
അകാലത്തിൽ വിട പറഞ്ഞ ശിഷ്യയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഓർമക്കുറിപ്പ് പങ്കുവെച്ച് നടിയും നർത്തകിയുമായ ആശാ ശരത്. കാൻസർ ബാധിതയായിരുന്ന ജയശ്രീ എന്ന നർത്തകിയെ കുറിച്ചാണ് ആശ വൈകാരികമായി കുറിച്ചത്.
ഒരു വനിതാദിനത്തിലാണ് ജയശ്രീ തന്റെ ശിഷ്യയായതെന്നും സ്ത്രീ ശാക്തീകരണം എന്ന വാക്കിന്റെ നിർവചനമാണ് അവരെന്നും ആശ ശരത് പറയുന്നു. ധൈര്യത്തോടെ അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായിരുന്നു ജയശ്രീ. വേദനയുണ്ടായിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ കണ്ടിട്ടില്ല. ശ്വാസമുള്ള കാലത്തോളം ജയശ്രീ എന്ന ശിഷ്യയെ ഓർത്ത് അഭിമാനിക്കുമെന്നും ആശാ ശരത് കുറിച്ചു.
കാസർകോട് എൻമകജെയിലെ അസിസ്റ്റന്റ് കൃഷി ഓഫീസറായിരുന്ന ജയശ്രീ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് ഞായറാഴ്ച്ചയാണ് മരിച്ചത്. കാൻസറിന്റെ വേദനകൾക്കിടയിൽ നിന്നാണ് അവർ ആശാ ശരതിന്റെ അരികിൽ നൃത്തം പഠിക്കാനെത്തിയത്. ജയശ്രീ നൃത്തം പരിശീലിക്കുന്ന ഒരു വീഡിയോയും ആശ പങ്കുവെച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട ജയശ്രീ,ഈ കത്ത് എഴുതുമ്പോൾ വാക്കുകൾക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നില്ല...ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു.
കാൻസറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു. ഒരു വനിതാ ദിനത്തിലാണ് അവർ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാൻ വ്യക്തമായി ഓർക്കുന്നു. സ്ത്രീശക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിർവചനം രചിക്കപ്പെട്ടു.
ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു. ആ കൈകളും കാലുകളും ഞാൻ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോൾ അത് പരിശീലനം മാത്രമായിരുന്നില്ല , വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂർത്തമായിരുന്നു. വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല. ഓരോ ചുവടിലും, ഓരോ താളത്തിലും 'എനിക്ക് കഴിയില്ല' എന്ന വാക്ക് അവർ മറന്നിരുന്നു.
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സ്വപ്നവേദിയിൽ നർത്തകിയായ ദിവസം ഇന്നും എന്റെ മനസ്സിൽ തിളങ്ങുന്നൊരു ദീപമാണ്. ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച് നൃത്തം ചെയ്തപ്പോൾ വേദന പോലും അവർക്കു മുന്നിൽ തലകുനിച്ച നിമിഷമായിരുന്നു അത്. ജയശ്രീ, ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു.
എങ്കിലും...അവിടെയും ചിലങ്കയുടെ ശബ്ദം അവർ കേൾക്കും എന്നുറപ്പുണ്ട്. കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്. എന്റെ ശ്വാസമുള്ള കാലം മുഴുവൻ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും.'-ആശാ ശരത് കുറിച്ചു.
Content Highlights: actress and dancer asha sharath remembers her student jayashree
Published: 10 Feb 2026, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented