സാമൂഹികമാധ്യമങ്ങളിലൂടെ ഏവര്‍ക്കും പരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ഇവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ യൂട്യൂബ് ചാനലില്‍ കഴിഞ്ഞദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അഹാന ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ഒഴിവുവേള ആസ്വദിക്കുന്ന 18 വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളായിരുന്നു അഹാന യൂട്യൂബിലുടെ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ഇടംപിടിച്ചു.

To advertise here,

18 വര്‍ഷം മുന്‍പുളള ഒരു ഞായറാഴ്ച എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം അഹാന യൂട്യൂബില്‍ കുറിച്ചത്. ഇത് പകര്‍ത്തിയത് അച്ഛനാണെന്നും ചേര്‍ത്തിരുന്നു. അഹാനയുടെയും സഹോദരങ്ങളുടെയും കുട്ടിക്കാലത്തെ ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. ഇഷാനിയും ഓസിയുമെല്ലാം കളിക്കുന്നതും അഹാന ഇളയസഹോദരിയായ ഹന്‍സുവിനെ താലോലിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. 'അച്ഛാ നമ്മള്‍ ബാംഗ്ലൂര്‍ പോകുമ്പോ ഇഷാനിയെ കൊണ്ടുപോവോ' എന്ന് അഹാന ചോദിക്കുന്നതും വീഡിയോയിലുണ്ട്.

'അച്ചോടാ എന്ത് രസമാ' എന്നായിരുന്നു വീഡിയോയ്ക്ക് ഒരാളുടെ കമന്റ്. ഇഷാനി അന്നും ഇന്നും ഒരേഭാവം, ഓസി കുട്ടിക്കാലം മുതലേ ഒറ്റയ്ക്കാണല്ലേ, ഹന്‍സു ക്യൂട്ടാണ് തുടങ്ങിയ കമന്റുകളെല്ലാം കമന്റ് ബോക്‌സില്‍ കാണാം. മക്കളുടെ കുട്ടിക്കാലത്തെ രസകരമായ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചതിന് കൃഷ്ണകുമാറിന് ബിഗ് സല്യൂട്ടെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡിയോകള്‍ വേണമെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.