ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഇലക്ട്രിക് ഹൈപ്പർ കാറുകൾ, ഏറ്റവുമധികം റേഞ്ചുള്ള ഇലക്ട്രിക് കാറുകൾ തുടങ്ങി നിരവധി വാഹനങ്ങളാണ് ചൈനയിൽ നിന്ന് ലോകത്തിലേക്ക് എത്തുന്നത്. ഒടുവിൽ ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു ഇലക്ട്രിക് കാർ. ജിഎസി ഹൈപ്‌ടെക് എസ്എസ്ആർ എന്ന കാറാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

To advertise here,

213.52 കിലോമീറ്റർ വേഗത്തിൽ എത്തിയാണ് ഈ വാഹനം ഡ്രിഫ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവറായ ജേസൺ യെ ആണ് ജിഎസി ഹൈപ്‌ടെക് എസ്എസ്ആറിലൂടെ ഈ നേട്ടം കൈവരിച്ച് വ്യക്തി. ഡ്രിഫ്റ്റ് ചെയ്ത ശേഷം 132 മൈൽ വേഗത്തിൽ വാഹനം മുന്നോട്ട് എടുത്ത് പോകുകയും ചെയ്തതായാണ് ദൃശ്യങ്ങളിലുള്ളത്. വാഹനം വേഗത്തിൽ ഓടിച്ചുവരുന്നതിന്റെയും ഡ്രിഫ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റെക്കോഡ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ബ്ലാക്ക് നിറത്തിലുള്ള ജിഎസി ഹൈപ്‌ടെക് എസ്എസ്ആർ ഇലക്ട്രിക് കാർ ഒരു ട്രാക്കിലൂടെ വേഗത്തിൽ വരുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് ഇത് വരുന്ന വേഗത്തിൽ തന്നെ ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. 2025 ഒക്ടോബർ 29-ൽ ചൈനയിലെ ബീജിങ്ങിലാണ് ഈ റെക്കോഡ് പ്രകടനം നടന്നത്. സാവോ ജുൻഫെങ് 2022-ൽ സീക്കർ എന്ന വാഹനത്തിൽ നേടിയ 207.996 കിലോമീറ്റർ വേഗത്തിലെ ഡ്രിഫ്റ്റിങ്ങ് റെക്കോഡ് ആണ് ജേസൺ യെ തിരുത്തി കുറിച്ചിരിക്കുന്നത്.

50 മീറ്ററിലധികം ദൂരം 30 ഡിഗ്രി ഡ്രിഫ്റ്റ് ആംഗിൾ നിലനിർത്തിയുമാണ് ജേസൺ യെ ഈ റെക്കോഡ് സൃഷ്ടിച്ചത്. റെക്കോഡ് പ്രകടനത്തിനായി ഉപയോഗിച്ച ഹൈപ്‌ടെക് എസ്എസ്ആർ എന്ന കാർ മൂന്ന് മോട്ടോറുകളുള്ള ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലുള്ള വാഹനമാണ്. മുന്നിൽ 320 കിലോവാട്ട് ശേഷിയുള്ള ഒരു പെർമനെന്റ് മാഗ്‌നെറ്റ സിൻക്രണസ് മോട്ടോറും പിന്നിൽ 260 കിലോവാട്ടും 320 കിലോവാട്ടും ശേഷിയുള്ള രണ്ട് മോട്ടോറുകളുമാണ് നൽകിയിരിക്കുന്നത്. 1224 എച്ച്പിയാണ് ഇവയുടെ കംപയ്ൻഡ് പവർ.

വേഗതയുടെ കാര്യത്തിലും ഈ വാഹനം വളരെയേറെ മുന്നിലാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 1.9 സെക്കന്റ് സമയം മാത്രമാണ് ഈ വാഹനം എടുക്കുന്നത്. മണിക്കൂറിൽ 251 കിലോമീറ്ററാണ് ഹൈപ്‌ടെക് എസ്എസ്ആറിന്റെ പരമാവധി വേഗത. ICE മോഡൽ കാറിൽ ഏറ്റവും വേഗതയേറിയ ഡ്രിഫ്റ്റ് റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത് നിസാൻ ജിടി-ആർ നിസ്‌മോ എന്ന കാർ ഉപയോഗിച്ചാണ്. 304.96 കിലോമീറ്ററായിരുന്നു റെക്കോഡ് വേഗത.