
ജക്കാർത്ത: അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ ഏജന്റായി ചമഞ്ഞ് ഇന്തൊനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ബന്ധം സ്ഥാപിച്ച് പ്രതിരോധ ഇടപാടുകളിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ വ്യവസായിക്കെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നു. ഗൗരവ് ശ്രീവാസ്തവ എന്ന വ്യവസായിയാണ് ഇന്തൊനേഷ്യൻ പ്രസിഡന്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധംസ്ഥാപിക്കാൻ വ്യാജ വേഷം കെട്ടിയതെന്ന് 'ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്റ്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇന്തൊനേഷ്യയുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ പ്രതിരോധ ഇടപാടുകൾ സ്വന്തമാക്കുന്നതിനാണ് ഇയാൾ വ്യാജവേഷം കെട്ടിയതെന്നാണ് പ്രാഥമിക വിവരം. ‘മിസ്റ്റർ ജി’ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന ഇയാൾ, താൻ ഒരു സി.ഐ.എ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഉന്നതതല യോഗങ്ങളിൽ പങ്കെടുത്തത്.
2020-ൽ വാഷിങ്ടണിലും ജക്കാർത്തയിലും നടന്ന പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്തൊനേഷ്യയുടെ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പ്രബോവോ സുബിയാന്തോയോടൊപ്പം ശ്രീവാസ്തവയും പങ്കെടുത്തിരുന്നു.
2002-ലെ ബാലി ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ കണ്ടെത്താൻ സി.ഐ.എയെ സഹായിച്ചതായും സുബിയാന്തോയുടെ അമേരിക്കൻ കുടിയേറ്റ നിരോധന പട്ടികയിൽനിന്നുള്ള വിലക്ക് നീക്കാൻ പ്രധാന പങ്കുവഹിച്ചതായും ഇയാൾ അവകാശപ്പെട്ടിരുന്നു. ശ്രീവാസ്തവയുടെ മുൻ ബിസിനസ് പങ്കാളിയായ നീൽസ് ട്രൂസ്റ്റ് അമേരിക്കൻ കോടതികളിൽ നൽകിയ സിവിൽ കേസുകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സിഐഎയ്ക്ക് വേണ്ടി താൻ ജോലിചെയ്തിട്ടുണ്ടെന്ന് ശ്രീവാസ്തവ അവകാശപ്പെടുന്ന റെക്കോർഡുചെയ്ത ഫോൺ കോളുകളും പോലീസ് കണ്ടെത്തി.
2020-നും 2022-നും ഇടയിൽ എഫ്-15 യുദ്ധവിമാനങ്ങൾ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനായി ശ്രീവാസ്തവയുമായി ബന്ധപ്പെട്ട കമ്പനികൾ ഇന്തൊനേഷ്യയുമായി അഞ്ച് പ്രാഥമിക കരാറുകളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഈ കമ്പനികളെല്ലാം വെറും ഷെൽ കമ്പനികളാണെന്നും പ്രതിരോധ മേഖലയിൽ ഇവർക്ക് യാതൊരു മുൻപരിചയവുമില്ലെന്നും കണ്ടെത്തി. 13.9 ബില്യൺ ഡോളറിന്റെ ഔദ്യോഗിക എഫ്-15 വിമാന ഇടപാടിൽ അമേരിക്കൻ ഏജൻസികൾ പുറത്തുവിട്ട പട്ടികയിൽ ശ്രീവാസ്തവയുടെ ഒരു കമ്പനിയും ഉൾപ്പെട്ടിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്.
Published: 06 Jul 2026, 09:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented