
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായില്‍ സ്ഥതിചെയ്യുന്ന ബുര്‍ജ് ഖലീഫയാണെന്ന് അറിയാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ഏതാണെന്ന് അറിയാമോ? അതെ, മെര്‍ദേക്ക 118 തന്നെ. മലേഷ്യയിലെ ക്വാലലംപൂരിലാണ് കെട്ടിടം. മെര്‍ദേക്ക 118-ല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ് പാര്‍ക്ക് ഹയാത്ത്. ഇതോടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടല്‍ എന്ന ഖ്യാതി ക്വാലലംപൂരിലെ പാര്‍ക്ക് ഹയാത്തിന് സ്വന്തമായിരിക്കുകയാണ്.
മലേഷ്യയുടെ സാംസ്‌കാരിക, സാമ്പത്തിക, വിനോദസഞ്ചാര, രാഷ്ട്രീയ, വാണിജ്യ കേന്ദ്രമാണ് ക്വാലലംപൂര്‍. ഇവിടേക്ക് യാത്ര പോകുന്നവര്‍ക്ക് ഇനി പാര്‍ക്ക് ഹയാത്തിലേക്കും പ്രവേശിക്കാം.
മികച്ച വ്യക്തിഗത സേവനം, വിശിഷ്ടമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ട ഒരു ആഡംബര ഹോട്ടല്‍ ശൃംഖലയാണ് പാര്‍ക്ക് ഹയാത്ത്. പാര്‍ക്ക് ഹയാത്ത് ക്വാലാലംപൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ക്കൊപ്പം ആഡംബരപൂര്‍ണമായ സൗകര്യങ്ങളും പ്രദാനംചെയ്യുന്നു. 2,227 അടിയാണ് മെര്‍ദേക്ക 118-ന്റെ ഉയരം. ഇതിലെ 75-ാം നിലയിലാണ് പാര്‍ക്ക് ഹയാത്ത് സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയാണ് മെര്‍ദേക്ക 118.
ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങള്‍
ലോകമെമ്പാടുമുള്ള ഉയരം കൂടിയ ചില കെട്ടിടങ്ങള്‍ കാണാനും വാസ്തുവിദ്യ, എഞ്ചിനീയറിങ്, ഡിസൈന്‍ എന്നിവയിലെ അത്ഭുതങ്ങള്‍ കണ്ട് ആസ്വദിക്കാനുമായി നിരവധി പേര്‍ പല രാജ്യങ്ങളിലേക്കും യാത്രചെയ്യാറുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചില കെട്ടിടങ്ങളിതാ;
ബുര്‍ജ് ഖലീഫ, ദുബായ്
2,717 അടി ഉയരത്തില്‍ നില്‍ക്കുന്ന കെട്ടിടമാണിത്. നിരീക്ഷണ കേന്ദ്രങ്ങള്‍, റെസ്റ്ററന്റുകള്‍, ആഡംബര വസതികള്‍, ഓഫീസുകള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്. ദുബായിലെ സ്‌കൈലൈന്‍ പോലെ ഒരിക്കലെങ്കിലും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമായി മാറിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ.
ഷാങ്ഹായ് ടവര്‍ -ചൈന
2,073 അടി ഉയരമുള്ള ഇത് ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഇത് ഷാങ്ഹായിയുടെ മനോഹരമായ കാഴ്ചകള്‍ നല്‍കുന്നു. ഷാങ്ഹായ് സിറ്റി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ ടവറിലാണ് മണിക്കൂറില്‍ 73.8 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ എലിവേറ്ററുകളിലൊന്നുള്ളത്.
മക്ക റോയല്‍ ക്ലോക്ക് ടവര്‍ -സൗദി അറേബ്യ
ലോകത്തിലെ നാലാമത്തെ ഉയരമുള്ള കെട്ടിടമാണിത്. 1,972 അടി ഉയരമുള്ള ഈ ടവര്‍ മക്കയുടെ തൊട്ടടുത്താണ്. അതിലെ ഭീമന്‍ ക്ലോക്ക് ഒരുപാട് മൈലുകള്‍ ദൂരെ നിന്ന് കാണാന്‍ സാധിക്കും. കൂടാതെ ഈ കെട്ടിടത്തില്‍ ഒരു ആഡംബര ഹോട്ടലും ഉള്‍പ്പെടുന്നു.
ലോട്ടെ വേള്‍ഡ് ടവര്‍ -ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിലെ ഉയരം കൂടിയ കെട്ടിടമാണിത്. ആഗോളതലത്തില്‍ ആറാമതാണ് ലോട്ടെ വേള്‍ഡ് ടവര്‍. 1,819 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അംബരചുംബിയില്‍ ഷോപ്പിങ്, വിനോദകേന്ദ്രങ്ങള്‍, നിരീക്ഷണ കേന്ദ്രം എന്നിവയെല്ലാമുണ്ട്.
വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ -യുഎസ്എ
1,776 അടി ഉയരത്തില്‍ നില്‍ക്കുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. യഥാര്‍ഥ വേള്‍ഡ് ട്രേഡ് സെന്ററിന്റെ സ്ഥാനത്ത് നിര്‍മിച്ച ഈ കെട്ടിടം ഒരു പ്രതീകവും അതോടൊപ്പം വ്യാപാരത്തിന്റേയും വിനോദസഞ്ചാരത്തിന്റേയും ഒരു പ്രധാന കേന്ദ്രവുമാണ്.
Content Highlights: Park Hyatt Kuala Lumpur: World's Highest Hotel Opens in Merdeka 118
Published: 25 Aug 2025, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented