ലെൻസ്കാർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ വിമാനക്കമ്പനികളിലെ വസ്ത്രധാരണ രീതികളും ചർച്ചയാവുകയാണ്. വിമാന ജീവനക്കാരുടെ ഗ്രൂമിങ് മാനുവലിൽ സിന്ദൂരം, തിലകം, നൂലുകൾ തുടങ്ങിയ മതപരമായ അടയാളങ്ങൾക്ക് വിലക്കുണ്ടെന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ലെൻസ്കാർട്ട് ജീവനക്കാർ പൊട്ട്, തിലകം എന്നിവ ധരിക്കുന്നത് വിലക്കിയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെതിരെ വലിയ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉണ്ടായതോടെ, അത് പഴയ രേഖയാണെന്നും നിലവിൽ തങ്ങളുടെ സ്ഥാപനത്തിൽ ഇത്തരം വിലക്കുകളില്ലെന്നും സ്ഥാപകൻ പീയൂഷ് ബൻസാൽ വ്യക്തമാക്കിയിരുന്നു. ഈ വിവാദം കത്തിനിൽക്കെയാണ് എയർ ഇന്ത്യ, ഇൻഡിഗോ, അകാശ എയർ തുടങ്ങിയ കമ്പനികളുടെ ഗ്രൂമിങ് മാനുവലുകൾ എന്ന പേരിൽ ചില ചിത്രങ്ങൾ എക്സിൽ പ്രചരിച്ചത്.
തുടർന്ന് സമൂഹമാധ്യമങ്ങളിലുണ്ടായ ട്രോളുകൾക്കും വിമർശനങ്ങൾക്കും എയർ ഇന്ത്യ മറുപടി നൽകിയിരുന്നു. ‘എയർ ഇന്ത്യ ജീവനക്കാർക്ക് ബിന്ദി ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ കാലഹരണപ്പെട്ട മാനുവലിൽ നിന്നുള്ളതാണ്, അത് നിലവിൽ ഉപയോഗിക്കുന്നില്ല' എന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, അകാശ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
വിമാനക്കമ്പനികളുടെ വസ്ത്രധാരണ രീതികൾ വെറും കാഴ്ചഭംഗിക്ക് വേണ്ടിയുള്ളതല്ലെന്നും അതിന് പിന്നിൽ കൃത്യമായ സുരക്ഷാ കാരണങ്ങളുണ്ടെന്നും രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര ഘട്ടങ്ങളിലെ വേഗത: വിമാനത്തിനുള്ളിലെ പരിമിതമായ സ്ഥലത്ത് തടസ്സങ്ങളില്ലാതെ നീങ്ങാൻ വസ്ത്രധാരണം സഹായിക്കണം.
ഉപകരണങ്ങളിൽ കുടുങ്ങാനുള്ള സാധ്യത: കയ്യിൽ കെട്ടുന്ന നൂലുകളോ ആഭരണങ്ങളോ വിമാനത്തിലെ സാങ്കേതിക ഉപകരണങ്ങളിൽ കുടുങ്ങുന്നത് അപകടത്തിന് കാരണമായേക്കാം.
യാത്രക്കാരുടെ സുരക്ഷ: അത്യാഹിത ഘട്ടങ്ങളിൽ ജീവനക്കാരെ പെട്ടെന്ന് തിരിച്ചറിയാൻ യൂണിഫോമിലെ ഏകീകൃത സ്വഭാവം അത്യാവശ്യമാണ്.
ആരോഗ്യവും ശുചിത്വവും: സിന്ദൂരം പോലുള്ള പൊടികൾ ചില സാഹചര്യങ്ങളിൽ ശുചിത്വത്തെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: Clarification on viral social media posts regarding airline grooming manuals., Air India confirms staff are permitted to wear bindis.
Published: 27 Apr 2026, 09:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented