പിണറായി: 'മത്സരം തുടങ്ങാൻ മണിക്കൂറുകൾ. പാരീസാണ് വേദി. കഠിനമായ പരീശീലനത്തിന് ശേഷമുള്ള ആദ്യത്തെ ലോക അത്ലറ്റിക് മത്സരം. ട്രാക്കിൽ കാലെടുത്തുവയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം. തന്റെ സ്‌പോർട്‌സ് കിറ്റുകൾ മോഷണംപോയത് തിരിച്ചറിയുന്നത് ആ സമയത്താണ്. എന്ത് ചെയ്യണമെന്നറിയില്ല. ഞെട്ടിത്തരിച്ച് നിസ്സഹായയായിനിന്ന എനിക്കുമുന്നിൽ ദൈവത്തിന്റെ കൈ. മത്സരത്തിൽ പങ്കെടുക്കാനെത്തിയ മറ്റൊരു കായികതാരം തന്റെ കിറ്റുകൾ നൽകാം, മത്സരം മുടക്കരുതെന്ന് പറഞ്ഞ് ആത്മവിശ്വാസം പകർന്നു'. പിണറായിപ്പെരുമ സീസൺ എട്ടിന്റെ ഭാഗമായി നടന്ന പെരുമ ടോക്‌സിൽ സംസാരിക്കുകയായിരുന്നു പദ്മശ്രീ, ഖേൽരത്‌ന, അർജുന അവാർഡ് എന്നിവ സ്വന്തമാക്കിയ അഞ്ജു ബോബി ജോർജ്.
തന്നെക്കാൾ ഉയരവും വണ്ണവുമുള്ള ഒരു താരം. എങ്കിലും ആ മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹത്തിൽ കിറ്റ് കടമായി വാങ്ങി. മെല്ലിച്ച ശരീരമുള്ള എനിക്ക് ഒട്ടും പാകമാവാത്ത വസ്ത്രങ്ങൾ. എങ്കിലും കാര്യമാക്കിയില്ല. പിന്നുകളുടെ സഹായത്തോടെ വസ്ത്രങ്ങൾ ഉറപ്പിച്ച് നിർത്തി മത്സരത്തിൽ പങ്കെടുത്തു. ട്രാക്കിൽ ആശങ്കയോടെയായിരുന്നു. ചാട്ടങ്ങളിൽ സ്വന്തമായത് വെങ്കല മെഡൽ. രണ്ട് മില്ലി മീറ്റർ വ്യത്യാസത്തിൽ നഷ്ടമായത് സ്വർണ നേട്ടം. എങ്കിലും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. സ്വർണ നേട്ടവുമായി തിരികെ മടങ്ങാമെന്ന തന്റെ മത്സരത്തെ പിന്നോട്ടടിച്ചതായിരുന്നു ആ മോഷണം -അഞ്ജു ഓർമിച്ചു.
ലോക ചാമ്പ്യൻഷിപ്പിന്റെ 2-3 ദിവസം മുൻപ് ജർമനിയിൽ എത്തി. തന്റെ ശരീരഭാരം വല്ലാതെ കൂടുന്നു. അമിതഭക്ഷണമാണ് പ്രശ്‌നമെന്ന് ഭർത്താവും കായികതാരവുമായ റോബർട്ട് ബോബി ജോർജ് കളിയാക്കി. എങ്കിലും ഡോക്ടറെ കണ്ടുകളയാം എന്നായി തീരുമാനം. പരിശോധന പൂർത്തിയായപ്പോഴാണ് ഞെട്ടലോടെ ഞാനറിയുന്നത്. ഒരു കിഡ്‌നിയുമായാണ് ഇതുവരെയുള്ള തന്റെ യാത്രകളെന്ന്. മത്സരത്തിൽ പങ്കെടുക്കാതെ തിരികെ പോകാമെന്ന് നിശ്ചയിച്ചു. പക്ഷെ മടങ്ങാൻ മനസ്സുവന്നില്ല. പാരീസിലേക്ക് പോയി. പാരീസിൽ മുറിയിലിരുന്ന് മടുത്തപ്പോൾ പതിയെ പരിശീലനത്തിൽ സജീവമായി. പരിശീലകൻ മൈക്ക് പവലും ഭർത്താവും നൽകിയ ആത്മവിശ്വാസത്തിൽ ഒറ്റ കിഡ്‌നിയുമായി ട്രാക്കിലേക്ക് മടക്കം.
പടന്നക്കര ബേസിക് യുപി സ്‌കൂൾ ഏഴാംതരം വിദ്യാർഥികളായ വി. ശ്രീഷിദിന്റെയും അനഘ് ദേവിന്റെയും ചോദ്യമാണ് ചോദ്യോത്തരവേളയിലെ മികച്ച ചോദ്യമായി തിരഞ്ഞെടുത്തത്. കുട്ടികളുടെ കളിക്കുള്ള സമയം അപഹരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സ്‌കൂളുകളിൽ കളിക്ക് ഇപ്പോഴും രണ്ടാം സ്ഥാനമാണ്. എങ്ങനെ മറികടക്കും എന്നതായിരുന്നു ചോദ്യം. ധൈര്യമായി അധ്യാപകരോട് ചോദിക്കുക അത് നിങ്ങളുടെ സമയമാണ്. എന്നാൽ അധ്യാപകരുടെ അടികിട്ടാതിരിക്കാൻ സ്വയം ശ്രദ്ധിക്കണമെന്നുമായിരുന്നു അഞ്ജുവിന്റെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. തലശ്ശേരി എ.എസ്.പി. നന്ദഗോപാൽ മോഡറേറ്ററായി.
Content Highlights: a single kidney did not stop anju bobby georges leap to success
Published: 07 Feb 2026, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented