ലോകപ്രശസ്ത സംഗീത ബാന്‍ഡായ കോള്‍ഡ്‌പ്ലേയുടെ ഒറ്റ പരിപാടിയിലൂടെ പ്രശസ്തമായ യുഎസ് കമ്പനിയാണ് അസ്‌ട്രോണമര്‍. പ്രശസ്തിയാണോ കുപ്രസിദ്ധിയാണോ കമ്പനി നേടിയത് എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും കമ്പനിയുടെ പേര് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. കമ്പനിയുടെ സിഇഒയായിരുന്ന ആന്‍ഡി ബൈറണും എച്ച്ആര്‍ ജീവനക്കാരി ക്രിസ്റ്റിന്‍ കബോട്ടും കോള്‍ഡ്‌പ്ലേയുടെ പരിപാടിക്കിടെ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പരസ്യമായതോടെയാണ് അസ്‌ട്രോണമര്‍ പ്രശസ്തി നേടുന്നത്. 

To advertise here,

വിവാദമുണ്ടായി ദിവസങ്ങള്‍ക്കകം ആന്‍ഡി ബൈറണെ കമ്പനി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ ആന്‍ഡി കമ്പനിയുടെ സിഇഒ സ്ഥാനം രാജിവെക്കുകയും ചെയ്തു. ഇതിന് ശേഷം അസ്‌ട്രോണമറിന്റെ സിഇഒ സ്ഥാനത്തേക്കെത്തിയ വ്യക്തിയാണ് പീറ്റ് ഡി ജോയ്. കമ്പനിയുടെ ഇടക്കാല സിഇഒ സ്ഥാനം ഏറ്റടുത്തശേഷം പീറ്റ് പങ്കുവെച്ച ലിങ്ക്ഡ് ഇന്‍ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. 

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് അസ്‌ട്രോണമറിന്റെ സഹസ്ഥാപകന്‍ കൂടിയായ പീറ്റ് പോസ്റ്റില്‍ പറയുന്നു. അസ്‌ട്രോണമര്‍ ഇപ്പോള്‍ വീട്ടുപേരായിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ തങ്ങളുടെ ടീമിന് അസാധാരണവും അവിശ്വസനീയവുമായിരുന്നുവെന്നും പീറ്റ് പറയുന്നു. 

'അസ്‌ട്രോണമറില്‍ ഞങ്ങള്‍ ഒരിക്കലും വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. ഒരു ദശകത്തോളം കാലത്തിനിടെ പലവിധ പരീക്ഷണങ്ങളാണ് ഞങ്ങള്‍ നേരിട്ടത്. ഓരോതവണയും ഞങ്ങള്‍ കൂടുതല്‍ ശക്തരായി. ഒഹായോയിലെ സിന്‍സിനാറ്റിയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായി തുടങ്ങി. ഞങ്ങളുടെ പണം മുഴുവന്‍ സൂക്ഷിച്ചിരുന്ന ബാങ്ക് തകര്‍ന്നിട്ടും അതിനെ മറികടന്നു. പിന്നീട് മഹാമാരി കാലത്ത് 30 പേരില്‍ നിന്ന് 300 ജീവനക്കാര്‍ എന്ന നിലയിലേക്ക് വളര്‍ന്നു. ഒരേ മുറിയില്‍ ഇരുന്നല്ല ഞങ്ങള്‍ ഇതെല്ലാം ചെയ്തത്. ഇതെല്ലാം സംഭവിച്ചിട്ടും ഞങ്ങള്‍ ഈ നിലയിലെത്തി.' -പീറ്റ് കുറിച്ചു. 

'കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍ വലിയ മാധ്യമശ്രദ്ധനേടി. സാധാരണ ഒരു കമ്പനികള്‍ക്കും നേരിടേണ്ടി വരാത്ത ഒന്നാണ് ഇത്. ഞങ്ങളുടെ ടീമിനെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണവും അവിശ്വസിനീയവുമാണ്. ഇങ്ങനെയൊന്ന് സംഭവിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അസ്‌ട്രോണമര്‍ എന്നത് ഇപ്പോള്‍ വീട്ടുപേരാണ്.' -പീറ്റ് തുടര്‍ന്നു. ടീമിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പീറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.