നടൻ പർമീത് സേഥിയുമായുള്ള പ്രണയകാലത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അർച്ചന പുരാൻ സിങ്ങ്. തങ്ങൾ ഡേറ്റിങ് തുടങ്ങിയപ്പോൾ ആ ബന്ധം വിവാഹത്തിലേക്കെത്തുമെന്ന് കരുതിയിരുന്നില്ലെന്നും പർമീതിന് തന്നേക്കാൾ ഏഴ് വയസ് കുറവാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അർച്ചന പറയുന്നു. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അവർ ഇക്കാര്യങ്ങൾ പറയുന്നത്.

To advertise here,

'അന്ന് പ്രണയബന്ധങ്ങളുള്ള നടിമാർക്ക് അത്ര വിജയകരമായ കരിയർ ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ തുടക്കത്തിൽ പ്രണയം അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. അത് വിവാഹത്തിലെത്തുമെന്ന് സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല. ഒന്നാമതായി പർമീത് എന്നേക്കാൾ വളരെ ചെറുപ്പമായിരുന്നു. അത് വളരെ വൈകിയാണ് ഞാൻ അറിയുന്നത്. എന്റെ അതേ പ്രായമാണ് പർമീതിനും എന്നാണ് ഞാൻ കരുതിയിരുന്നത്. ആദ്യമായി കാണുമ്പോൾ ആരും പ്രായം ചോദിക്കില്ലല്ലോ.

ഞാൻ വളരെ വൈകിയാണ് അത് ചോദിച്ചത്, 'നിനക്ക് എത്ര വയസ്സുണ്ട്?' അപ്പോൾ പർമീത് പറഞ്ഞു, എന്നേക്കാൾ 5 വയസ്സ് കുറവാണെന്ന്. ഞാൻ ഞെട്ടിപ്പോയി. അന്ന് പ്രായക്കൂടുതലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. സമയം കടന്നുപോയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. പർമീതിന് എന്നേക്കാൾ ആറ് വയസ്സ് കുറവാണെന്ന് പറഞ്ഞു. അതുകേട്ട് ഞാൻ ബോധം കെട്ട് വീണു. അയാൾ ഇതിലും ചെറുപ്പമായിരുന്നെങ്കിൽ ഞാൻ ഇത് ഉപേക്ഷിക്കുമായിരുന്നു എന്ന് സ്വയം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് പർമീതിന് എന്നേക്കാൾ ഏഴ് വയസ്സ് കുറവാണെന്ന് വെളിപ്പെടുത്തി. ആ സത്യം അംഗീകരിക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു.'-അർച്ചന പറയുന്നു.

17 വയസുള്ളപ്പോൾ ജോലി ചെയ്യാൻ തുടങ്ങിയ പർമീത് ഏറെ പക്വതയുള്ള വ്യക്തിയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 1992-ലാണ് ഇരുവരും വിവാഹിതരായത്. രഹസ്യമായിട്ടായിരുന്നു ചടങ്ങുകൾ. അതും കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹം പരസ്യമാക്കിയത്.