചിൻ ക്ഷണിച്ചിട്ടുണ്ട്.

അർജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം 2025 ഓഗസ്റ്റിൽതന്നെ നടന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിൽനിന്ന് ലക്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് അടുത്തിടെ എത്തിയ അർജുൻ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സർക്യൂട്ടിലെ സ്ഥിരം സാന്നിധ്യമാണ്.

സംരംഭകയായ സാനിയ അറിയപ്പെടുന്ന കുടുംബ പശ്ചാത്തലമുള്ള വ്യക്തിയാണ്. പ്രമുഖ മുംബൈ വ്യവസായി രവി ഘായിയുടെ കൊച്ചുമകളായ സാനിയ കുറച്ചുകാലമായി തെണ്ടുൽക്കർ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തി വരികയാണ്.

'മകൻ ഒരു പെൺകുട്ടിയെ പരിചയപ്പെടുത്താൻ വീട്ടിൽ കൊണ്ടുവരുമ്പോൾ, അവൻ വളർന്നു എന്ന് നിങ്ങൾക്ക് മനസ്സിലാകും. അവർ വളരെയധികം സ്‌നേഹിക്കുന്നു. അർജുൻ, നിന്നെ അത്രയധികം സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തിയതിൽ ഞാൻ അഭിമാനിക്കുന്നു,- ഒരു ചടങ്ങിൽ സച്ചിൻ അടുത്തിടെ പറഞ്ഞിരുന്നു.