
ഭൂമിയില്‍ അന്യഗ്രഹജീവികള്‍ വന്നുവെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി യുഎസ് ചാരസംഘടന സിഐഎയുടെ രഹസ്യരേഖ. സോവിയറ്റ് യൂണിയന്റെ സൈനികരെയാണ് അന്യഗ്രഹജീവികള്‍ കല്ലാക്കി മാറ്റിയതെന്നും 2000-ത്തില്‍ പരസ്യമാക്കിയ സിഐഎയുടെ രഹസ്യരേഖയില്‍ പറയുന്നു. രേഖയില്‍ നിന്നുള്ള ഒരുപേജ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സിഐഎ രേഖ പ്രകാരം ശീതയുദ്ധകാലത്താണ് സംഭവമുണ്ടായത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണ് ഇക്കാര്യം സിഐഎ അറിയുന്നത്. ഇതേക്കുറിച്ച് വിശദീകരിക്കുന്ന റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെ 250 പേജുള്ള രേഖ ഉദ്ധരിച്ച് ഹോളോസ് യുക്രൈനി എന്ന യുക്രൈനിയന്‍ പത്രത്തിലും കാനഡയില്‍ നിന്നുള്ള വീക്ക്‌ലി വേള്‍ഡ് ന്യൂസിലേയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള സിഐഎ രേഖയിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഈ രേഖ പ്രകാരം 1989-ലോ 1990-ലോ ആണ് വിചിത്രമായ സംഭവം നടന്നത്.
സൈബീരിയയില്‍ എവിടെയോ വെച്ച് നടക്കുകയായിരുന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവമെന്ന് കെജിബി രേഖ പറയുന്നു. പരിശീലനത്തിനിടെ സോവിയറ്റ് സൈനികര്‍ താഴ്ന്നുപറക്കുന്ന പറക്കുംതളിക കണ്ടു. ഉടന്‍ തന്നെ സൈനികര്‍ സര്‍ഫസ്-ടു-എയര്‍ മിസൈല്‍ അതിനുനേരെ പ്രയോഗിച്ചു. തകര്‍ന്നുവീണ പറക്കുംതളികയില്‍ നിന്ന് അഞ്ച് ഉയരം കുറഞ്ഞ അന്യഗ്രഹജീവികളാണ് പുറത്തുവന്നത്. വലിയ തലയും വലിയ കറുത്ത കണ്ണുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നതെന്ന് രേഖയില്‍ പറയുന്നു.

അഞ്ച് അന്യഗ്രഹജീവികളും ഒന്നിച്ച് ചേര്‍ന്ന് ഗോളാകൃതിയിലുള്ള ഒറ്റരൂപമായി മാറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഗോളം തീവ്രമായി പ്രകാശിക്കാനും ശബ്ദം മുഴക്കാനും തുടങ്ങി. ആ നിമിഷം ഇതെല്ലാം കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന 23 സൈനികര്‍ കല്ലുകളായി മാറി. അന്യഗ്രഹജീവികളില്‍ നിന്ന് വന്ന പ്രകാശത്തില്‍ പെടാതിരുന്ന രണ്ട് സൈനികര്‍ മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും രഹസ്യ രേഖയില്‍ പറയുന്നു.
കല്ലായി മാറിയ സൈനികരേയും തകര്‍ന്ന പറക്കുംതളികയേയും മോസ്‌കോയ്ക്ക് സമീപമുള്ള രഹസ്യ ഗവേഷണ കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റി. അവിടെയുള്ള ശാസ്ത്രജ്ഞര്‍ സൈനികരുടെ ശരീരം ചുണ്ണാമ്പുകല്ലുകളായാണ് മാറിയതെന്ന് കണ്ടെത്തിയെന്നും സിഐഎ രേഖയില്‍ പറയുന്നു. കെജിബിയുടെ രേഖയില്‍ ദൃക്‌സാക്ഷികള്‍ പറഞ്ഞതനുസരിച്ചുള്ള അന്യഗ്രഹജീവികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്നും സിഐഎ രേഖയില്‍ പറയുന്നു.
അതേസമയം സിഐഎ രേഖയിലെ വിചിത്രമായ സംഭവത്തെ പല വിദഗ്ധരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് മുന്‍ സിഐഎ ഏജന്റായ മൈക്ക് ബേക്കര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
Content Highlights: Declassified CIA document says ‘aliens’ turned 23 soldiers to stone in otherworldly encounter
Published: 15 Apr 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented