ഇന്ത്യയിലെ യാത്രാമാര്ഗങ്ങളിലെ 'ഗോട്ട്' എ.സി. സ്ലീപ്പര് ബസ്സുകളാണെന്ന് യുവതി പറഞ്ഞു

ദീർഘദൂരയാത്രകൾക്കായി എ.സി. സ്ലീപ്പർ ബസ്സുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. ട്രെയിനുകളിൽ സീറ്റ് ലഭ്യതക്കുറവും സ്വകാര്യ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെ വീട്ടിലിരുന്ന് തന്നെ ബുക്ക് ചെയ്ത് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നതിനാലുമെല്ലാമാണ് ഇത്തരം ബസ്സുകളോട് യാത്രക്കാർക്ക് പ്രിയം. ഇപ്പോഴിതാ ഇന്ത്യയിലെ സ്ലീപ്പർ ബസ്സുകളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ യുവതി. തന്റെ പ്രിയപ്പെട്ട യാത്രാമാർഗമാണ് സ്ലീപ്പർ ബസ്സുകളെന്നാണ് യുവതി പറയുന്നത്.
യുഎസ്സിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ സിയേറാ ലിലിയാനാണ് ഇന്ത്യയിലെ സ്ലീപ്പർ ബസ്സുകളെ ഇത്രയേറെ ഇഷ്ടമായത്. ഋഷികേശിലും യുഎസ്സിലുമായി ജീവിക്കുന്ന സിയേറ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഇന്ത്യൻ സ്ലീപ്പർ ബസ്സുകളെ കുറിച്ച് വാചാലയായത്. ടാക്‌സിയിലെ സൗകര്യപൂർണമായ യാത്രയും ട്രെയിനിലെ സാഹസികയാത്രയും തനിക്ക് സ്‌പെഷ്യലാണെങ്കിലും യാത്രാമാർഗങ്ങളിലെ 'ഗോട്ട്' (Greatest of All Time) എ.സി. സ്ലീപ്പർ ബസ്സുകളാണെന്ന് സിയേറ പറയുന്നു. തുടർന്ന് ഇതിന്റെ മൂന്ന് കാരണങ്ങളും അവർ വിശദീകരിച്ചു.
കിടന്നുകൊണ്ട് വലിയ വിൻഡോയിലൂടെ കാഴ്ചകൾ കാണ്ട് യാത്ര ചെയ്യാമെന്നതാണ് ആദ്യത്തെ കാരണം. 'മനോഹരമായ ഈ കൃഷിസ്ഥലങ്ങൾ, ചെറിയ ടൗണുകൾ, പലതരം മൃഗങ്ങൾ എന്നിവയെല്ലാം കണ്ടുകൊണ്ട് യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. പട്ടികൾ, പശുക്കൾ, കുരങ്ങന്മാർ, ആടുകൾ, പക്ഷികൾ തുടങ്ങി ഒരുതവണ ഒട്ടകത്തെ പോലും ഞാൻ കണ്ടു.' -സിയേറ കുറിച്ചു.
'ഇടയ്ക്ക് ധാബയിൽ നിർത്തുന്നതാണ് സ്ലീപ്പർ ബസ്സുകളെ ഇഷ്ടപ്പെടാനുള്ള രണ്ടാമത്തെ കാരണം. 'ആദാ ഖണ്ഡാ' (അര മണിക്കൂർ) എന്ന് ഡ്രൈവർ വിളിച്ച് പറയുന്നത് കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നശേഷം ഞാൻ പറാത്തയും ചായയും കഴിക്കാൻ പോകുകയാണെന്ന് തിരിച്ചറിയുന്നത് പോലെ മറ്റൊരു അനുഭവമില്ല!' -യുവതി തുടർന്നു.
സുരക്ഷ, സൗകര്യം, താങ്ങാവുന്ന ചെലവ് എന്നിവയാണ് മൂന്നാമത്തെ കാരണമായി സിയേറ പറയുന്നത്. 'ഇന്ത്യയിലേത് ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമാണ്. അമേരിക്കയിലെ ചെറിയൊരു ടൗണിൽ നിന്നുള്ളയാളെന്ന നിലയ്ക്ക് പറയട്ടെ, ഞങ്ങൾക്ക് അവിടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാന്യമായ പൊതുഗതാഗത സംവിധാനം ഇല്ല.' -സിയേറ പറഞ്ഞു.
അതേസമയം സ്ലീപ്പർ ബസ്സുകളുടെ ഒരു പോരായ്മയും സിയേറ ലിലിയാൻ ചൂണ്ടിക്കാണിച്ചു. ദീർഘദൂരയാത്രകൾക്കായുള്ള ഇത്തരം ബസ്സുകളിൽ ശുചിമുറി ഇല്ല എന്നതായിരുന്നു അത്. ആരോഗ്യകരമായ അളവിൽ വെള്ളം കുടിക്കാത്തയാളായതിനാൽ അത്തരം 'ആശങ്ക' തനിക്ക് അടക്കിവെക്കാൻ കഴിയും. നിങ്ങൾക്കും അങ്ങനെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ ബസ് മികച്ച യാത്രാമാർഗമാണ് എന്നും സിയേറ പറഞ്ഞു.
സിയേറയുടെ പോസ്റ്റ് കുറഞ്ഞ സമയം കൊണ്ട് വൈറലായി. നിരവധി പേരാണ് പോസ്റ്റിൽ കമന്റുകളിട്ടത്. ബസ്സുകളിൽ ശുചിമുറിയില്ലെങ്കിലും ജീവനക്കാരോട് പറഞ്ഞാൽ അവർ പെട്രോൾ പമ്പുകളിലോ റെസ്റ്ററന്റുകളിലോ നിർത്തിത്തരുമെന്നാണ് ഒരാൾ കുറിച്ചത്. ഇന്ത്യയിലെ ബസ് യാത്രകൾ ആസ്വദിക്കൂ എന്ന് മറ്റൊരാൾ കമന്റിട്ടു. അടുത്ത ബസ് യാത്രയ്ക്കുള്ള ആശയങ്ങളും ചിലർ പങ്കുവെച്ചു.
Content Highlights: US content creator Sierra Lillian called Indian AC sleeper buses the "GOAT" (Greatest of All Time) of travel. In a viral video, she praised the scenic views, dhaba stops for chai/paratha, and affordability compared to the lack of transport in the US.
Published: 24 Feb 2026, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented