1991-ല്‍ പുറത്തിറങ്ങിയ കിലുക്കാംപെട്ടി എന്ന ജയറാം ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച കഭി ഹാന്‍ കഭി നാ എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായ സുചിത്ര വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്നു.

To advertise here,

19-ാം വയസിൽ സിനിമയിലെത്തിയ അവര്‍ 22-ാം വയസിലാണ് വിവാഹിതയായത്. ബോളിവുഡ് താരം ശേഖര്‍ കപൂറിനെയാണ് അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കുട്ടിക്കാലത്തുതന്നെ സുചിത്രയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു പാക് ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാനേയോ ശേഖര്‍ കപൂറിനെയോ വിവാഹം ചെയ്യണമെന്നത്. 22-ാം വയസില്‍ അവര്‍ ആ ആഗ്രഹം സാധിക്കുകയും ചെയ്തു.

ശേഖര്‍ കപൂറുമായുള്ള വിവാഹത്തേയും വിവാഹമോചനത്തേയും കുറിച്ച് പല തവണ അവര്‍ സംസാരിച്ചിട്ടുണ്ട്. പ്രായത്തിന്റെ എടുത്തുചാട്ടമായിരുന്നു തന്റെ വിവാഹമെന്ന് അവര്‍ പറയുന്നു. വിശ്വാസവഞ്ചനേയേക്കാൾ ബഹുമാനമില്ലാത്ത പെരുമാറ്റമായിരുന്നു വേര്‍പിരിയലിലേക്ക് നയച്ചിതെന്നും അവര്‍ പറയുന്നു. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് തുടരുന്നതിനോട് ശേഖര്‍ കപൂറിന് താത്പര്യമില്ലായിരുന്നു. ജോലി ചെയ്യരുതെന്ന് പറയുന്ന ഒരാളുടെ ചിന്താഗതി മനസിലാക്കാന്‍ അന്ന് പറ്റിയില്ല. താന്‍ അന്ന് വളരെ നിഷകളങ്കയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

ചാമ്പ്യന്‍ എന്ന സിനിമയുടെ കാസ്റ്റിങ്ങിന്റെ സമയത്താണ് ശേഖര്‍ കപൂറിനെ സുചിത്ര ആദ്യമായി കാണുന്നത്. ഈ സിനിമ നടന്നില്ലെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തിന് അവിടെ തുടക്കം കുറിച്ചു. വളരെ പെട്ടെന്ന് സൗഹൃദത്തിലായി. അത് പ്രണയത്തിലേക്ക് വളര്‍ന്നു.  വിവാഹം കഴിക്കണമെന്ന് താന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നെന്നും ഇല്ലെങ്കില്‍ ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞുവെന്നും സുചിത്ര വ്യക്തമാക്കുന്നു.

എന്നാല്‍, സുചിത്രയുടെ മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തോട് ഒട്ടും താത്പര്യമില്ലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആയിരുന്നു പ്രധാന കാരണം. വിവാഹം കഴിക്കുമ്പോള്‍ ശേഖര്‍ കപൂറിന്റെ പ്രായം 52 വയസായിരുന്നു. സുചിത്രയുടെ അമ്മയുടെ അതേ പ്രായം. ഇതുകൂടാതെ ശേഖറിന്റെ രണ്ടാം വിവാഹം ആണെന്നതും സുചിത്രയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമായി. 

വിവാഹത്തില്‍നിന്ന് പിന്മാറണമെന്ന് അമ്മ എന്നോട് പലവട്ടം അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ ഞാന്‍ തീരുമാനവുമായി മുന്നോട്ടുപോയി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ വേര്‍പിരിയാന്‍ ഞാന്‍ തീരുമാനിച്ചു. വിദേശത്ത് സംഗീതം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പും ലഭിച്ചു. അങ്ങോട്ട് പോകാനിരിക്കേയാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ ബന്ധം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുറേകാലം നീണ്ടുപോയില്ല. എട്ടു വര്‍ഷം മാത്രമാണ് ദാമ്പത്യജീവിതം മുന്നോട്ടുപോയത്. സുചിത്ര പറയുന്നു

2020-ല്‍ ശേഖര്‍ കപൂറിനെതിരേ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് സുചിത്ര കേസ് കൊടുത്തത് വാര്‍ത്തയായിരുന്നു. അഭിനയത്തിലേക്ക് തിരിച്ചെത്തിയ സുചിത്ര ഇപ്പോള്‍ സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. മകള്‍ കാവേരി കപൂറും സുചിത്രയ്‌ക്കൊപ്പമുണ്ട്.