ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ കിലിയന്‍ മര്‍ഫിയുടെ കഥാപാത്രം പോലെയുണ്ട് എമിയെ ഇപ്പോള്‍ കാണാനെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. 

To advertise here,

എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എമി. കഥാപാത്രത്തിന് വേണ്ടിയാണ് മേക്കോവര്‍ നടത്തിയതെന്നും തന്റെ പുതിയ ലുക്കുമായി ബന്ധപ്പെട്ടുള്ള കുറ്റപ്പെടുത്തലുകള്‍ ദു:ഖകരമാണെന്നും എമി പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ഇന്ത്യയില്‍ നിന്ന് വന്ന കമന്റുകളില്‍ പുരഷന്‍മാരാണ് അധികവും മോശം പ്രതികരണം നടത്തിയത്. ഞാനൊരു അഭിനേതാവാണ്. എന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാന്‍ യുകെയില്‍ ഒരു പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ലുക്കില്‍ ഇങ്ങനെ മാറ്റം വരുത്തിയത്. ഇതിനു മുമ്പും കഥാപാത്രങ്ങള്‍ക്കു വേണ്ടി ലുക്ക് മാറ്റിയ പല നടന്‍മാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം അഭിനന്ദനമാണ് ലഭിച്ചത്. എന്നാല്‍ ഇന്നൊരു സ്ത്രീ ചെയ്തപ്പോള്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായി ഒരു സ്ത്രീ രൂപത്തില്‍ മാറ്റം വരുത്തിയാല്‍ അവരെ പരിഹസിക്കാനുള്ള അവകാശമുണ്ടെന്ന് പലരും കരുതുന്നു.' എമി അഭിമുഖത്തില്‍ പറയുന്നു. 

കാമുകന്‍ എഡ് വെസ്റ്റ്വിക്കിനൊപ്പം അടുത്തിടെ നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളിലും പെര്‍ഫെക്റ്റ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലുമാണ് വ്യത്യസ്തമായ ലുക്കില്‍ എമി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വന്‍ ചര്‍ച്ചയാകുകയായിരുന്നു. എമിയുടെ ഭംഗി മുഴുവന്‍ നഷ്ടപ്പെട്ടെന്നും രൂപമാറ്റത്തിനായി നടി മുഖത്തും ചുണ്ടിലും ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്നും ആരാധകര്‍ പറഞ്ഞു. 

മദ്രാസ് പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്സണ്‍. ഐ, 2.0, തങ്കമകന്‍,തെരി. 2.0, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്വിക്കിനും മകന്‍ ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്.