കോള്‍ഡ്‌പ്ലേയുടെ സംഗീത പരിപാടിയിലൂടെ വിവാദത്തില്‍ പെട്ട അസ്‌ട്രോണമര്‍ കമ്പനിയുടെ മുന്‍ സിഇഒ ആന്‍ഡി ബൈറണ്‍ വീണ്ടും കുരുക്കില്‍. അഡള്‍ട്ട് കണ്ടന്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമായ ഓണ്‍ലി ഫാന്‍സുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. നേരത്തേ കോള്‍ഡ്‌പ്ലേ സംഗീതപരിപാടിക്കിടെ അസ്‌ട്രോണമറിലെ ജീവനക്കാരിക്കൊപ്പമുള്ള ദൃശ്യം പുറത്തുവന്നതോടെ ആന്‍ഡി ബൈറണ് സിഇഒ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഇതുകഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ വിവാദം. 

To advertise here,

ഓണ്‍ലി ഫാന്‍സിലെ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കായി ആന്‍ഡി ബൈറണ്‍ 2,50,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ) ചെലവഴിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിവിധ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സബ്‌സ്‌ക്രിപ്ഷന്‍, കസ്റ്റം വീഡിയോസ്, വീഡിയോ കോളുകള്‍ എന്നിവയ്ക്കായാണ് പണം ചെലവഴിച്ചത്. സോഫി റെയിന്‍ (യഥാര്‍ഥ പേര് ഇസബെല്ല ബ്ലെയര്‍) എന്ന ഓണ്‍ലി ഫാന്‍സിലെ കണ്ടന്റ് ക്രിയേറ്ററുമായി സ്വകാര്യമായ വീഡിയോ കോള്‍ ചെയ്യാന്‍ മാത്രമായി ആന്‍ഡി ബൈറണ്‍ 40,000 ഡോളര്‍ (35 ലക്ഷം രൂപ) ചെലവഴിച്ചുവെന്നും യുഎസ് മാധ്യമമായ ദി ബ്ലാസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

Also Read: 'വൈകാരികമായി തകർത്തു, എന്നെ 'മീം' ആക്കി'; കോള്‍ഡ്‌പ്ലേയ്‌ക്കെതിരെ നിയമനടപടിക്ക് അസ്ട്രോണമർ മുൻ സിഇഒ

ആന്‍ഡിയുടെ ഭാര്യയാണ് ഇത് സംബന്ധിച്ച സ്വകാര്യ മെസേജുകള്‍ പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാമിലെ രഹസ്യ അക്കൗണ്ട് വഴിയാണ് സോഫി റെയിനൊപ്പം ആന്‍ഡി ബൈറണ്‍ സ്വകാര്യ വീഡിയോ കോള്‍ ചെയ്തതെന്ന് ഈ മെസേജുകള്‍ സൂചിപ്പിക്കുന്നു. വിവാഹം കഴിഞ്ഞവരുമായാണ് താന്‍ കൂടുതലും സംസാരിക്കാറെന്ന് ഒരു മെസേജില്‍ ആന്‍ഡി സോഫിയോട് പറയുന്നുണ്ട്. 'ഓകെ, അഞ്ച് മിനിറ്റിനകം എന്നെ വിളിക്കൂ' എന്നാണ് സോഫി ഇതിന് മറുപടി നല്‍കിയത്. 

ബ്രസീലിയന്‍ മോഡലും ഓണ്‍ലി ഫാന്‍സ് കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കൂട്ടായ്മയായ ബോപ് ഹൗസിലെ അംഗമായ കമീലിയ അരൗജോയും ബൈറണെതിരേ രംഗത്തെത്തി. ഓണ്‍ലി ഫാന്‍സിലെ പല കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുവേണ്ടിയും ആന്‍ഡി പണം ചെലവഴിച്ചിട്ടുണ്ടെന്ന് 29-കാരിയായ കമീലിയ പറഞ്ഞു. ഇതിന്റെ റസീറ്റുകള്‍ താന്‍ കണ്ടിട്ടുണ്ട്. സബ്‌സ്‌ക്രിപ്ഷനുകള്‍, കസ്റ്റം വീഡിയോകള്‍, വീഡിയോ കോളുകള്‍ എന്നിവയ്‌ക്കെല്ലാമായി രണ്ടര ലക്ഷം ഡോളറാണ് ആന്‍ഡി ബൈറണ്‍ ചെലവഴിച്ചതെന്നും കമീലിയ പറയുന്നു. 

Related News: കോള്‍ഡ്‌പ്ലേ വിവാദം: സിഇഒയെ സസ്‌പെന്‍ഡ് ചെയ്തു, മൂല്യവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് കമ്പനി

ആന്‍ഡിയുടെ ഭാര്യ മേഗന്‍ കെരിഗനെ സമീപിച്ച കമീലിയ, കോള്‍ഡ്‌പ്ലേ വിവാദത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുപോലെ ആരെങ്കിലും അപമാനിക്കുകയും വഞ്ചിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഒന്നിച്ച് നില്‍ക്കേണ്ടതുണ്ടെന്ന് കമീലിയ വ്യക്തമാക്കി. 

അതേസമയം ആന്‍ഡി തന്റെ സബ്‌സ്‌ക്രൈബറാണോ എന്ന് സ്ഥിരീകരിക്കാന്‍ സോഫി റെയിന്‍ വിസമ്മതിച്ചു. എന്നാല്‍, ആന്‍ഡിയുടെ വിവാഹേതരബന്ധം തുറന്നുകാട്ടിയതിന് കോള്‍ഡ്‌പ്ലേയെ സോഫി അഭിനന്ദിച്ചു. വഞ്ചിക്കുന്നവരാണ് ലോകത്തെ ഏറ്റവും മോശം ആളുകളെന്ന് സോഫി പറഞ്ഞു. 

കോള്‍ഡ്‌പ്ലേ വിവാദം

ജൂലായിലാണ് കോള്‍ഡ്‌പ്ലേ കണ്‍സര്‍ട്ടിനിടെ വലിയ വിവാദസംഭവങ്ങള്‍ അരങ്ങേറിയത്. ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ മേധാവി ക്രിസ്റ്റിന്‍ കബോട്ടും പരസ്പരം ചേര്‍ത്തുപിടിച്ച് സംഗീതപരിപാടി ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്രിസ്റ്റീന്‍ കബോട്ട് നാണിച്ച് മുഖം മറയ്ക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.

Also Read: 'അസാധാരണം, അവിശ്വസനീയം'; കോൾഡ്‌പ്ലേ വിവാദത്തിലൂടെ പ്രശസ്തമായ അസ്‌ട്രോണമറിന്റെ പുതിയ സിഇഒ പറയുന്നു

ഇരുവരേയും ആദ്യം വീഡിയോയില്‍ കാണുമ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ 'ഇവരെ രണ്ടു പേരേയും നോക്കൂ' എന്ന് പറയുന്നുണ്ട്. എന്നാല്‍, ആന്‍ഡി ബൈറണും ക്രിസ്റ്റീന്‍ കബോട്ടും ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ 'അവര്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരിക്കാം, അല്ലെങ്കില്‍ നാണംകൊണ്ടായിരിക്കാം' എന്നും ക്രിസ് മാര്‍ട്ടിന്‍ പറയുന്നത് വീഡിയോയിലുണ്ട്. പിന്നീട് ഇത് അബദ്ധമായി എന്ന് മനസിലായപ്പോള്‍ 'ഞങ്ങള്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടില്ലെന്ന് കരുതുന്നു'വെന്നാണ് ക്രിസ് മാര്‍ട്ടിന്‍ പ്രതികരിച്ചത്.

വിവാദത്തിന് പിന്നാലെ ബൈറണെ അസ്ട്രോണമർ സസ്പെൻഡ് ചെയ്യുകയും തുടർന്ന് അദ്ദേഹം സിഇഒ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.