മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരവും മത്സരങ്ങളുംതന്നെയാണ് 'ഉടുമ്പൻചോല വിഷന്റെ' അടിസ്ഥാനപ്രമേയം. മാത്യു തോമസ് അവതരിപ്പിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം.

നിരവധി വാർത്തകളിലൂടെയാണ് നാം അനുദിനം കടന്നുപോകാറുള്ളത്. രാഷ്ട്രീയവും കുറ്റകൃത്യവും തുടങ്ങി പലവിധ സംഭവങ്ങളാണ് വാർത്തകളായി നമുക്ക് മുന്നിലെത്താറുള്ളത്. മാധ്യമങ്ങളുടെ പശ്ചാത്തലത്തിലുള്ള സിനിമകളും നമ്മുടെ മുന്നിലൂടെ കടന്നുപോയിരിക്കുന്നു. അതിൽ അധികം വന്നിട്ടില്ലാത്ത ഏരിയയാണ് പ്രാദേശിക മാധ്യമപ്രവർത്തനം. ആ ഭാഗത്തേക്കാണ് സലാം ബുഖാരിയും സംഘവും ഉടുമ്പൻചോല വിഷൻ എന്ന പുത്തൻചിത്രവുമായി എത്തിയിരിക്കുന്നത്. അലൻ റോഡ്നിയാണ് തിരക്കഥ. എ ആൻഡ് ആർ മീഡിയ ലാബ്‌സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരവും മത്സരങ്ങളുംതന്നെയാണ് 'ഉടുമ്പൻചോല വിഷന്റെ' അടിസ്ഥാനപ്രമേയം. മാത്യു തോമസ് അവതരിപ്പിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം. ഉടുമ്പൻചോലയിൽ ഒരു ഫോട്ടോഗ്രാഫറുടെ സഹായിയാണ് മിഥുൻ. ഒരു പ്രത്യേക ഘട്ടത്തിൽ നാട്ടിലെ പ്രാദേശിക ചാനലായ ഉടുമ്പൻചോല വിഷൻ ന്യൂസ് മിഥുൻ ഏറ്റെടുക്കുകയാണ്. ഇതിനെത്തുടർന്ന് മിഥുന് നേരിടേണ്ടിവന്നത് അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിപ്പത്തിലുള്ള എതിരാളികളെയായിരുന്നു. ഇതിനിടയിൽ ഉടുമ്പൻചോല വിഷന്റെ ഉടമയായ അകാലത്തിൽ മരണത്തിന് കീഴടങ്ങിയ സക്കരിയ എന്ന യുവ മാധ്യമപ്രവർത്തകന്റെ കഥകൂടി മിഥുന്റെ മുന്നിലേക്കെത്തുന്നതോടെ ചിത്രം മറ്റൊരു വഴിത്തിരിവിലേക്കെത്തുന്നു.
മാധ്യമമേഖല ആസ്പദമാക്കി വന്നിട്ടുള്ള മുൻചിത്രങ്ങളിൽനിന്നെല്ലാം വേറിട്ട വഴിയാണ് ഉടുമ്പൻചോല വിഷനിലൂടെ സലാം ബുഖാരിയും സംഘവും തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാദേശിക മാധ്യമപ്രവർത്തകനായ മിഥുന്റെ കണ്ണിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഒന്നുമില്ലായ്മയിൽനിന്നുള്ള മിഥുൻ എന്ന ചെറുപ്പക്കാരന്റെ വളർച്ചയാണ് ചിത്രം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. മിഥുൻ തന്റെ കരിയറിൽ ഓരോ ചുവടുവെയ്ക്കുമ്പോഴും അയാൾക്കുമുന്നിലെ ശത്രുക്കളും നേരിടേണ്ട സംഭവങ്ങളും വലുതാകുന്നത് കാണാം. അതിനെ മറികടക്കാൻ അയാൾ കായികബലമാണോ ബുദ്ധിയാണോ ഉപയോഗിക്കുന്നത് എന്നതാണ് ചിത്രം പ്രേക്ഷകർക്കുമുന്നിൽ കാണിച്ചുതരുന്നത്.
നിരവധി താരങ്ങളുണ്ടെങ്കിലും എല്ലാവർക്കും വ്യക്തമായ ഇടം നൽകാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും അവരവരുടേതായ കർത്തവ്യമുണ്ട്. മിഥുൻ എന്ന വേഷം മാത്യു തോമസ് മികവുറ്റതാക്കിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽനിന്നു തികച്ചും വിഭിന്നനായ ഒരാളാണ് ഈ ചിത്രത്തിലെ മിഥുൻ. എതിരാളിയുടെ നീക്കങ്ങൾ കണ്ടറിഞ്ഞ് കളിക്കുന്ന, ധൈര്യശാലിയായ കഥാപാത്രം മാത്യുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. മാത്യു കരിയറിൽ ഇതുവരെ ചെയ്തതിൽ വ്യത്യസ്തമായ വേഷമായിരുന്നു ഇത്. പി.ഒ.വി എന്ന ക്യാമറാമാന്റെ വേഷത്തിൽ അഭിറാം രാധാകൃഷ്ണൻ തിളങ്ങി. തിയേറ്റർ വിട്ടിറങ്ങിയാലും മനസിനെ പിന്തുടരുന്ന വേഷമായിരുന്നു ശ്രീനാഥ് ഭാസിയുടേത്.
മിലിന്ദ് സോമൻ, സിദ്ദിഖ്, ദിലീഷ് പോത്തൻ, സുദേവ് നായർ, അശോകൻ, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായർ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദിഖ്, ഭഗത് മാനുവൽ, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
വിഷ്ണു തണ്ടാശ്ശേരി, രണദിവെ എന്നിവരുടെ ഗിമ്മിക്കുകളില്ലാത്ത ഛായാഗ്രഹണം സിനിമയ്ക്ക് മുതൽക്കൂട്ടാണ്. ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും കയ്യടിയർഹിക്കുന്നു. മലയാളത്തിന്റെ ഹിറ്റ്മേക്കർ അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി തന്റെ കന്നി സംവിധാനസംരംഭമെന്ന തോന്നലുണ്ടാക്കാതെയാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൈൻഡ്ഗെയിം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് 'ഉടുമ്പൻചോല വിഷൻ'.
Content Highlights: Udumbanchola Vision is a film focusing on regional journalism, exploring the power dynamics and challenges faced by a young media worker, Mithun, portrayed by Mathew Thomas.
Published: 23 Oct 2026, 02:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented