മലയാളികള്‍ക്ക് ഉള്‍പ്പെടെ ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് തമിഴ് നടന്‍ അജിത്ത് കുമാറും ശാലിനിയും. 25 വര്‍ഷം മുമ്പുള്ള ഏപ്രില്‍ 24-നായിരുന്നു ഇവരുടെ വിവാഹം. തങ്ങളുടെ 25-ാം വിവാഹവാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് അജിത്തും ശാലിനിയും. ഇതിന്റെ വീഡിയോ ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 

To advertise here,

വ്യാഴാഴ്ച രാത്രിയാണ് ശാലിനി വീഡിയോ പങ്കുവെച്ചത്. താടി നീട്ടിവളര്‍ത്തിയ പതിവ് ലുക്കില്‍ നിന്ന് വ്യത്യസ്തനായി ക്ലീന്‍ ഷേവ് ചെയ്ത് കൂടുതല്‍ ചെറുപ്പമായാണ് അജിത്ത് വീഡിയോയിലുള്ളത്. ഫുള്‍ സ്ലീവ് ഷര്‍ട്ടാണ് അജിത്ത് ധരിച്ചത്. ചെറിയൊരു കേക്ക് മുറിച്ച ശേഷം ഇരുവരും പരസ്പരം ഓരോ കഷ്ണം കേക്ക് നല്‍കുന്ന പ്രണയം തുളുമ്പുന്ന വീഡിയോയാണ് ശാലിന് പോസ്റ്റ് ചെയ്തത്.

ഒട്ടേറെ പേരാണ് പ്രിയതാരങ്ങള്‍ക്ക് ആശംസകളുമായി കമന്റ് ബോക്‌സിലെത്തിയത്. 'യഥാര്‍ഥ പ്രണയത്തിന്റെ മാന്ത്രികതയില്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് നിങ്ങള്‍ ഇരുവരും കാരണമാണ്' എന്നാണ് ഒരാള്‍ കുറിച്ചത്. '25 വര്‍ഷമായി, എന്നിട്ടിപ്പോഴും ഞങ്ങള്‍ക്ക് 'ബട്ടര്‍ഫ്‌ളൈസ്' നല്‍കുന്നു. വിവാഹവാര്‍ഷികാശംസകള്‍' -മറ്റൊരാള്‍ കമന്റിലെഴുതി. 

അമര്‍ക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1999-ലാണ് ശാലിനിയും അജിത്തും പ്രണയം ആരംഭിച്ചത്. 2000 ഏപ്രിലില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും 2008-ല്‍ ഒരു മകളും 2015-ല്‍ മകനും ജനിച്ചു.