സിനിമയിലേക്കെത്തിയത് പണം പ്രതീക്ഷിച്ചല്ലെന്നും സമ്പന്ന കുടുംബമാണ് തന്റേതെന്നും നിരന്തരം പങ്കുവെക്കാറുള്ളയാളാണ് ബോളിവുഡ് നടി അമീഷ പട്ടേൽ. കുട്ടിക്കാലം തൊട്ടേ തന്റെ പക്കൽ നിരവധി ലക്ഷ്വറി ബാഗുകൾ ഉണ്ടെന്നും അത്തരം ബാഗുകൾ ശേഖരിക്കുന്നത് തന്റെ വിനോദമാണെന്നും അടുത്തിടെ ഫറാ ഖാന്റെ വ്ളോഗിൽ അമീഷ പറഞ്ഞിരുന്നു. ഡിസൈനർ ബാഗുകൾക്കായി ചെലവഴിച്ച പണമുണ്ടായിരുന്നുവെങ്കിൽ മുംബൈയിൽ ലക്ഷ്വറി വീട് പണിയാമായിരുന്നുവെന്നും അമീഷ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഡിസൈനർ ബാഗുകളോടുള്ള പ്രിയത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം.

To advertise here,

സൂമിന് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് അമീഷ പങ്കുവെച്ചിരിക്കുന്നത്. അത്തരം ബാഗുകൾ വാങ്ങാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നാണ് അമീഷ പറയുന്നത്. കഠിനാധ്വാനം ചെയ്തുകിട്ടുന്ന പണം എങ്ങനെ ചെലവഴിക്കണമെന്നത് അവനവന്റെ ഇഷ്ടമാണ്. ഇതെല്ലാം ഒരു പാഷനാണ്, മറ്റുള്ളവരുടെ ജീവിതത്തെ താനൊരിക്കലും മുൻവിധിയോടെ സമീപിക്കാറില്ല. സ്കൂളിൽ പഠിക്കുമ്പോൾ പോലും കൊണ്ടുപോയിരുന്നത് ഡിസൈനർ ബാഗാണെന്നും അമീഷ പറയുന്നു.

ചെറിയ പ്രായത്തിൽ തന്നെ ലോകം സഞ്ചരിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. എന്റെ അമ്മ മുതൽ ആന്റിമാർ വരെ ഇന്നുപോലും കടയിൽ  കാണാൻ കിട്ടാത്ത തരത്തിലുള്ള ബാഗുകളാണ് അന്നേ ഉപയോഗിച്ചിരുന്നത്. - അമീഷ പറയുന്നു.

കുടുംബത്തിലെ സ്ത്രീകളിൽ നിന്നാണ് തനിക്ക് ഇത്തരം ഇഷ്ടങ്ങൾ വന്നുചേർന്നതെന്നും അമീഷ പറയുന്നുണ്ട്. തന്റെ മരിച്ചുപോയ മുത്തശ്ശി വീട്ടിലാകുമ്പോൾ പോലും ദിവസവും മൂന്നുസാരി വരെ മാറ്റിയിരുന്നു. എല്ലാവർക്കും ചെലവഴിക്കാൻ മടിയില്ലാത്ത, ഏറെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ടാവും. തന്റെ കാര്യത്തിൽ അത് ബാഗാണ്. മാസികകളിൽ മാത്രം കണ്ടിട്ടുള്ള ബാഗുകളും വസ്ത്രങ്ങളും തന്റെ പക്കൽ കണ്ടിട്ടുള്ളതിനേക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. ആൾക്കാരെ കാണിക്കാൻ വേണ്ടിയല്ല അതൊന്നും ചെയ്യുന്നതെന്നും അമീഷ പറയുന്നു.

പാരീസിലും ലണ്ടിലും ദുബായിലുമൊക്കെയായാണ് തന്റെ കുടുംബം വ്യാപിച്ചു കിടക്കുന്നതെന്നും അവരെല്ലാം വലിയ നിലയിലാണെന്നും അമീഷ പറയുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിലുള്ളവർ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നവരാണ്. കുടുംബത്തിലെ എൺപതു വയസ്സുള്ളവർ പോലും ഓഫീസിൽ പോവും. മഴയോ വെയിലോ, അവർക്ക് അസുഖമോ എന്തും വന്നോട്ടെ, അവർ ഓഫീസിൽ പോവാതിരിക്കില്ല. അത്തരം തൊഴിൽ സംസ്കാരമാണ് ഞാൻ കണ്ടുവളർന്നത്- അമീഷ കൂട്ടിച്ചേർക്കുന്നു.