കുറച്ചുകാലമായി സിനിമയുടെ തിരക്കുകളിൽനിന്നെല്ലാം മാറി റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ. കരിയറിനെക്കുറിച്ചും പ്രശസ്തിക്ക് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും അജിത് ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സിനിമാരംഗത്തെ തൻ്റെ ആദ്യകാലങ്ങളിൽ തനിക്ക് ശരിയായി തമിഴ് സംസാരിക്കാൻ പോലും ആവില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്കായി സിനിമാ നിരൂപക അനുപമാ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് കരിയർ, പ്രശസ്തി, കുടുംബം എന്നിവയെക്കുറിച്ച് തുറന്നുസംസാരിച്ചത്.

To advertise here,

29 ശസ്ത്രക്രിയകൾ; കഠിനാധ്വാനം തുടരുന്നു

‘എനിക്ക് ഭാഷ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക രീതിയിലായിരുന്നു എന്റെ തമിഴ് ഉച്ചാരം. പക്ഷേ ഞാൻ നന്നായി പരിശ്രമിച്ചു.”
കരിയറിന്റെ തുടക്കത്തിൽ പേര് മാറ്റണമെന്ന് പലരും നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. "അത്ര സാധാരണമല്ലാത്ത പേരായതുകൊണ്ട് തുടക്കത്തിൽ പേര് മാറ്റാൻ എന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എനിക്ക് മറ്റൊരു പേര് വേണ്ടെന്ന് ഞാൻ നിർബന്ധം പിടിച്ചു."

ഇന്ന് കാണുന്നതെല്ലാം തൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ ടീമിനെ കണ്ടെത്തുകയും വിജയിക്കാനുള്ള അതിയായ ആഗ്രഹം ഉണ്ടാകുകയും ചെയ്യുന്നത് തൻ്റെ അഭിനയത്തിനും റേസിങ് കരിയറിനും ഒരുപോലെ പ്രധാനമാണെന്നും അജിത് പറഞ്ഞു. ‘ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു അതെല്ലാം അതിജീവിച്ചു. റേസിങ്ങിൻ്റെ കാര്യത്തിൽ പോലും. റേസിങ് ഒരു കരിയറാക്കാൻ ആഗ്രഹിക്കുന്ന 19 വയസ്സുള്ള ഒരാളെപ്പോലെ കഠിനമായി പ്രയത്നിച്ചു. എൻ്റെ കൂടെ പ്രവർത്തിക്കുന്ന സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്’. തൻ്റെ സിനിമാ ജീവിതത്തിൻ്റെ ഭാഗമായി 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

തൻ്റെ എല്ലാ വിജയങ്ങളുടെ ക്രെഡിറ്റ് അദ്ദേഹം ഭാര്യ ശാലിനിയ്ക്കാണ് നൽകിയത്. ‘കൂടെ ജീവിക്കാൻ എളുപ്പമുള്ള ഒരാളല്ല ഞാൻ.  ഒരുപാട് വിഷമഘട്ടങ്ങളിലൂടെ അവർക്കുണ്ടായിട്ടുണ്ട്, പക്ഷേ എനിക്ക് വലിയ പിന്തുണ നൽകി. കുട്ടികൾ ഉണ്ടാകുന്നതുവരെ, എൻ്റെ റേസുകൾക്ക് അവൾ എൻ്റെ കൂടെ യാത്ര ചെയ്യുമായിരുന്നു. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല’- അജിത് പറഞ്ഞു.

പ്രശസ്തികൾക്കിടയിലും കുടുംബത്തോടൊപ്പമുള്ള സമയം ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ ത്യജിക്കാൻ നിർബന്ധിതരാക്കുമെന്ന് അജിത് പറയുന്നു. ‘മിക്കവാറും സമയത്തും എൻ്റെ വീട്ടിൽ ഒതുങ്ങിക്കൂടുകയാണ്. ആരാധകർ നൽകുന്ന എല്ലാ സ്നേഹത്തിനും ഞാൻ നന്ദിയുള്ളവനാണ്, പക്ഷേ അതേ സ്നേഹം കാരണം, എനിക്ക് എൻ്റെ കുടുംബത്തോടൊപ്പം പുറത്തുപോകാൻ കഴിയാറില്ല. എനിക്ക് എൻ്റെ മകനെ സ്കൂളിൽ കൊണ്ടുവിടാൻ കഴിയില്ല. എന്നോട് അവിടെ നിന്ന് പോകാൻ വളരെ മാന്യമായി, ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ട്’- അജിത് കൂട്ടിച്ചേർത്തു.

ഈ വര്‍ഷം 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലാണ് അജിത് പ്രത്യക്ഷപ്പെട്ടത്