ബോളിവുഡിലെ ഏറ്റവും മികച്ച ഡാൻസർ ആരൊക്കെയാണെന്ന് ചോദിച്ചാൽ അതിൽ ഒഴിച്ചുകൂടാനാവാത്ത പേരാണ് കത്രീന കൈഫിന്റേത്. എനർജിയോടെയുള്ള അതിശയകരവുമായ നൃത്തച്ചുവടുകൾ കൊണ്ട് ആസ്വാദകരെ ഒന്നടങ്കം വിസ്മയിപ്പിക്കുന്ന നടിയാണ് കത്രീന. എന്നാൽ കത്രീനയ്ക്ക് കരിയറിന്റെ തുടക്കത്തിൽ അതിരൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന വെളിപ്പെടുത്തലാണ് ബോളിവുഡ് കൊറിയോഗ്രാഫർ ബോസ്‌കോ മാർട്ടിസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഒരു പോഡ്കാസ്റ്റിലാണ് അദ്ദേഹമിത് തുറന്നുപറഞ്ഞത്.

To advertise here,

നിനക്ക് ഡാൻസിൽ പൂജ്യം മാർക്കാണ്, അതിനാൽ ഈ പണി നിർത്തിപ്പോകുന്നതാണ് നല്ലത്' എന്ന് ഒരു പ്രമുഖ കൊറിയോഗ്രാഫർ കത്രീനയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നാണ് ബോസ്‌കോ മാർട്ടിസ് വെളിപ്പെടുത്തിയത്. സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ കത്രീന നടത്തിയ കഠിനാധ്വാനത്തിന്റെയും, ആക്ഷേപിച്ചവർക്ക് നൃത്തച്ചുവടുകൾ കൊണ്ട് മറുപടി നൽകിയതിന്റെയും കഥയാണ് ഒരു പോഡ്കാസ്റ്റിൽ ബോസ്‌കോ മാർട്ടിസ് പറഞ്ഞത്.

ആദ്യകാല വിമർശനങ്ങളോട് വാശിയോടെയാണ് കത്രീന പരിശ്രമിച്ചത്. തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ കത്രീനയ്ക്ക് നൃത്തം ഒട്ടും വഴങ്ങുന്നില്ലെന്നും, ഡാൻസിൽ വെറും വട്ടപ്പൂജ്യമാണെന്നും പറഞ്ഞ ഒരു കൊറിയോഗ്രാഫർ, അഭിനയം തന്നെ നിർത്തിപ്പോകാൻ അവരോട് ഉപദേശിക്കുക വരെയുണ്ടായി. എന്നാൽ ആ ക്രൂരമായ വാക്കുകൾ കത്രീനയെ തളർത്തിയില്ല. പകരം തന്റെ കഴിവിനെ വളർത്തിയെടുക്കാനുള്ള ഒരു വാശിയും പ്രേരണയുമായി അവർ അതിനെ മാറ്റിപ്പണിതു. അത്രമേൽ കഠിനാധ്വാനമാണ് കത്രീന ഓരോ നൃത്തച്ചുവടുകൾക്കും പിന്നിലും നടത്തിയതെന്നും ബോസ്‌കോ പറഞ്ഞു.

കരിയർ മാറ്റിയെഴുതിയ 'ഷീലാ കി ജവാനി'

ബോസ്‌കോയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ട് പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും പഴയ കാര്യങ്ങൾ ഓർത്തെടുത്തു. തുടക്കത്തിൽ കത്രീന ഡാൻസിന്റെ കാര്യത്തിൽ ഒരു നാലോ അഞ്ചോ റേറ്റിംഗിൽ നിൽക്കുന്ന ആളായിരുന്നുവെന്ന് ഫറ പറയുന്നു. 'മേനെ പ്യാർ ക്യോ കിയ' എന്ന ചിത്രത്തിലെ 'ജസ്റ്റ് ചിൽ' എന്ന ഗാനത്തിലാണ് ഫറ ആദ്യമായി കത്രീനയ്ക്കൊപ്പം പ്രവർത്തിക്കുന്നത്. 'ടച്ച് മീ ടച്ച് മീ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിൽ മുൻപ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും, ഒരു മികച്ച നർത്തകിയെന്ന നിലയിൽ കത്രീന അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും ഫറാഖാൻ പറഞ്ഞു.

എന്നാൽ 2010-ൽ പുറത്തിറങ്ങിയ 'തീസ് മാർ ഖാൻ' എന്ന ചിത്രത്തിലെ 'ഷീലാ കി ജവാനി' എന്ന ഗാനം കത്രീനയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറി. 'ആ പാട്ടോടെ കത്രീനയുടെ ഡാൻസ് റേറ്റിംഗ് പെട്ടെന്ന് 9 അല്ലെങ്കിൽ 10 ലേക്ക് കുതിച്ചുയർന്നു. അതിനുശേഷമാണ് 'ചിക്‌നി ചമേലി' 'കാലാ ചഷ്മ' (തുടങ്ങിയ ഐക്കോണിക് ഡാൻസ് നമ്പറുകൾ പിറവിയെടുത്തതെന്നും ഫറ വ്യക്തമാക്കി. ആദ്യകാലങ്ങളിൽ പൂജ്യമാണെന്ന് മുദ്രകുത്തപ്പെട്ട ഒരു കലാകാരി പിന്നീട് ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച നർത്തകിയായി മാറിയത് അവരുടെ അടങ്ങാത്ത ആഗ്രഹവും കഠിനാധ്വാനവും കൊണ്ടു മാത്രമാണെന്ന് ബോസ്‌കോയും പറഞ്ഞു.

വർഷങ്ങളോളം ഹിറ്റ് പാട്ടുകളിലൂടെയും പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച കത്രീന നിലവിൽ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. 2024-ൽ പുറത്തിറങ്ങിയ ശ്രീറാം രാഘവന്റെ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് കത്രീന ഒടുവിലായി അഭിനയിച്ചത്. വിജയ് സേതുപതി നായകനായ ഈ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. താരത്തിന്റെ വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളാണ് സമീപകാലത്ത് സംഭവിച്ചത്. നടൻ വിക്കി കൗശലുമായുള്ള വിവാഹശേഷം, 2025 നവംബറിലാണ് ഇരുവർക്കും വിഹാൻ കൗശൽ എന്ന ആൺകുഞ്ഞ് പിറന്നത്. മകനോടൊപ്പമുള്ള സന്തോഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് കത്രീനയിപ്പോൾ.