സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. വിവിധ സ്വഭാവങ്ങളുള്ള കണ്ടന്റുകളിലൂടെയാണ് ഇവര്‍ സമ്പാദിക്കുന്നത്. എന്നാല്‍, ഒന്നും ചെയ്യാതെ വെറുതെ കിടന്ന് ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നാണ് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാലും ഒരുദിവസം താന്‍ 300,000 യുവാന്‍ (35 ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ടെന്നാണ് ചൈനീസ് ഇന്‍ഫ്‌ളുവന്‍സറായ ഗു സിക്സിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

To advertise here,

ഫെബ്രുവരി എട്ട് മുതല്‍ 16 വരെയുള്ള ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് 10.39 ലക്ഷം യുവാന്റെ (12.14 കോടി രൂപ)വരുമാനമുണ്ടായി ഇതില്‍ കമ്മീഷന്‍ മാത്രം 2.79 മില്ല്യണ്‍ യുവാന്‍ (3.33 കോടി രൂപ) ലഭിക്കുമെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ലൈവ് സ്ട്രീമിനിടെയാണ് ഗു സിക്സി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഇതിനിടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം എന്ന പരാമര്‍ശത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇവര്‍ക്കെതിരേ ഉയരുന്നത്. അഞ്ച് മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇവര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലുള്ളത്. 

ഇന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ ഒന്നും ചെയ്യാതെ വെറുതെ കിടക്കുകയായിരുന്നു. പക്ഷെ എന്റെ ഡുയിന്‍(Douyin) ഷോപ്പിലൂടെ 1.16 മില്ല്യണ്‍ യുവാന്റെ വില്‍പ്പന നടന്നു. ഇതില്‍ 303,200 യുവാന്‍ കമ്മീഷനായി മാത്രം എനിക്ക് ലഭിച്ചുവെന്നാണ് ഗു സിക്‌സി പറയുന്നത്. ഞാന്‍ ഇപ്പോള്‍ പറഞ്ഞത് എന്റെ മാസ വരുമാനമല്ല, ഒരു ദിവസമുണ്ടാക്കുന്ന വരുമാനമാണ്. നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നതിന് അനുസരിച്ച് ഞാന്‍ സമ്പാദിച്ചുകൊണ്ടിരിക്കുമെന്നാണ് ഗു സിക്‌സി വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. 

ഗു സിക്സി ചൈനയിലെ ഒരു വിവാദ സെലിബ്രിറ്റിയാണ്. തെക്കുകിഴക്കന്‍ ചൈനയില്‍ നിന്നുള്ള 25-കാരിയായ ഈ സോഷ്യല്‍ മീഡിയ താരം വിചിത്രമായ പ്രവര്‍ത്തികളിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. പിങ് പോങ് ബോള്‍ വിഴുങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളായിരുന്നു ഇവര്‍ ചിത്രീകരിച്ചിരുന്നത്. ഇതിനുപുറമേ, അശ്ലീല ഉള്ളടക്കവും സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്തതിന് ഒന്നിലധികം തവണ ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ആദ്യമായാണ് ഗു സിക്സി തന്റെ വരുമാനം വെളിപ്പെടുത്തുന്നത്. മുമ്പ് 2000 സ്‌ക്വയര്‍ മീറ്റര്‍ വില്ല സ്വന്തമാക്കാന്‍ ഒരുങ്ങുകയാണെന്നും അതിന് 20 മില്ല്യണ്‍ യുവാന്‍ (23.41 കോടി രൂപ) ചിലവ് വരുമെന്നും അറിയിച്ചിരുന്നു. വെറുതെ ഇരുന്ന് പണം സമ്പാദിക്കുമെന്ന് പറഞ്ഞത് പിന്നീട് ഗു സിക്സി തിരുത്തി. എന്റെ ഈ പ്രസ്താവന ആളുകളെ പ്രകോപിപ്പിച്ചെന്നാണ് കരുതുന്നത്. എനിക്ക് ലഭിക്കുന്ന ഓരോ യുവാനും കഷ്ടപ്പെട്ട് സമ്പാദിക്കുന്നതാണെന്നായിരുന്നു അവര്‍ പറഞ്ഞത്.