ബോളിവുഡ് താരങ്ങളുടെ ദീർഘമായ അഭിമുഖങ്ങൾ പലപ്പോഴും തുറന്നുപറച്ചിലുകളുടെ ഇടമാണ്. മാനസിക ആരോഗ്യം, തൊഴിൽ സമ്മർദ്ദം, പാരൻ്റ്ഹുഡ്, വിജയപരാജയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഇത്തരം അഭിമുഖങ്ങളിൽ ചർച്ചാവിഷയമാകാറുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ട് രണ്ടു വർഷത്തിനു ശേഷം ദീർഘമായ ഒരു അഭിമുഖം ബ്രിട്ടീഷ് പോഡ്കാസ്റ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ജയ് ഷെട്ടിക്കു നൽകിയിരിക്കുകയാണ്. 

To advertise here,

തൊഴിൽ ജീവിതം, മാനസിക ആരോഗ്യം, മാതൃത്വം തുടങ്ങിയ കാര്യങ്ങളെ പറ്റി ആലിയ അഭിമുഖത്തിൽ പറയുന്നുണ്ട്. പ്രൊഫഷണല്‍ ജീവിതത്തില്‍ പറയാന്‍ പുതിയതായി ഒന്നുമില്ലാതിരുന്നതിനാലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി അഭിമുഖങ്ങള്‍ നല്‍കാതിരുന്നതെന്ന് ആലിയ പറയുന്നു. എ.ഡി.എച്ച്.ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ഡിസോര്‍ഡര്‍ ഉള്ളതായി ആലിയ പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനെ പറ്റി പുതിയ അഭിമുഖത്തിൽ കൂടുതൽ വിശദമാക്കുന്നുണ്ട്.

സഹോദരിയാണ് മാനസികാരോഗ്യത്തെ കുറിച്ച് തന്നെ ബോധവതിയാക്കിയതെന്നും പല കാര്യങ്ങളിലും അവരാണ് തനിക്ക് പ്രചോദനമായതെന്നും ആലിയ പറയുന്നു.

'ഞാൻ ‌ഉണർന്നിരിക്കുന്ന രണ്ട് സമയങ്ങൾ'; എ.ഡി.എച്ച്.ഡിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ആലിയ

'വിഷമാവസ്ഥയിലൂടെ കടന്നുപോകുന്ന ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലുള്ള ഒരാള്‍ക്ക് സമാനമായ അവസ്ഥയിലുടെ മറ്റൊരാളും കടന്നു പോകുന്നുണ്ട് എന്ന് അറിയുന്നത് ആശ്വാസമായേക്കും. ഇതുകൊണ്ടാണ് ഞാന്‍ പലപ്പോഴും മാനസികാവസ്ഥയെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറാകുന്നത്. 

ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുമ്പോള്‍ ശരീരം ചൂടാകുന്നതു പോലെ അനുഭവപ്പെട്ടിരുന്നു. പലപ്പോഴും ഈ അവസ്ഥ ശാരീരികമായി പ്രകടമായി തുടങ്ങിയിരുന്നു. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. താൻ 'മള്‍ട്ടി ടാസ്‌ക്കര്‍' ആണെന്ന് ധരിച്ച് ആത്മ പ്രശംസ നല്‍കിയിക്കൊണ്ടിരുന്നു. പിന്നീടാണ് മള്‍ട്ടീ ടാസ്‌ക്കിങ് ചെയ്യുന്നതു വഴിയുണ്ടാകുന്ന ശാരീരിക അവശതകള്‍ തിരിച്ചറിഞ്ഞത്. മുന്‍കൂട്ടി നിശ്ചയിച്ച പല കാര്യങ്ങളും ഓര്‍മ്മയില്‍ നില്‍ക്കാതായി. വെറുതെ പേര്‍സണാലിറ്റി ടെസ്റ്റ് എടുത്തല്ല താന്‍ എ.ഡി.എച്ച്.ഡിയുണ്ടെന്ന് തിരിച്ചറിഞ്ഞത്", ആലിയ പറയുന്നു. താന്‍ നേരിടുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നുണ്ട്. 

'മകൾ റാഹയുമായുള്ള ഇടപെടലുകളും അഭിമുഖത്തിൽ വിഷമാകുന്നുണ്ട്. 'അമ്മയായി എന്നതിനര്‍ത്ഥം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്നവര്‍ എന്നല്ല. ജീവിത്തതിലെ എല്ലാ കാര്യങ്ങള്‍ക്കും ഉത്തരമുള്ളവരാകണമെന്നില്ല മാതാപിതാക്കള്‍. അമ്മയായതിനു ശേഷം ലോകത്തെ കൂടുതല്‍ വിശാലമായി കാണാന്‍ കഴിഞ്ഞു, ഒരു മാസത്തെ വിശേഷങ്ങളടങ്ങിയ ഫോട്ടോകളും വീഡിയോകളും ചേർന്ന കുറിപ്പ് മകള്‍ക്ക് ഇ-മെയില്‍ ആയി ഞങ്ങൾ അയച്ചിടും. മകള്‍ക്ക് പതിനഞ്ച് വയസ്സാകുമ്പോള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ഓര്‍മ്മകള്‍ അടങ്ങിയ ഇ-മെയില്‍ അവള്‍ക്ക് നല്‍കും'. ആലിയ പറയുന്നു.

ലോകത്ത് മറ്റുള്ളവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കാണുമ്പോള്‍ തൻ്റെ അനുഗ്രഹങ്ങളെ പറ്റി ഓര്‍ക്കാറുണ്ട്. ജീവിതത്തെ പ്രകാശപൂരിതമായി കാണമെന്നുൾപ്പടെയുള്ള വാക്യങ്ങള്‍ ഇന്‍സ്റ്റഗ്രാം ലോകത്ത് മാത്രം പ്രാവര്‍ത്തികമാകുന്നതാണെന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം കൂടുതല്‍ കടുപ്പം നിറഞ്ഞതാണെന്ന് താന്‍ മനസ്സിലാക്കുന്നുണ്ടെന്നും വികാരനിര്‍ഭരമായി ആലിയ പറയുന്നു.