
മകള്‍ ആരാധ്യ ബച്ചനെ വളര്‍ത്തുന്നതില്‍ ഐശ്വര്യ റായ് വഹിച്ച പങ്കിനെ കുറിച്ച് മനസ് തുറന്ന് അഭിഷേക് ബച്ചന്‍. ആരാധ്യയെ വളര്‍ത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കുള്ളതാണെന്നും അമ്മമാരെപ്പോലെ അത്രത്തോളം ത്യാഗം ചെയ്യാന്‍ അച്ഛന്‍മാര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും അഭിഷേക് പറയുന്നു. നയന്‍ദീപ് രക്ഷിതിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഷേക്.
ആരാധ്യ മികച്ച വ്യക്തിയാണെന്നും അവള്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അഭിഷേക് പറയുന്നു. എന്റെ കൈയ്ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന കുഞ്ഞു ആരാധ്യ ഇപ്പോള്‍ ഐശ്വര്യയേക്കാള്‍ ഉയരംവെച്ചുവെന്നും അഭിഷേക് പറയുന്നു.
'എല്ലാറ്റിന്റെയും ക്രെഡിറ്റ് പൂര്‍ണ്ണമായും അവളുടെ അമ്മയ്ക്കാണ് നല്‍കേണ്ടത്. എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാന്‍ സിനിമകള്‍ ചെയ്യാന്‍ പുറത്തുപോയിരുന്നു. ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ഭാരം വഹിക്കുന്നത് ഇപ്പോഴും ഐശ്വര്യയാണ്. അവള്‍ അസാമാന്യയാണ്. നിസ്വാര്‍ത്ഥയാണ്. അത് എനിക്ക് അത്ഭുതകരമായി തോന്നുന്നു. സാധാരണ അമ്മമാരെപ്പോലെ, അച്ഛന്മാര്‍ക്ക് അത്രത്തോളം ത്യാഗം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.
ഒരുപക്ഷേ നമ്മുടെ ചിന്താഗതി വ്യത്യസ്തമായിരിക്കാം. നമ്മള്‍ പുറത്തുപോകുന്നതിലും എന്തെങ്കിലും ജോലിയെടുക്കുന്നതിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ 'ഇല്ല, ഇതെന്റെ കുട്ടിയാണ്, ഇത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്' എന്ന് പറയാന്‍ കഴിയുന്നത് ഞാന്‍ ഒരു വരദാനമായി കരുതുന്നു. അതുകൊണ്ടായിരിക്കാം നമ്മള്‍ അമ്മമാരെ ആശ്രയിക്കുന്നത്. അതിനാല്‍ ആരാധ്യയുടെ കാര്യത്തില്‍ മുഴുവന്‍ ക്രെഡിറ്റും ഐശ്വര്യയ്ക്ക് തന്നെയാണ്.'-അഭിമുഖത്തില്‍ അഭിഷേക് പറയുന്നു.
ആരാധ്യ മികച്ചൊരു വ്യക്തിയായാണ് വളര്‍ന്നതെന്നും അഭിഷേക് പറയുന്നു. അവള്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്നും ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. 'അവളെ വളരെ ഉത്തരവാദിത്തമുള്ള ഒരു പെണ്‍കുട്ടിയായിട്ടാണ് ഐശ്വര്യ വളര്‍ത്തിയത്. അത് അവളുടെ വ്യക്തിത്വത്തിന്റെ തെളിവുമാണ്. അവള്‍ വ്യക്തിപരമായി എന്താണോ അതില്‍ നിന്ന് അവളെ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ അവളായിത്തന്നെ വളരുന്നു. അവള്‍ കുടുംബത്തിന്റെ അഭിമാനവും സന്തോഷവുമാണ്. ഓരോ ദിവസത്തേയും ജോലിക്കുശേഷം സന്തോഷമുള്ളതും ആരോഗ്യകരവുമായ ഒരു കുടുംബത്തിലേക്ക് മടങ്ങിവരുന്നതാണ് യഥാര്‍ഥ സന്തോഷം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.'-അഭിഷേക് അഭിമുഖത്തില്‍ പറയുന്നു.
Content Highlights: abhishek bachchan credits wife aishwarya rai for raising daughter
Published: 05 Jul 2025, 03:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented