കാഞ്ഞങ്ങാട്: സ്വിഗ്ഗിയും സൊമാറ്റോയുമുൾപ്പെടെയുള്ള ഓൺലൈൻ ഭക്ഷണവിതരണക്കാരോട് 10 മിനുട്ട് സമയപരിധി പറഞ്ഞുള്ള ബിസിനസ് വേണ്ടെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ ആശ്വാസം കൊള്ളുന്നു ഡെലിവറി പാർട്ണർമാർ. 10 മിനുട്ടെന്നത് കൂട്ടാവുന്നതേയുള്ളൂവെന്നാണ് ഓൺലൈൻ വിതരണത്തെ ആശ്രയിക്കുന്നവരും പറയുന്നത്. ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്താൽ 10 മിനിറ്റിനകം പറഞ്ഞ സ്ഥലത്തെത്തിക്കുമെന്നായിരുന്നു പരസ്യവാചകം. ഇത് കാര്യക്ഷമമാക്കാനുള്ള ജീവൻ പണയംവച്ചുള്ള ഓട്ടമാണ് ഡെലിവറി പാർട്ണർമാരുടെത്.
10 മിനിട്ട് കഴിഞ്ഞാൽ ഫോണിൽ അലാറം മുഴങ്ങിക്കൊണ്ടേയിരിക്കും. ഒന്നോ രണ്ടോ മിനുട്ടേ വൈകിയുള്ളൂവെങ്കിലും ഓർഡർ ചെയ്തവർ, എന്തേ 10 മിനുട്ടിനുള്ളിലെത്തിയില്ലല്ലോയെന്ന് പറയും. മാനസിക സമ്മർദത്തിനൊടുവിൽ ലക്ഷ്യസ്ഥാനത്തെത്തി സാധനം കൊടുക്കുമ്പോൾ, ഇത്തരം കമന്റുകൾകൂടി കേൾക്കണമെന്ന് ഡെലിവറി പാർട്ണർമാർ. സമയം പറഞ്ഞതുകൊണ്ട് മാത്രമാണ് ഇത്തരം ചോദ്യങ്ങളുണ്ടാകുന്നതെന്ന് ഓർഡർ ചെയ്യുന്നവർ പറയുന്നു. സമയപരിധി വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ഇത്തരം ഓൺലൈൻ കമ്പനിയും ഡെലിവറി പാർട്ണർമാരും തമ്മിൽ നേരിട്ടൊരു ബന്ധവുമില്ല. മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ പേരും ആധാർകാർഡും നൽകുന്നു. ഡെലിവറി പാർട്ണർമാരായി നിയമിച്ചാൽ ഒരു സന്ദേശം വരും. 199 രൂപ അടയ്ക്കണം. സാധനങ്ങൾ ഡെലിവറി ചെയ്യാനുള്ള ബാഗ് ഓൺലൈനിലെത്തും. രാവിലെ ഒൻപതര മുതൽ പണി തുടങ്ങും. ഒൻപതുമണിക്കൂർ എന്തായാലും പണിയെടുക്കണം. തുടരുന്നുണ്ടെങ്കിൽ രാത്രി വൈകിയും പണിയെടുക്കാം. പ്രതിദിനം 500 രൂപയാണ് കൂലി. ഓരോ വിതരണത്തിനും ഇൻസെന്റീവുണ്ട്. ദൂരമനുസരിച്ച് അത് കൂടും. ഇൻസെന്റീവ് തുക വാഹനത്തിൽ പെട്രോൾ അടിക്കാനേ തികയൂവെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു.
മാനസികസമ്മർദം പറഞ്ഞറിയിക്കാനാകാത്തത്
‘10 മിനുട്ടിൽ സർവീസ് വേണ്ടെന്ന ഉത്തരവ് വലിയ ആശ്വാസമാണ്. ആ സമയത്തിനുള്ളിൽ സാധനമെത്തിക്കേണ്ടതിനെക്കുറിച്ച് മാത്രമാണ് ചിന്ത. ട്രാഫിക് കുരുക്കും പൊളിഞ്ഞ റോഡുമെല്ലാം ഉണ്ടാക്കുന്ന മാനസികസമ്മർദം പറഞ്ഞറിയിക്കാനാകാത്തതാണ്’- ഖാലിദ് പള്ളിപ്പുഴ, ഡെലിവറി പാർട്ണർ
മാനസികസമ്മർദം കുറയും
‘10 മിനുട്ടിനുള്ളിൽ സാധനമെത്തിക്കുകയെന്നത് വലിയ മാനസിക സമ്മർദമാണുണ്ടാക്കുന്നത്. നെഞ്ചുപിടച്ചിലിന്റെ വേഗം എത്രയെന്ന് പറയാനാകില്ല. അലാറം അടിക്കും മുൻപേ ഓടിയെത്തണം. അപകടത്തിൽപ്പെടാതിരിക്കുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഒട്ടും വൈകാതെ സാധനമെത്തിക്കാൻ ഓരോ ഡെലിവറി പാർട്ണറും ശ്രമിക്കുന്നുണ്ട്. സമയപരിധി വയ്ക്കുമ്പോഴാണ് പ്രശ്നം’- പി.മുഹമ്മദ് അൽത്താഫ്, ഡെലിവറി പാർട്ണർ, നീലേശ്വരം
10 മിനുട്ടാണ് പ്രശ്നം
‘10 മിനുട്ട് എന്നു പറയുന്നതാണ് പ്രശ്നം. എന്തിനാണ് ഇത്രയും ചുരുങ്ങിയ സമയം പറയുന്നത്. സമയപരിധി കൂട്ടാലോ. എത്ര സമയമാണോ പറയുന്നത് അത്രയും സമയം കാത്തിരിക്കാൻ ആളുകൾക്ക് ഒരു പ്രയാസവുമുണ്ടാകില്ല. 10 മിനുട്ടെന്നത് ഒഴിവാക്കിയത് ആശ്വാസമാകും. അതു നല്ല കാര്യമാണ്’ -വില്യംസ് ജോസഫ്, കാഞ്ഞങ്ങാട്
Content Highlights: Delivery partners express relief as government scraps 10-minute delivery deadline for Swiggy & Zomato.
Published: 16 Jan 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented