
കോട്ടയം: കല്യാണത്തിന് ഭക്ഷണമെത്തിക്കാതെ കാറ്ററിങ് ഉടമ മുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി തട്ടിപ്പിനിരയായ മറ്റൊരു കുടുംബം. കാഞ്ഞിരപ്പള്ളിയിലെ ഉദയം കാറ്ററിങ്ങിന്റെ ഉടമയായ വിഷ്ണു 1.5 ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നും നാട്ടുകാരുടെ മുമ്പിൽ വലിയ മാനക്കേട് ഉണ്ടായെന്നും മുണ്ടക്കയത്ത് വിവാഹിതയായ വധുവിന്റെ അമ്മ ബിനീതയും പിതാവ് രാജേഷും പറഞ്ഞു. നേരത്തെ ഇതേ കാറ്ററിങ് സംഘത്തിനെതിരേ കഞ്ഞിക്കുഴിയിലെ കുടുംബവും പരാതിയുമായി രംഗത്തെത്തിയിരുന്നു.
"അഡ്വാൻസായി 75,000 രൂപയാണ് കാറ്ററിങ് ഉടമയ്ക്ക് നൽകിയത്. അതുകഴിഞ്ഞ് ഇടയ്ക്കിടയ്ക്ക് വേറെയും പൈസ വാങ്ങിച്ചു. 1.40 ലക്ഷത്തോളം രൂപ ഇത്തരത്തിൽ ഇയാൾ വാങ്ങിയിരുന്നു. കല്യാണത്തിന്റെ തലേദിവസം ഭക്ഷണം വരാൻ താമസിച്ചു. വീട്ടിൽ സ്റ്റേജ് പോലും ഇട്ടിരുന്നില്ല. കല്യാണത്തിന്റെ അന്ന് രാവിലെ ഭക്ഷണത്തിനായി ആറ് മണി തൊട്ട് കാത്തിരുന്നു. ഇപ്പോ വരും എന്ന് പറഞ്ഞതല്ലാതെ ഭക്ഷണം എത്തിയില്ല. ഏഴ് മണിക്ക് ബ്രേക്ക് ഫാസ്റ്റ് എത്തിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ എത്തിയില്ല. ഒമ്പത് മണിവരെ നിരന്തരം വിളിച്ചു. എന്നിട്ടും വന്നില്ല. വീട്ടിൽനിന്ന് ഇറങ്ങാൻ സമയമായി. ഗസ്റ്റ് എല്ലാം എത്തി, ഇനി ഭക്ഷണം കൊണ്ടുവന്നിട്ട് എന്ത് ചെയ്യാനാണ് എന്ന് ചോദിച്ചു. ഉച്ചയ്ക്കത്തെ ഭക്ഷണം 10.30-ന് എത്തണം എന്ന് പറഞ്ഞു. അല്ലെങ്കിൽ വിഷയം മാറുമെന്ന് ഞാൻ പറഞ്ഞു. 10.30 ആയിട്ടും എത്തിയില്ല. താലികെട്ടുന്ന സമയത്തും ഞാൻ വിളിച്ചുകൊണ്ടിരിക്കുകയാണ്. കൊണ്ടു വരുന്നില്ലെങ്കിൽ അത് പറ എന്ന് പറഞ്ഞപ്പോൾ, നിങ്ങൾ വേറെ ഓർഡർ ചെയ്തോളൂ എന്ന് പറഞ്ഞു.
ആ സമയം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞായറാഴ്ച ആയതിനാൽ ഹോട്ടലുകളൊക്കെ അടച്ചിരുന്നു. എല്ലാവരും നാലുഭാഗത്തും നെട്ടോട്ടമായിരുന്നു. പിന്നീട് 26-ാം മൈലിലുള്ള ഹോട്ടലിൽ നിന്ന് 80 പേരുടെ ഭക്ഷണം എത്തിക്കുകയായിരുന്നു. കുറേപേർ കഴിക്കാതെ പോയി. സഹിക്കാൻ പറ്റിയില്ല. ഇനിയൊരു മാനഹാനി ആർക്കും ഉണ്ടാകരുത്. എന്ത് നഷ്ടപരിഹാരം തന്നുവെന്ന് പറഞ്ഞാലും നികത്താനാകില്ല. ചതിയായിരുന്നു. തീ തിന്നുകയായിരുന്നു.
പോലീസിന് പരാതിനൽകി. തിങ്കളാഴ്ച അയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പോലീസിനോടും വരുന്നെന്ന് പറഞ്ഞു, എന്നാൽ, വന്നില്ല. ലൊക്കേഷൻ നോക്കിയപ്പോൾ ആൾ എറണാകുളത്തായിരുന്നു. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്. വീഡിയോ കണ്ടാണ് വിളിച്ചത്. പാക്കേജ് കണ്ടപ്പോൾ എല്ലാം അതിൽ ഉണ്ടായിരുന്നു", കുടുംബം പറയുന്നു.
കാറ്ററിങ് ഉടമ വിഷ്ണുവിനെതിരേ നേരത്തെയും സമാനമായി പരാതി ഉയർന്നിരുന്നു. ഇയാൾ സ്ഥിരം തട്ടിപ്പുകാരനെന്നാണ് വിവരം. പെരുമ്പാവൂരിലും ഇത്തരത്തിൽ ഇയാൾ തട്ടിപ്പു നടത്തിയിരുന്നുവെന്ന് പരാതിക്കാരൻ കെ. എൽദോ പറഞ്ഞു. എൽദോയുടെ മകന്റെ വിവാഹത്തിന് ഓൺലൈൻ വഴിയായിരുന്നു പണം കൈമാറിയത്. മൂന്ന് ലക്ഷത്തോളം രൂപ ഇയാൾക്ക് കൈമാറിയിരുന്നുവെന്നും എന്നാൽ, ഭക്ഷണം എത്തിച്ചില്ലെന്നും എൽദോ പറഞ്ഞു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.
Content Highlights: Catering owner Vishnu took nearly 1.5 lakh rupees but failed to deliver food for the wedding., The family suffered immense public humiliation and had to arrange food from a distant hotel at the last minute., A police complaint has been filed, and the owner is currently untraceable.
Published: 16 Sept 2026, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented