108 വയസ്സായി ജപ്പാന്‍ സ്വദേശിയായ ഷിറ്റ്‌സുയി ഹകോയ്ഷിക്ക്. ഗിന്നസ് ലോകറെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും പ്രായംകൂടിയ വനിതാ ബാര്‍ബര്‍ ആണിവര്‍. 14-ാം വയസ്സില്‍ സ്വീകരിച്ച തൊഴില്‍ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 94 വര്‍ഷമായി ബാര്‍ബര്‍ രംഗത്ത് സജീവമാണ് ഹകോയ്ഷി. മാര്‍ച്ച് അഞ്ചിന് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയില്‍ നടന്ന ചടങ്ങിലാണ് ഗിന്നസ് റെക്കോഡ് അംഗീകാരം ലഭിച്ചത്. ഹകോയ്ഷി ഇപ്പോഴും ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഇടംകൂടിയാണിത്.
1931-ല്‍ സ്വന്തം നാട്ടില്‍നിന്ന് ടോക്യോവിലെത്തിയ ഹകോയ്ഷി, അവിടെ ചെറിയ ഒരു സലൂണില്‍ ജോലിക്കാരിയായി കരിയര്‍ ആരംഭിച്ചു. 20 വയസ്സുള്ളപ്പോള്‍ ബാര്‍ബര്‍ ലൈസന്‍സ് നേടി. ഇതോടെ 1939-ല്‍ ഹകോയ്ഷിയും ഭര്‍ത്താവും ടോക്യോവില്‍ സ്വന്തമായി ബാര്‍ബര്‍ ഷോപ്പിട്ടു. പക്ഷേ, രണ്ടാംലോക മഹായുദ്ധത്തില്‍ ഹകോയ്ഷിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഒരു വ്യോമാക്രമണത്തില്‍ അവരുടെ സലൂണ്‍ തകര്‍ന്നുവീഴുകയും ചെയ്തു.
ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട ഹകോയ്ഷി പക്ഷേ, പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍തന്നെ തീരുമാനിച്ചു. 1953-ല്‍ നകഗാവയില്‍ പുതിയ ബാര്‍ബര്‍ഷോപ്പ് തുറന്നു. ആ നിലയില്‍ പ്രശസ്തയായ അവരെ, 2020 ടോക്യോ ഒളിമ്പിക്‌സില്‍ ദീപശിഖയേന്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക് ടോര്‍ച്ചിന് തുല്യമായ ഭാരമുള്ള ദണ്ഡ് വഹിച്ചുകൊണ്ട് ദിവസവും ആയിരത്തിലധികം ചുവടുകള്‍ നടന്ന് പരിശീലനം നടത്തി.
ഭക്ഷണക്രമീകരണം, എല്ലാദിവസവും രാവിലെ നടത്തം, മറ്റു വ്യായാമങ്ങള്‍ എന്നിവയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് ഹകോയ്ഷി പറയുന്നു. ഗിന്നസ് ലോകറെക്കോഡ് നേടുക എന്നത് തന്റെ ലക്ഷ്യമായിരുന്നു. അത് നേടിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു.
Content Highlights: Shitsui Hakoishi
Published: 13 Mar 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented