സിനിമാലോകത്ത് കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും നിലപാടുകളിലെ കൃത്യത കൊണ്ടും വേറിട്ടുനിൽക്കുന്ന നടിയാണ് രാധിക ആപ്‌തെ. ഇന്ത്യൻ സിനിമയിലെ സ്ത്രീ സങ്കൽപ്പങ്ങളെയും ക്യാമറയ്ക്ക് മുന്നിലെ നഗ്‌നതയെയും വ്യക്തിബന്ധങ്ങളിലെ സങ്കീർണ്ണതകളെയും കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജി ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിൽ, പുരുഷകേന്ദ്രീകൃത സിനിമകളിലെ സ്ത്രീ നോട്ടങ്ങളെക്കുറിച്ചും സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്ന അനാവശ്യ സമ്മർദങ്ങളെക്കുറിച്ചും രാധിക തുറന്നുപറഞ്ഞു.
സ്ത്രീവീക്ഷണവും ആൺനോട്ടങ്ങളുടെ സ്വാധീനവും
നൂറ്റാണ്ടുകളായി പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ജീവിച്ചു വളർന്നതുകൊണ്ടുതന്നെ, സ്ത്രീകളുടെ കാഴ്ചപ്പാടുകൾ പോലും പലപ്പോഴും പുരുഷനോട്ടങ്ങളുടെ പ്രതിഫലനമായി മാറിയിട്ടുണ്ടെന്ന് രാധിക പറയുന്നു. സ്വതന്ത്രമായ ഒരു സ്ത്രീവീക്ഷണം രൂപപ്പെടുത്തിയെടുക്കാൻ ഇനിയും സമയമെടുക്കും. സ്ത്രീ സംവിധായകരോടോ അണിയറ പ്രവർത്തകരോടോ ഒപ്പം ജോലി ചെയ്തതുകൊണ്ടു മാത്രം കാര്യങ്ങൾ എളുപ്പമാകണമെന്നില്ല. പലപ്പോഴും ഈ ഇൻഡസ്ട്രിയിൽ പുരുഷന്മാരാണ് തന്നോട് കൂടുതൽ ദയയും സഹാനുഭൂതിയും കാണിച്ചിട്ടുള്ളതെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും രാധിക പറഞ്ഞു.
സ്‌ക്രീനിലെ നഗ്നതയെയും ലൈംഗികരംഗങ്ങളെയും കുറിച്ച് കൃത്യമായ മുൻകരുതലുകൾ തനിക്കുണ്ട്. ലൈംഗികതയോ നഗ്നതയോ നേരിട്ട് കാണിക്കാതെ തന്നെ പല കാര്യങ്ങളും അതിനേക്കാൾ തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും. ഒരു സിനിമയിൽ നഗ്നത കാണിക്കുന്നത് ആ കഥാപാത്രത്തിന്റെയോ വിഷയത്തിന്റെയോ അത്യന്താപേക്ഷിതമായ ആവശ്യമാണോ, അതോ വെറുമൊരു കാഴ്ചക്കാരെ കൂട്ടാനുള്ള ഉപകരണമാണോ എന്ന് സംവിധായകർ സ്വയം ചോദിക്കേണ്ടതുണ്ട്.
അതിരുകൾ നിശ്ചയിക്കലും സെറ്റുകളിലെ അനുഭവങ്ങളും
തന്റെ കരിയറിന്റെ തുടക്കത്തിൽ നാലഞ്ച് സിനിമകളിൽ നഗ്നരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇതിന് ശേഷം പല സംവിധായകരും നിർമ്മാതാക്കളും 'ഇവൾ ഇത് ചെയ്‌തോളും' എന്ന ധാരണയിലാണ് സമീപിച്ചിരുന്നതെന്ന് രാധിക ഓർത്തെടുക്കുന്നു. ഈ ചിന്താഗതിയെ തനിക്ക് പ്രതിരോധിക്കേണ്ടി വന്നു. 'ഞാൻ മുൻപ് അത് ചെയ്തിട്ടുണ്ട്, അതുകൊണ്ടുതന്നെ കൂടുതൽ വ്യക്തതയുണ്ട്, ഈ രംഗം എന്തിനാണ് ചെയ്യുന്നതെന്ന് എന്നോട് കൃത്യമായി വിശദീകരിക്കണം' എന്ന് ഉറപ്പിച്ചു പറയാൻ തുടങ്ങി.
ചില സിനിമാ സെറ്റുകളിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും രാധിക തുറന്നടിച്ചു. തിരക്കഥയിൽ ഇല്ലാത്ത ചുംബനരംഗങ്ങൾ ഒരു 15 സെക്കൻഡ് ഇംപ്രൊവൈസ് ചെയ്ത് കൂടെ എന്ന് ചോദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഷർട്ടിന്റെ ബട്ടണുകൾ ഇടാതെ അഭിനയിക്കാമോ എന്ന് ഒരു സംവിധായകൻ ചോദിച്ചതിനെപ്പറ്റിയും അവർ തുറന്നുപറഞ്ഞു.
Content Highlights: Radhika Apte opens up about women's perspectives and challenges in male-dominated Indian cinema, sharing insights from her experiences on film sets.
Published: 24 Sept 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented