To advertise here,

പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ബോളിവുഡ് താരം ആമിർ ഖാൻ്റെ കുടുംബത്തോടും സൗഹൃദത്തോടുമുള്ള കാഴ്ചപ്പാടുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ആമിറിൻ്റെ ആറുപത്തിയൊന്നാം ജന്മദിനം. മുംബൈയിലെ വസതിയിൽ നടന്ന ലളിതമായ ആഘോഷത്തിൽ ആമിറിന്റെ മുൻഭാര്യമാരും മക്കളും നിലവിലെ പങ്കാളിയും ഒന്നിച്ചെത്തിയതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മാർച്ച് 14-നായിരുന്നു ആമിർ ഖാന്റെ 61-ാം ജന്മദിനം. ആഘോഷങ്ങളിൽ ആമിറിന്റെ കാമുകി ഗൗരി സ്പ്രാറ്റ്, ആദ്യഭാര്യ റീന ദത്ത, രണ്ടാം ഭാര്യ കിരൺ റാവു എന്നിവരുമുണ്ടായിരുന്നു. മക്കളായ ജുനൈദ് ഖാൻ, ഐറ ഖാൻ, ആസാദ് റാവു ഖാൻ എന്നിവരും സന്തോഷത്തിൽ പങ്കുചേർന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

വീഡിയോയിൽ ആമിർ കേക്ക് മുറിക്കുന്നതും മക്കളായ ആസാദിനും ഐറയ്ക്കും കാമുകി ഗൗരി സ്പ്രാറ്റിനും നൽകുന്നതും കാണാം. ഐറ ഖാൻ നടത്തുന്ന 'അഗത്സു ഫൗണ്ടേഷൻ്റെ' മാനസികാരോഗ്യ പ്രവർത്തനങ്ങളെ ഇർഫാൻ പഠാൻ വീഡിയോയ്‌ക്കൊപ്പം കുറിച്ച സന്ദേശത്തിൽ പ്രശംസിക്കുകയും ചെയ്തു. റീന ദത്ത, ജുനൈദ് ഖാൻ എന്നിവർ പാർട്ടിക്ക് ശേഷം മടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ബോളിവുഡ് താരങ്ങളായ വിക്കി കൗശൽ, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, നിർമാതാവ് റിതേഷ് സിദ്ധ്വാനി തുടങ്ങിയവരും ആഘോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

തന്റെ പുതിയ സിനിമകളുടെ തിരക്കിലായതിനാൽ ഇത്തവണ വലിയ ആഘോഷങ്ങൾ ആമിർ ഒഴിവാക്കിയിരുന്നു. നിലവിൽ മകൻ ജുനൈദ് ഖാനും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏക് ദിൻ എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലാണ് അദ്ദേഹം. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. കൂടാതെ, സണ്ണി ഡിയോളിനെ നായകനാക്കി ആമിർ നിർമിക്കുന്ന ലാഹോർ 1947 ഓഗസ്റ്റ് 13-ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.