ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായിരിക്കുന്നതിനിടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വർണ്ണശബളമായ വെളിച്ചങ്ങളോടെ അജ്ഞാത വസ്തു (UFO) പറന്നുനടന്നത് വലിയ ചർച്ചയായിരിക്കുകയാണ്. സെപ്റ്റംബർ 20-ന് ടെഹ്റാനിലെ ആസാദേഗാൻ എക്‌സ്പ്രസ് വേയ്ക്ക് സമീപമാണ് ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഈ വസ്തു ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സെപ്റ്റംബർ 21-ന് സഹെദാനിലും സമാനമായ രീതിയിൽ വിചിത്രമായ വെളിച്ചങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി.
ഈ സംഭവത്തോടെ, അമേരിക്കയുടെ അതീവ രഹസ്യ വിമാനമെന്ന് കരുതപ്പെടുന്ന 'ടിആർ-3ബി ബ്ലാക്ക് മാന്റ'യെക്കുറിച്ചുള്ള (TR-3B 'Black Manta') ഊഹാപോഹങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്. ബ്ലാക്ക് മാന്റയേപ്പറ്റി അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിശബ്ദമായി താഴ്ന്നു പറക്കുന്ന ത്രികോണാകൃതിയിലുള്ള ഇത്തരം വിമാനങ്ങളെക്കുറിച്ച് മുൻപും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ പക്കൽ ആരും കാണാത്ത ആധുനിക ആയുധങ്ങളുണ്ടെന്ന് അടുത്തിടെ നടത്തിയ പ്രസ്താവനയും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടി.
ബ്ലാക്ക് മാന്റ വിമാനങ്ങൾക്ക് പെട്ടെന്ന് വേഗതയും ദിശയും മാറ്റാൻ കഴിയുന്ന പ്രത്യേക ത്രസ്റ്റ് സംവിധാനങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആണവ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന പ്ലാസ്മ ഉപയോഗിച്ച് ഇവയുടെ റഡാർ സാന്നിധ്യം കുറയ്ക്കുകയും ദീർഘദൂര നിരീക്ഷണങ്ങൾക്ക് സഹായിക്കുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശത്രുക്കളുടെ റഡാറുകളിലോ ഇൻഫ്രാറെഡ് സെൻസറുകളിലോ പെടാത്ത തരത്തിലുള്ള മാറ്റ് ബ്ലാക്ക് (Matte Black) കോട്ടിംഗും പ്രത്യേക റേഡിയോ-അബ്സോർബിംഗ് വസ്തുക്കളുമാണ് ഇതിന്റെ ഉപരിതലത്തിൽ ഉപയോഗിക്കുന്നത് എന്നാണ് പ്രചരിക്കുന്ന അവകാശവാദങ്ങളിലൊന്ന്. പരമ്പരാഗത ജെറ്റ് ഇന്ധനങ്ങൾക്ക് പകരം, റേഡിയോ ആക്ടീവ് പ്ലാസ്മ (Magnetic Field Plasma) ഉപയോഗിച്ചാണ് ഇതിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഭൂഗുരുത്വാകർഷണത്തെ മറികടക്കാനും (Anti-gravity buoyancy), വളരെ കുറഞ്ഞ ഇന്ധനത്തിൽ വായുവിൽ സ്ഥിരമായി നിശ്ചലമായി നിൽക്കാനും (Hovering) ഇതിന് സാധിക്കുമെന്നും പറയപ്പെടുന്നു.
മാത്രമല്ല പരമ്പരാഗത വിമാനങ്ങളെപ്പോലെയല്ലാതെ പെട്ടെന്ന് 90 ഡിഗ്രി കോണിൽ ദിശ മാറ്റാൻ ഈ വിമാനത്തിന് സാധിക്കുമെന്നും പറയപ്പെടുന്നു. ശബ്ദത്തേക്കാൾ എട്ടിരട്ടിയിലധികം വേഗതയിൽ പറക്കാനുള്ള ശേഷിയുണ്ടെന്നുമാണ് വാദങ്ങൾ. എഐ ആണത്രെ ഇതിനെ നിയന്ത്രിക്കുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും.
എന്നാൽ ഇത്തരമൊരു ആധുനിക ആയുധം കൈവശമുണ്ടെന്ന് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഇതൊരു 'ഏരിയ 51' പോലെയാെരു ഗൂഢ സിദ്ധാന്തമായി കരുതപ്പെടുന്നുണ്ട്.
2004-ൽ പ്രവർത്തനം അവസാനിപ്പിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്‌കവറി സയൻസ് (NIDS) ഇത്തരം അജ്ഞാത വസ്തുക്കളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ, ഇവ നിശബ്ദമായി പറക്കാൻ ശേഷിയുള്ള നിരീക്ഷണ വിമാനങ്ങളാണെന്ന് നിഗമനത്തിലെത്തിയിരുന്നു. മുൻപും അമേരിക്കൻ സൈന്യം തങ്ങളുടെ രഹസ്യ വിമാനങ്ങൾ വർഷങ്ങളോളം പരസ്യപ്പെടുത്താതെ സൂക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എഫ്-117 നൈറ്റ്ഹോക്ക് (F-117 Nighthawk) 1983 മുതൽ കാണപ്പെട്ടിരുന്നെങ്കിലും 1988-ലാണ് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൂടാതെ 1976 സെപ്റ്റംബർ 19-നും ടെഹ്റാനിൽ സമാനമായ അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുകയും ഇറാന്റെ എഫ്-4 യുദ്ധവിമാനങ്ങൾ ഇതിനെ പിന്തുടരുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇറാന് മുകളിൽ കണ്ടെത്തിയ വസ്തുവിനെക്കുറിച്ച് ഇറാൻ സൈന്യമോ സർക്കാരോ പ്രതികരിച്ചിട്ടില്ല.
Content Highlights: Crescent-shaped UFO sightings in Tehran and Sahedan fuel rumors about the TR-3B Black Manta, a secretive American aircraft with advanced capabilities.
Published: 22 Sept 2026, 07:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented