ഇരുപത്തിനാലാം വയസ്സിലാണ് ബോളിവുഡ്താരം ഐശ്വര്യ റായ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഐശ്വര്യ ലോകസുന്ദരിപ്പട്ടത്തോടെ സിനിമാമേഖലയിലേക്കും കടന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ മോഡലിങ് കാലത്തേക്കുറിച്ചും ലോകസുന്ദരി മത്സരത്തിൽ പങ്കെടുത്തതിനേക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ആഷ്ലി റെബെല്ലോ.

To advertise here,

ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന താരമാകുന്നതിന് ഏറെക്കാലം മുമ്പേ ഐശ്വര്യയെ തനിക്ക് അറിയാമായിരുന്നുവെന്ന് പറയുകയാണ് ആഷ്ലി. ലോകസൗന്ദര്യ മത്സരവേദിയിൽ മാറ്റുരയ്ക്കാൻ പോകുന്ന ഐശ്വര്യക്കായി ഇരുപത് സാരികളാണ് താൻ നൽകിയതെന്ന് ആഷ്ലി പറയുന്നു. മഞ്ഞ, പിങ്ക്, നീല, കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള വ്യത്യസ്ത ഷിഫോൺ സാരികളാണ് ഐശ്വര്യക്കായി നൽകിയത്. അതിന് ചേരുന്ന വളകളും പൊട്ടുകളും നൽകി. ഓരോദിവസവും പ്രാതലിന് പോതുമ്പോൾ ഓരോ സാരിയുടുത്തുവേണം പോകാനെന്ന നിർദേശവും നൽകിയെന്ന് ആഷ്ലി പറയുന്നു.

മനോഹരമായ സാരികൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞിരുന്നുവെന്നും ആഷ്ലി പറയുന്നു. ഓരോദിവസവും രാവിലെ താൻ ഏതു സാരിയാണ് ധരിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നവർ ഉണ്ടായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. എല്ലാവരും പൊട്ടും വളകളുമൊക്കെ ചോദിച്ചുവെന്നും അവർക്കെല്ലാം കൊടുത്ത് തന്റേതെല്ലാം തീർന്നുവെന്നും ഐശ്വര്യ പറഞ്ഞു.

മോഡലിങ്ങിലേക്കുള്ള ഐശ്വര്യയുടെ തുടക്കകാലത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിനേക്കുറിച്ചും ആഷ്ലി പറയുന്നുണ്ട്. അന്ന് ഒരു പുറംഭാഗം മറയ്ക്കാത്ത ബാക്ലെസ് ഡ്രസ്സാണ് ഐശ്വര്യ ധരിക്കേണ്ടിയിരുന്നത്. അന്നൊരു സാധാരണ കുട്ടിയായിരുന്നു അവൾ. ബാക്ക്‌ലെസ്സ്‌ ഡ്രസ് കൊടുത്തപ്പോൾ ഇത് തന്നെ ധരിക്കണോ എന്നു ചോദിച്ചു. അതിനെന്താണ് പ്രശ്നമെന്ന് എന്ന് ഞാൻ ചോദിച്ചു. അമ്മയോടൊപ്പമാണ് ഐശ്വര്യ വന്നത്. ഈ ഡ്രസ്സ് ഒരുപാട് ശരീരം പ്രദർശിപ്പിക്കുന്നുവെന്ന് അമ്മ പറഞ്ഞു. പക്ഷേ പേടിക്കാനില്ലെന്നും നന്നായി മാത്രമേ ഷൂട്ട് ചെയ്യൂവെന്നും അമ്മയേയും ഐശ്വര്യയേയും ധരിപ്പിച്ചു. അന്നുമുതൽ തുടങ്ങിയതാണ് ഐശ്വര്യക്ക് തന്നോടുള്ള വിശ്വാസമെന്നും ആഷ്ലി പറഞ്ഞു.