പത്തനംതിട്ട: ഒരു മിനിറ്റിൽ ഏറ്റവുംകൂടുതൽ തവണ അമ്മ എന്ന് പറഞ്ഞാൽ റെക്കോഡ് കിട്ടുമോ? അഞ്ച് മിനിറ്റ് നിർത്താതെ കണ്ണുചിമ്മിയാലോ? 30 സെക്കൻഡിൽ 50 തവണ തലയിൽ കൈവെച്ചാൽ റെക്കോഡാകുമോ?. സംശയിക്കേണ്ട. ഇതിനൊക്കെ റെക്കോഡ് തരാൻ വലിയ സംഘം രംഗത്തുണ്ട്. കേവലം 499 രൂപ ചെലവേയുള്ളൂ.

To advertise here,

നിങ്ങളുടെ മകനോ മകൾക്കോ ലോക റെക്കോഡ് വേണമെങ്കിൽ ഇവർക്കു തലവെച്ചുകൊടുത്താൽ മാത്രം മതി.

കഴിവുവേണ്ടാ, പരിശീലനം വേണ്ടാ, വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടാ. ഒരു ഫോൺകോളും ഒരു വാട്സാപ്പ് മെസേജും മതി. പിറ്റേന്ന് സർട്ടിഫിക്കറ്റ് ഫോണിലെത്തും. കുറച്ചുദിവസങ്ങൾക്കുശേഷം മെഡലും എത്തും.

ഇന്ത്യയിൽ മാത്രം 170-ലധികം തട്ടിക്കൂട്ട് റെക്കോഡുകളുണ്ട്. കൂടുതൽ റെക്കോഡുകളുടെയും ആസ്ഥാനം തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളാണ്. ഒൻപത് റെക്കോഡുകൾ വരെ ഒരാൾ നൽകുന്നുണ്ട്. മറ്റ് രാജ്യങ്ങളിലാണ് ആസ്ഥാനം എന്നപേരിൽ ആളുകളെ കെണിയിൽ വീഴ്ത്തുകയാണ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നും അമേരിക്ക, പാരീസ്, ലണ്ടൻ എന്നിവിടങ്ങളിലാണ് ആസ്ഥാനമെന്നും പ്രാദേശിക ഓഫീസ് ഡൽഹിയിലാണെന്നും പറഞ്ഞാണ് ആളുകളെ ബന്ധപ്പെടുന്നത്.

ഗിന്നസ് റെക്കോഡിനു തുല്യമാണ് ഈ റെക്കോഡുകളെന്നും പറയും. ഏതെങ്കിലും രാജ്യത്തിന്റെ പേരിലുള്ള റെക്കോഡ്, പ്രശസ്തരായ കവികൾ, ശാസ്ത്രജ്ഞർ എന്നിവരുടെ പേരിലുള്ള റെക്കോഡ് തുടങ്ങി എന്തും വീട്ടിലെത്തും. ഏറ്റവുംചെറിയ ചിത്രം വരച്ചതിന്, അഞ്ച് മിനിറ്റിൽ നൂറുപഴങ്ങൾ തിരിച്ചറിഞ്ഞതിന്, ഒരു മിനിറ്റിൽ ഏറ്റവുംകൂടുതൽ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞതിന്, മൂന്ന് വയസ്സിൽ 20 തിരുവാതിരപ്പാട്ട് പാടിയതിന് എന്നിങ്ങനെ കുട്ടികളെ ലക്ഷ്യമിട്ടാണ് ഏറെയും റെക്കോഡുകൾ. വീഡിയോ എടുത്ത് അയച്ചാൽ മാത്രം മതി.

ഇങ്ങനെ വാഗ്ദാനംചെയ്ത ഒരാളെ തിരിച്ചുവിളിച്ചപ്പോൾ കൊച്ചിയിലാണ് ഓഫീസ് എന്നുപറഞ്ഞു. റെക്കോഡ് നേരിട്ടുവന്ന് വാങ്ങാമെന്നു പറഞ്ഞപ്പോൾ ഓഫീസില്ല, ഓൺലൈനിലാണെന്നായിരുന്നു മറുപടി.

ചെലവ് 25,000 വരെ

499 രൂപ മുതൽ 25,000 രൂപ വരെ വാങ്ങി റെക്കോഡുകൾ കൊടുക്കുന്നുണ്ട്. ഡിജിറ്റൽ സർട്ടിഫിക്കറ്റ് ആണെങ്കിൽ 499 രൂപ. ഫ്രെയിംചെയ്ത് സർട്ടിഫിക്കറ്റ് വേണമെങ്കിൽ 2,500 രൂപ. ഗോൾഡൻ ഫ്രെയിം വേണമെങ്കിൽ 25,000 രൂപ. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ ഏജന്റുമാരുണ്ട്. റെക്കോഡിനായി ആളുകളെ കണ്ടെത്തിനൽകുന്നതിന് ഇവർക്ക് കമ്മിഷനുണ്ട്. 25 റെക്കോഡ് കിട്ടിയാൽ ഗിന്നസ് റെക്കോർഡ് കിട്ടുമെന്ന് പറഞ്ഞ് പറ്റിക്കപ്പെട്ട രക്ഷിതാക്കളുണ്ട്.