നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കുന്ന ഒരു ചോദ്യമുണ്ട്, ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ? ആകാശത്ത് പലപ്പോഴും കാണാറുള്ള അജ്ഞാത പറക്കും തളികകളെയും (UFO) പ്രതിഭാസങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിക്കുകയാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ.

To advertise here,

പ്രസിഡന്റ് ട്രംപ് ഈ വർഷം ആദ്യം ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം പെന്റഗണിന്റെ ഔദ്യോഗിക യുഎഫ്ഒ വെബ്സൈറ്റിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പെന്റഗണിന് പുറമെ, നാസ , സിഐഎ, എഫ്ബിഐ, ഊർജ്ജ വകുപ്പ് തുടങ്ങിയ അമേരിക്കയിലെ പ്രധാന ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആകെ 40 ഫയലുകളാണ് ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്, ഇതിൽ 14 രേഖകളും, 19 വീഡിയോകളും, നാല് ഓഡിയോ ഫയലുകളും, മൂന്ന് ചിത്രങ്ങളും ഉൾപ്പെടുന്നു. പടിഞ്ഞാറൻ പസഫിക് മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക ക്യാമറകൾ പകർത്തിയ ഇൻഫ്രാറെഡ് ദൃശ്യങ്ങളും ഇതിലുണ്ട്. പുറത്തുവന്നവയിൽ പകുതിയോളം ഫയലുകളും 2010-നോ അതിനു ശേഷമോ ഉള്ളവയാണ്.

സൈനിക പൈലറ്റിനെ അമ്പരപ്പിച്ച കാഴ്ച

പുറത്തുവന്ന രേഖകളിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് ഒരു സൈനിക പൈലറ്റിന്റെ അനുഭവമാണ്. വ്യോമസേനയിലും നാവികസേനയിലുമായി 28 വർഷത്തെ സുദീർഘമായ സേവന പാരമ്പര്യമുള്ള ആ ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പറക്കുന്ന വസ്തുവിനെ കണ്ടു എന്ന് സാക്ഷ്യപ്പെടുത്തുന്നു. 2019-ൽ കിഴക്കൻ അമേരിക്കയ്ക്ക് മുകളിലൂടെ വിമാനം പറത്തുന്നതിനിടെയാണ് അദ്ദേഹവും മറ്റ് നാല് ഉദ്യോഗസ്ഥരും ഈ വിചിത്ര വസ്തുവിനെ കണ്ടത്.

വിമാനത്തിന് താഴെയായി, വളരെ ഉയർന്ന വേഗതയിൽ നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു ചെറിയ വസ്തുവായിരുന്നു അത്. 10-15 സെക്കൻഡ് നേരത്തേക്ക് അവർ അത് വീഡിയോയിൽ പകർത്തി. കൂടുതൽ വ്യക്തതയ്ക്കായി ക്യാമറ സൂം ചെയ്തപ്പോൾ അമിതവേഗത കാരണം ആ വസ്തു കാഴ്ചയിൽ നിന്ന് മറഞ്ഞു. ഈ ദൃശ്യങ്ങളിൽ വിചിത്ര വസ്തു അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം. പിന്നീട് നടത്തിയ പരിശോധനയിൽ ഇതൊരു ദീർഘചതുരാകൃതിയിലുള്ള വസ്തുവാണെന്ന് കണ്ടെത്തിയെങ്കിലും, വിമാനത്തിലുണ്ടായിരുന്ന പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്ക് പോലും അത് എന്താണെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല.

ആണവ കേന്ദ്രത്തിന് മുകളിൽ പറന്ന അജ്ഞാത വസ്തു

യുഎസ് ഊർജ്ജ വകുപ്പിൽ നിന്നുള്ള ഒരു രേഖ മറ്റൊരു സംഭവം വിശദീകരിക്കുന്നതാണ്. 2015 സെപ്റ്റംബറിൽ ടെക്സാസിലെ പാൻടെക്സ് എന്ന ആണവായുധ കേന്ദ്രത്തിന്റെ വ്യോമാതിർത്തിയിൽ ഒരു അജ്ഞാത വസ്തു പ്രവേശിച്ചു. യാതൊരുവിധ ശബ്ദവുമില്ലാത്ത, പുറമെ കാണാൻ കഴിയുന്ന പ്രൊപ്പൽഷൻ സിസ്റ്റം ഇല്ലാത്ത ഈ വസ്തുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ ബൈനോക്കുലറിലൂടെയാണ് നിരീക്ഷിച്ചത്. ഈ സുരക്ഷാ ഭീഷണിയെ തുടർന്ന് ആണവ കേന്ദ്രം അടിയന്തരമായി അടച്ചിടുകയും ചെയ്തു.

പുതിയ ദൃശ്യങ്ങൾ

ചൈനയ്ക്ക് സമീപത്ത് നിന്നാണ് ഏറ്റവും പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൈന്യത്തിന്റെ ഇൻഡോ-പസഫിക് കമാൻഡാണ് ഇത് റിപ്പോർട്ട് ചെയ്ത്. യെല്ലോ സീക്ക് (Yellow Sea) മുകളിൽ ആറ് കോണുകളുള്ള ഒരു നക്ഷത്രത്തോട് സാമ്യമുള്ള ഒരു വസ്തുവിനെ സൈനിക സെൻസർ ട്രാക്ക് ചെയ്യുന്ന വീഡിയോ ഇതിലുണ്ട്. കൂടാതെ, കിഴക്കൻ ചൈനാ കടലിന് മുകളിലൂടെ മിനിറ്റുകളോളം സഞ്ചരിക്കുന്ന മറ്റൊരു വസ്തുവിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടവയിൽ ഉൾപ്പെടുന്നു. ഇതിനുമുമ്പ് 2023-ൽ, യെല്ലോ സീക്ക് മുകളിൽ ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് സെൻസറുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇത്തരം കാഴ്ചകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ടെങ്കിലും ഇവയെന്താണെന്ന് വിശദീകരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ഇവ മനുഷ്യരുടെ തന്നെ സൃഷ്ടിയാണോ അതോ കഥകളിലേത് പോലെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തിന്റെ തെളിവാണോ എന്ന് വ്യക്തമല്ല.