നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൂറയ്ക്കും കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞാണ് ഇരുവര്‍ക്കും ജനിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

അര്‍ബാസ് ഖാന്റെ രണ്ടാമത്തെ കുഞ്ഞാണിത്. നടി മലൈക അറോറയുമായുള്ള ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിന് 22 വയസ്സുള്ള അര്‍ഹാന്‍ ഖാന്‍ എന്ന മകനുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ബാസ് ഖാന്‍ ഷൂറയ്ക്കായി ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. നടനും അര്‍ബാസിന്റെ സഹോദരനുമായ സല്‍മാന്‍ ഖാന്‍, അര്‍ഹാന്‍ എന്നിവരുള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

2023 ഡിസംബറിലാണ് അര്‍ബാസും ഷൂറയും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. അര്‍ബാസിനേക്കാള്‍ 23 വയസ് കുറവാണ് ഷൂറയ്ക്ക്. ബോംബെ ടൈംസിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍, 58-ാം വയസ്സില്‍ വീണ്ടും അച്ഛനാകുന്നതിനെക്കുറിച്ച് അര്‍ബാസ് മനസ്സ് തുറന്നിരുന്നു. തനിക്ക് ഒരേ സമയം ആവേശവും പരിഭ്രമവും അനുഭവപ്പെടുന്നുണ്ടെന്നും സന്തോഷവും ഉത്തരവാദിത്തബോധവും നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1998-ലാണ് അര്‍ബാസും മലൈകയും വിവാഹിതരായത്. 2002-ല്‍ ഇരുവര്‍ക്കും അര്‍ഹാന്‍ ജനിച്ചു. 19 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017-ല്‍ ഇരുവരും വിവാഹമോചിതരായി.