തന്റെ പുതിയ ചിത്രം ഗദര്‍ 2 വമ്പന്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍. 22 വര്‍ഷം മുമ്പ് ഇറങ്ങിയ ഗദറിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസായ ഗദര്‍ 2. സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്. ഒരു മാസം മുമ്പ് റിലീസ് ആയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

To advertise here,

ഇതിനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു സണ്ണിയുടെ മകന്‍ കരണ്‍ ഡിയോളിന്റെ വിവാഹം. ദൃശ ആചാര്യയെയാണ് കരണ്‍ വിവാഹം ചെയ്തത്. വിവാഹദിനത്തിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരേ രംഗത്തെത്തിരിക്കുകയാണ് സണ്ണി ഡിയോള്‍.

വിവാഹദിനത്തില്‍ ബന്ധുക്കള്‍ പലരും വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയെന്നും അവരോട് തനിക്ക് ദേഷ്യപ്പെടേണ്ടി വന്നെന്നും സണ്ണി പറയുന്നു. ആപ് കി അദാലത്ത് എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

'വിവാഹത്തിനെത്തിയ ചില ബന്ധുക്കളുടെ പ്രവര്‍ത്തിയില്‍ ഞാന്‍ വളരെയധികം അസ്വസ്ഥനായിരുന്നു. അവര്‍ വീടിനുള്ളില്‍ നിന്ന വീഡിയോയും ചിത്രങ്ങളുമെടുത്തു. വിവാഹം തീര്‍ത്തും സ്വകാര്യമായി നടത്താനാണ് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ അതു നടന്നില്ല. ഞാന്‍ കുറച്ചുപേരെ വഴക്കു പറഞ്ഞു. നിങ്ങള്‍ക്ക് നാണമില്ലേ എന്നുവരെ അവരോട് ചോദിക്കേണ്ടി വന്നു.'-സണ്ണി പറയുന്നു.

ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍പേര്‍ വീഡിയോ എടുത്തു. അത് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് താന്‍ മനസിലാക്കിയെന്നും സണ്ണി പറയുന്നു. ഈ വീഡിയോകളും ചിത്രങ്ങളും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയേയും താരം വിമര്‍ശിച്ചു. മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സോഷ്യല്‍ മീഡിയ. അതിലൂടെ എന്തും പറയാമെന്ന അവസ്ഥയായി. അത് ആളുകളെ എങ്ങനെ വേദനിപ്പിക്കുന്നു എന്ന് അവര്‍ ചിന്തിക്കുന്നില്ല. സണ്ണി വ്യക്തമാക്കുന്നു.