വീണ്ടും മദ്യപിച്ചുതുടങ്ങിയെന്ന ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ തുറന്നുപറച്ചിലിന് പിന്നാലെ പ്രതികരണവുമായി മുൻഭാര്യയും നടിയുമായ ആഞ്ജലീന ജോളി. വെളിപ്പെടുത്തലിൽ തനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ലെന്നും, മദ്യം ഉപേക്ഷിച്ചതുകൊണ്ടു മാത്രം ഒരാളുടെ അടിസ്ഥാന സ്വഭാവമോ പ്രശ്‌നങ്ങളോ മാറുകയില്ലെന്ന് അറിയാമായിരുന്നുവെന്നും നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

To advertise here,

'ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന് അവർ നേരത്തെ തന്നെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. മദ്യപാനം നിർത്തി എന്നതുകൊണ്ട് മാത്രം ഒരാളുടെ സ്വഭാവത്തിലോ വ്യക്തിത്വത്തിലോ മാറ്റം വരുമെന്ന് അവർ വിശ്വസിക്കുന്നില്ല. ബ്രാഡ് എപ്പോഴും ബ്രാഡ് തന്നെയായിരിക്കും,' എന്ന് നടിയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പഴയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് നടിയുടെ നിലപാട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

2016 സെപ്റ്റംബറിൽ ഫ്രാൻസിൽ നിന്ന് ലോസ് ആഞ്ജലിസിലേക്ക് സ്വകാര്യ ജെറ്റിൽ കുടുംബസമേതം യാത്ര ചെയ്യവേ, മദ്യപിച്ച് അക്രമാസക്തനായ ബ്രാഡ് പിറ്റ് തന്നെയും മക്കളെയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് ആഞ്ജലീന കോടതിയെ അറിയിച്ചത്. മദ്യപിച്ച് ലക്കുകെട്ട ബ്രാഡ് പിറ്റ് വിമാനത്തിന്റെ വാതിലിലും സീലിങ്ങിലും തൊഴിച്ചു. തടുക്കാൻ വന്ന മക്കളുടെ നേരെ അക്രമാസക്തനായി തിരിഞ്ഞു. ശരീരത്തിൽ ബീയറും റെഡ് വൈനും ഒഴിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ആഞ്ജലീന ഉന്നയിച്ചത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് 12 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ആഞ്ജലീന വിവാഹമോചനത്തിന് അപേക്ഷ നൽകുന്നത്.

തുടർന്ന് എഫ്.ബി.ഐ അന്വേഷണം നടത്തിയെങ്കിലും ബ്രാഡ് പിറ്റിനെതിരെ കുറ്റപത്രം ചുമത്തിയിരുന്നില്ല. അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ ചിലത് നിഷേധിച്ച ബ്രാഡ് പിറ്റ് തന്റെ പെരുമാറ്റത്തിൽ ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.

ഏഴു വർഷം മുൻപ് മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചെങ്കിലും, അടുത്തിടെ താൻ വീണ്ടും മദ്യപിച്ചു തുടങ്ങിയതായി അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബ്രാഡ് പിറ്റ് വെളിപ്പെടുത്തിയിരുന്നു. 'ചില സമയങ്ങളിൽ എനിക്ക് അമിത ആത്മവിശ്വാസം തോന്നി. വലിയ അളവിൽ മദ്യപിക്കുന്നത് ശരിയല്ലെന്നും, എന്നാൽ വളരെ കുറഞ്ഞ അളവിൽ കഴിക്കുന്നതിൽ കുഴപ്പമില്ലെന്നും മനസ്സിലായി,' എന്നായിരുന്നു 62-കാരനായ ബ്രാഡ്പിറ്റിന്റെ വെളിപ്പെടുത്തൽ.കുടുംബ പ്രശ്‌നങ്ങളും നിയമപോരാട്ടങ്ങളും കാരണം മാനസികമായി കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തെക്കുറിച്ചും ആത്മഹത്യാപരമായ ചിന്തകൾ മനസ്സിലൂടെ കടന്നുപോയതിനെക്കുറിച്ചും താരം മനസ്സുതുറന്നിരുന്നു.എട്ടു വർഷ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2024-ൽ ഇരുവരും വിവാഹമോചനം നേടിയിരുന്നു.  ഐൻസി ഡി റേമൻ എന്ന ജുവലറി എക്‌സിക്യൂട്ടീവുമായി ഡേറ്റിങ്ങിലാണ് ഇപ്പോൾ ബ്രാഡ് പിറ്റ്.